കഴിഞ്ഞവർഷം കടൽക്ഷോഭം നേരിട്ട ജില്ലയിലെ തീരപ്രദേശങ്ങളിലൊന്ന് (ഫയൽ ചിത്രം)
കാസർകോട്: വരാനിരിക്കുന്ന കാലവർഷം ഏറെ ഭയപ്പെടുത്തുന്നത് തീരവാസികളെയാണ്. കാലവർഷമെത്തിയാൽ ഇവരുടെ നെഞ്ചിടിപ്പ് തുടങ്ങുകയായി. വർഷങ്ങളായി കടലാക്രമണത്തിന്റെ ദുരിതംപേറാൻ വിധിക്കപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള കടലോരമക്കൾ. വീട് നഷ്ടപ്പെട്ടവർ, ജീവൻ നഷ്ടപ്പെട്ടവർ, തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ടവർ, സ്ഥലം നഷ്ടപ്പെട്ടവർ എന്നിങ്ങനെ വലിയ നഷ്ടങ്ങളുടെ കണക്കാണ് ഓരോ വർഷവും തീരദേശ ജനതക്കുണ്ടാകുന്നത്.
ഇതിന് ശാശ്വതമായ പരിഹാരം കാണാൻ വർഷങ്ങളായി തീരദേശജനത അധികൃതരെ കണ്ട് നിവേദനങ്ങൾ നൽകുന്നുണ്ട്. അതേസമയം, ഇക്കുറി കേന്ദ്രബജറ്റിൽ കടലാമ സംരക്ഷണത്തിനാണ് ബജറ്റിൽ തുക വകയിരുത്തിയത് എന്നതും ശ്രദ്ധേയമാണ്. തീരവാസികളെ കാണാതെയുള്ള കേന്ദ്ര ബജറ്റിനെതിരെ തീരവാസികൾ രോഷാകുലരാണ്.
ജനപ്രതിനിധികളെയടക്കം കണ്ടിട്ടും ശാസ്ത്രീയമായ പദ്ധതികളൊന്നും തീരദേശസംരക്ഷണത്തിനെത്തുന്നില്ല എന്നാണ് ആരോപണം. ജില്ല ഭരണകൂടവും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചുപോകുന്നുണ്ട്. എന്നാൽ, സമഗ്രമായ തീരസംരക്ഷണത്തിനായുള്ള ശാസ്ത്രീയപദ്ധതികളൊന്നും പ്രഖ്യാപിക്കാൻ സർക്കാറുകൾ തയാറാകുന്നില്ല എന്നതാണ് തീരദേശവാസികളുടെ ആക്ഷേപം.
കഴിഞ്ഞവർഷം ജില്ലയിൽ കടലാക്രമണം നേരിടാത്ത തീരപ്രദേശങ്ങളില്ല. മഞ്ചേശ്വരം മുതൽ വലിയപറമ്പ് വരെയുള്ള തീരപ്രദേശങ്ങൾ കടലെടുക്കുന്ന കാഴ്ചയാണ് കണ്ടത്. മഞ്ചേശ്വരം കണ്വതീർഥ, ഉപ്പളയിലെ വിവിധപ്രദേശങ്ങൾ, കുമ്പള കോയിപ്പാടി, മൊഗ്രാൽ നാങ്കി, കാവുഗോളി, ചേരങ്കൈ, കീഴൂർ, ചെമ്പരിക്ക, ഉദുമ, തൃക്കണ്ണാട്, കോട്ടിക്കുളം, അജാനൂർ, വലിയപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ നിരവധി വീടുകൾ, തോണികൾ, വലകൾ, തെങ്ങുകൾ, സ്ഥലങ്ങൾ, തീരദേശറോഡുകൾ എല്ലാം കടലെടുത്തിരുന്നു.
എല്ലാം കണ്ടുസഹിച്ച് കണ്ണീർവാർക്കാനേ തീരദേശവാസികൾക്കായുള്ളൂ. അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് അവർ റോഡിൽ കുത്തിയിരുന്നു. അധികൃതർ നൽകിയ ഉറപ്പും സന്ദർശനവും വെറുതെയായി. ഇറിഗേഷൻ-ഫിഷറീസ് വകുപ്പിന്റെ തട്ടിക്കൂട്ടിയുള്ള പദ്ധതികൾക്കൊന്നും കടലാക്രമണത്തെ ചെറുക്കാൻ കഴിയുന്നുമില്ല. അവർ വീണ്ടും പരീക്ഷിച്ച് പരാജയപ്പെട്ട ജിയോബാഗും കരിങ്കൽകൊണ്ടുള്ള ഭിത്തിയുമാണ് നിർമിക്കുമെന്ന് പറയുന്നത്.
ടെട്രോപോഡുകൾകൊണ്ടുള്ള ശാസ്ത്രീയമായ കടൽഭിത്തി നിർമിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇത് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതികൂടിയാണ്. എന്നാൽ, ഈ നിർദേശത്തോട് അധികൃതർ മുഖം തിരിച്ചുനിൽക്കുന്നതും തീരദേശവാസികൾക്കിടയിൽ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഇക്കുറിയെങ്കിലും കാലവർഷം തുടങ്ങുന്നതിനു മുന്നേ നടപടികൾ ആരംഭിക്കണമെന്നാണ് ഇവർക്ക് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.