തെ​രു​വു​നാ​ട​ക മ​ത്സ​ര​ത്തി​ൽ​ നി​ന്ന്

അസഹിഷ്ണുത, പൗരത്വം, ഹിജാബ്...; വിദ്വേഷ രാഷ്ട്രീയത്തിനുനേരെ ചോദ്യശരമെയ്ത് തെരുവുനാടകങ്ങൾ

കാസർകോട്: ഫാഷിസത്തിന്‍റെ സംഹാരക്രിയയിൽ തകരുന്ന നാടിനെ തുറന്നുകാണിച്ച് തെരുവുനാടകങ്ങൾ. അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരായ കൂച്ചുവിലങ്ങ്, ഇഷ്ടഭക്ഷണവും വസ്ത്രവും ധരിക്കുന്നവർക്കെതിരായ ആൾക്കൂട്ടാക്രമണങ്ങൾ, പ്രതികരിക്കുന്നവർക്കുനേരെ രാജ്യദ്രോഹിയെന്ന ചാപ്പകുത്തൽ, തിരിച്ചറിയൽ കാർഡില്ലെങ്കിൽ രാജ്യത്തുനിന്ന് പുറത്താക്കിക്കോളൂവെന്ന ആക്രോശം, എഴുത്തുകാരുടെയും സമൂഹിക പ്രവർത്തകരുടെയും നെഞ്ചിൽ കഠാരയിറക്കൽ തുടങ്ങി കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ചെയ്തികളാണ് തെരുവുനാടകങ്ങളിലൂടെ പുനരാവിഷ്കരിച്ചത്.

കണ്ണൂർ സർവകലാശാല കലോത്സവത്തിന്‍റെ സമാപനദിവസം കാസർകോട് പുതിയ ബസ്സ്റ്റാൻഡിലാണ് തെരുവുനാടകയരങ്ങേറ്റം. കലോത്സവത്തിന്‍റെ വേദി എട്ട് കൂടിയായിരുന്നു പുതിയ ബസ്സ്റ്റാൻഡ്. ത്രിശൂലവുമേന്തി തലങ്ങും വിലങ്ങും ഓടുന്ന ആക്രമികൾ, ഇഷ്ടമില്ലാത്തവരെയെല്ലാം വകവരുത്തുന്ന ആൾക്കൂട്ടം, മതത്തിന്‍റെ പേരിൽ തമ്മിലടിപ്പിച്ച് അധികാരചക്രം തിരിച്ചു സുഖിക്കുന്നവർ തുടങ്ങിയവരെല്ലാം വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ അരങ്ങിലെത്തിച്ചു.

പെൺകുട്ടിയെ പിച്ചിച്ചീന്തുന്നവരും ചതിക്കുഴിലാക്കുന്നവരും ഇതിവൃത്തമായി. ഫാഷിസം താണ്ഡവമാടുമ്പോഴും പ്രതികരണമെല്ലാം സാമൂഹിക മാധ്യമങ്ങളിലിരുന്ന് മാത്രം നടത്തുന്നവരെ കണക്കറ്റ് പരിഹസിക്കുകയാണ് ചിലർ.

ലോകനാടകദിനത്തിലാണ് ശക്തമായ ഉള്ളടക്കവുമായി തെരുവുനാടകങ്ങൾ കലോത്സവഭാഗമായി അരങ്ങേറിയതെന്നത് യാദൃച്ഛികം. ഒരുകാലത്ത് തെരുവ് അടക്കിവാണ നാടകങ്ങളുടെ തിരിച്ചുവരവിന് നൂറുകണക്കിനുപേർ കാഴ്ചക്കാരായി.

Tags:    
News Summary - Street plays questioning the politics of hatred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.