കാസർകോട്: കാസർകാട് പുതിയ ബസ് സ്റ്റാൻഡിന് എതിർവശം സ്മാർട്ട് ബസാറിന് സമീപത്തായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തുടരുന്നു. ഒരുമാസത്തിലധികമായി ഇങ്ങനെ കുടിവെള്ളം റോഡിലൊഴുകി നശിക്കുകയാണ്. ഇതുസംബന്ധിച്ച വാർത്ത ഏപ്രിൽ എട്ടിന് ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, ഇതുവരെയായിട്ടും നടപടിയുണ്ടായില്ലെന്നു മാത്രമല്ല വാട്ടർ അതോറിറ്റി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല. നഗരത്തിൽ പല സ്ഥലങ്ങളിലും ഇങ്ങനെ വേനൽക്കാലത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ടെങ്കിലും അറിയിപ്പ് കിട്ടിയാലും വാട്ടർ അതോറിറ്റി അധികൃതർ തിരിഞ്ഞുനോക്കാറില്ല എന്നാണ് വ്യാപാരികളടക്കം പറയുന്നത്.
ദേശീയപാത മേൽപാലത്തിന്റെ പണി നടക്കുന്നവേളയിൽ അതോടനുബന്ധിച്ചുള്ള സർവിസ് റോഡ് നിർമാണത്തിനിടെയാണ് പൈപ്പ് പൊട്ടിയതും വെള്ളം ഒഴുകാൻ തുടങ്ങിയതും. വേനൽക്കാലത്ത് ഒരുതുള്ളി വെള്ളം കിട്ടാതെ ജനങ്ങൾ പരക്കംപായുന്ന ഘട്ടത്തിലാണ് ഈ അനാസ്ഥ.
ഇതുസംബന്ധിച്ച് ദേശീയപാത നിർമാണ കമ്പനിയായ ഊരാളുങ്കൽ അധികൃതരെ ബന്ധപ്പെട്ടപ്പോൾ വാട്ടർ അതോറിറ്റിയെ ഇക്കാര്യമറിയിച്ചിട്ടുണ്ടെന്നും അവരാണ് അത് ഓഫ് ചെയ്യേണ്ടതെന്നും അത് പറ്റാത്തതുകൊണ്ടാണ് വെള്ളം ഒഴുകിപ്പോകുന്നതെന്നും വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു. അതേസമയം, നിർമാണ കമ്പനിക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും വെള്ളം പാഴാകുന്നത് ശ്രദ്ധയിൽപെട്ടില്ലെന്നും പെട്ടെന്നുതന്നെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുമെന്നും വാട്ടർ അതോറിറ്റിയും അറിയിച്ചിരുന്നു.
എന്നാൽ, ഇതുവരെയും വെള്ളം പാഴാകുന്നതിൽ ഒരു നടപടിയുമെടുത്തിട്ടില്ല. ഇങ്ങനെ വെള്ളമൊഴുകുന്നത് കൊണ്ടുതന്നെ കാൽനടക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും വളരെ ബുദ്ധിമുട്ടാണ്. ഇവിടെ ഗതാഗതക്കുരുക്കുണ്ടാകുന്നതും നിത്യസംഭവമായി മാറുന്നുമുണ്ട്. ശാശ്വത പരിഹാരത്തിന് ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നാണ് ഇവിടത്തെ വ്യാപാരികളുടേയും മറ്റും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.