കാസർകോട്: ഉജര്‍ ഉള്‍വാറില്‍ ഭൂമി കൈമാറ്റം പൂര്‍ണമായും ഡിജിറ്റലായി. ഓണ്‍ലൈനില്‍ ആദ്യ ആധാരം രജിസ്ട്രേഷനും പോക്കുവരവും നടത്തി. രാജ്യത്ത് ആദ്യമായാണ് ഒരു വില്ലേജില്‍ ഭൂമി കൈമാറ്റം പൂര്‍ണമായി ഡിജിറ്റലാവുന്നത്. വിവിധ ഓഫിസുകള്‍ സന്ദര്‍ശിക്കാതെ തന്നെ ഭൂമി ഇടപാടുകളില്‍ കാര്യക്ഷമതയും വേഗതയും വർധിക്കുന്നതിന് പോര്‍ട്ടല്‍ സഹായകരമാണ്. റവന്യൂ, സര്‍വേ, രജിസ്ട്രേഷന് വകുപ്പുകള്‍ സംയുക്തമായി തയാറാക്കിയ എന്റെ ഭൂമി പോര്‍ട്ടലിലൂടെയാണ് ഭൂമികൈമാറ്റം ഓണ്‍ലൈനായി നടത്തിയത്.
സമ്പൂർണ ഡിജിറ്റല്‍ സർവേ രാജ്യത്ത് ആദ്യമായി പൂര്‍ത്തീകരിച്ച വില്ലേജാണ് ഉജര്‍ ഉള്‍വാര്‍. ഓണ്‍ലൈനില്‍ അപേക്ഷ നല്കിയാല് എല്ലാം ഓണ്‍ലൈനില്‍ തന്നെ ലഭിക്കുന്ന രാജ്യത്തെ ആദ്യ വില്ലേജ് ആയി കാസര്‍കോട് ജില്ലയിലെ ഉജര്ഉള്വാര് മാറി. വില്ലേജിലെ കിദൂര്‍ കൊറത്തില വീട്ടില്‍ അബ്ദുറഹ്മാന്റെ മകന് കെ.എ. യൂസഫ് ആണ് ആദ്യമായി ഓണ്‍ലൈനായി ഭൂമി കൈമാറ്റം നടത്തിയത്. കിദൂര്‍ പൂക്കാട്ട് ബാപ്പുഞ്ഞിയില് നിന്നാണ് 6.17 ആര് ഭൂമി യൂസഫ് വിലക്കുവാങ്ങിയത്.
ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി ഭൂമിയുടെ സ്കെച്ച് ആദ്യംതന്നെ തയാറാക്കിയിട്ടുണ്ട്. രജിസ്ട്രേഷന് വകുപ്പിന്റെ ആധാരം രജിസ്ട്രേഷന് നടപടികളും ഓണ്‍ലൈനില്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് വില്ലേജ് ഓഫിസില്‍നിന്ന് ഓണ്‍ലൈനായി പോക്കുവരവ് നടത്തി. പോക്കുവരവ് പൂര്‍ത്തീകരിക്കുന്നതോടെ പുതിയ ഉടമക്ക് ഭൂമിയുടെ പുതിയ സ്കെച്ച് ഓണ്‍ലൈനില്‍ അപ്ഡേറ്റ് ആയി ലഭിക്കുന്നതാണ് മറ്റൊരു സവിശേഷത. ആധാരം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സ്കെച്ച് കൂടി അപ് ലോഡ് ചെയ്യുന്നുണ്ട്. തുടര്‍ന്ന് പോക്കുവരവ് നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ പുതിയ സ്കെച്ച് പുതിയ ഉടമയുടെ പേരില്‍ ലഭ്യമാകുന്നു.
രാജ്യശ്രദ്ധ നേടിയ ഈ നേട്ടം കൈവരിക്കുന്നതിന് നേതൃത്വം നല്കിയ സര്‍വേ വകുപ്പ് ഡയറക്ടര്‍ സാംബശിവറാവു, രജിസ്ട്രേഷന് വകുപ്പ് ഐ.ജി ശ്രീധന്യ എന്നിവർക്ക് കലക്ടര്‍ കെ. ഇമ്പശേഖര്‍ നന്ദി അറിയിച്ചു. ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍, സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍, സര്‍വെയര്‍മാര്‍, രജിസ്ട്രേഷന് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, നാഷനൽ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ എന്‍.ഐ.സി ഉദ്യോഗസ്ഥര്‍, ആധാരം എഴുത്തുകാര്‍ എന്നിവരോടും കലക്ടര്‍ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.