ജസീലയുടെ മരണം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നിർണായക തെളിവുകൾ

കാസർകോട്: നാൽത്തടുക്കയിലെ ജസീലയുടെ ആത്മഹത്യക്ക് ഭർത്താവുൾപ്പെടെയുള്ള ബന്ധുക്കൾക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. ജസീലയുടെ ശബ്ദസന്ദേശമാണ് ലഭിച്ചത്. ‘‘ഇനി പിടിച്ചുനിൽക്കാൻ പറ്റുന്നില്ല എനിക്ക്. എത്രതവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നറിയാമോ? മക്കളെ ഓർത്തിട്ടാണ് പിടിച്ചുനിന്നത്’’ എന്ന് ഭർത്താവിനും സുഹൃത്തുക്കൾക്കും നൽകിയ സന്ദേശത്തിൽ പറയുന്നു.

ഈ മാസം 15നാണ് ജസീലയെ എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20ന് ചികിത്സയിലിരിക്കെ മരിച്ചു. മോഷണക്കുറ്റം ആരോപിച്ചതിലെ കടുത്ത മാനസിക വിഷമംമൂലമാണ് 24 വയസ്സുകാരി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി.

ജസീലക്ക് നിരന്തര മാനസിക പീഡനം ഉണ്ടായതായി തെളിയിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ജസീല സുഹൃത്തുക്കൾക്ക് അയച്ച വാട്സ്ആപ് സന്ദേശത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഭർത്താവിന്റെയും ബന്ധുക്കളുടെയും ശല്യം സഹിക്കാൻ കഴിയാതെ പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ജസീല പറയുന്നു.

ആറും നാലും വയസ്സുള്ള കുട്ടികളാണ് ഇവർക്ക്. ജസീലയുടെ സഹോദരൻ ഉൾപ്പെടെയുള്ളവരിൽനിന്ന് പൊലീസ് മൊഴിയെടുത്തെങ്കിലും ആരോപണവിധേയരായവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഒമ്പതര പവൻ സ്വർണം നഷ്ടമായി എന്ന് പരാതി നൽകിയ ജസീലയുടെ സുഹൃത്ത് അഫ്രീദിന്റെ കുടുംബാംങ്ങൾ അടക്കമുള്ളവരെയാണ് ചോദ്യം ചെയ്യാനുള്ളത്. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

ജീവനൊടുക്കുന്നതിനു മുമ്പ് ജസീല ചിത്രീകരിച്ച വിഡിയോയിൽ പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥാണ് നിർദേശം നൽകിയത്.

Tags:    
News Summary - Jazeela's death; Crucial evidence against husband and relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 04:30 GMT