നീലേശ്വരം: കെട്ടിടം നിർമിക്കാൻ ഭൂമി അനുവദിച്ചിട്ടും ഇപ്പോഴും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ് വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള നീലേശ്വരം കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ്. നീലേശ്വരം ചിറപ്പുറം ആലിൻകീഴിൽ റോഡരികിൽ സ്വന്തമായി കെട്ടിടം നിർമിക്കാൻ റവന്യൂഭൂമി അനുവദിച്ചിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും വകുപ്പിന്റെ ഭാഗത്തുനിന്ന് തുടർനടപടിയുണ്ടായില്ല എന്നാണ് ആരോപണം.
സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം കെ.എസ്.ഇ.ബി ലിമിറ്റഡിന് വർഷങ്ങൾക്കുമുമ്പ് കൈമാറിയിരുന്നു. എന്നിട്ടും അനുവദിച്ച ഭൂമിയുടെ അതിരുകെട്ടി ഭൂമി സംരക്ഷിക്കാനോ ഓഫിസ് കെട്ടിടം നിർമിക്കാനോ കെ.എസ്.ഇ.ബി അധികൃതർ ഒരു താൽപര്യവും കാണിക്കുന്നില്ല.
സ്ഥലം ഇപ്പോൾ കാടുമൂടിക്കിടക്കുകയാണ്. നിലവിൽ വാടകയിനത്തിൽ മാത്രം നീലേശ്വരം കെ.എസ്.ഇ.ബി കോടികൾ ചെലവഴിച്ചുകഴിഞ്ഞു. നീലേശ്വരത്ത് സെക്ഷൻ ഓഫിസ് പ്രവർത്തനം ആരംഭിച്ചതുമുതൽ തട്ടാച്ചേരി റോഡ് ജങ്ഷനിലെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. തുടർന്ന് ഓഫിസ് സ്ഥലപരിമിതി പരിഗണിച്ച് ഇപ്പോൾ പേരോൽ വില്ലേജിലെ ചിറപ്പുറം ആലിൻകീഴിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
മുമ്പ് നീലേശ്വരം ടൗണിനോടുചേർന്ന് ഓഫിസ് പ്രവർത്തിച്ചതിനാൻ ഉപഭോക്താക്കൾക്ക് എളുപ്പമായിരുന്നു. എന്നാൽ, ഇപ്പോൾ പ്രവർത്തിക്കുന്ന ആലിൻകീഴിലെ ഓഫിസിലെത്തണമെങ്കിൽ ഓട്ടോ ചാർജ് 100 രൂപ കണ്ടെത്തണം. നഗരത്തിൽനിന്ന് അഞ്ചു കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്. മറ്റു സർക്കാർ വകുപ്പുകൾ സ്ഥലംകിട്ടാതെ പ്രയാസപ്പെടുമ്പോഴാണ് ഭൂമി ലഭിച്ചിട്ടും നീലേശ്വരം കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് കെട്ടിടം നിർമിക്കാൻ അധികൃതർ തയാറാകാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.