കല്ലങ്കൈയിൽ ദേശീയപാതക്ക് ഭീഷണിയായി നിൽക്കുന്ന എ.എൽ.പി സ്കൂളിലെ പഴയ കെട്ടിടം
മൊഗ്രാൽ: സർവിസ് റോഡ് നിർമാണം നടക്കുന്നതോടെ സമീപത്തെ കല്ലങ്കൈ എ.എൽ.പി സ്കൂൾ കെട്ടിടം തകർന്നേക്കുമെന്ന് ആശങ്ക. ദേശീയപാതയിലേക്ക് തകർന്നുവീണേക്കാമെന്ന നിലയിലുള്ള സ്കൂൾ കെട്ടിടം പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ദേശീയപാതയുടെ സർവിസ് റോഡിന് അരികിൽ നിർമിക്കുന്ന നടപ്പാതക്കുവേണ്ടി നിർമാണ കമ്പനി അധികൃതർ മണ്ണെടുത്തപ്പോൾ ഈ ഭാഗത്ത് മണ്ണിടിഞ്ഞതാണ് നിലവിലെ അപകട ഭീഷണിക്ക് കാരണം.
കെട്ടിടത്തിന് തകർച്ചഭീഷണി നിലനിൽക്കുന്നതിനാൽ അൺഫിറ്റായി മാറ്റിയിരുന്നു. നേരത്തെ തന്നെ ക്ലാസുകൾ നടത്താതെ സ്കൂൾ കെട്ടിടം ഒഴിച്ചിട്ടതാണ്. പകരം പുതിയ കെട്ടിടം വന്നെങ്കിലും പഴയ ഓടുമേഞ്ഞ കെട്ടിടം അവിടെത്തന്നെ നിലനിൽക്കുന്നത് ഇപ്പോൾ ഭീഷണിയായി മാറി. സ്കൂൾ കുട്ടികളൊക്കെ കളിക്കുന്നത് ഈ കെട്ടിടത്തിന് സമീപത്തായതിനാൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ ആശങ്കയുമുണ്ട്. 300ൽ പരം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.
ദേശീയപാത സർവിസ് റോഡിന് മുകളിലായിട്ടാണ് സ്കൂൾ കെട്ടിടം. കെട്ടിടം വലിയ അപകട ഭീഷണിയിലാണെന്ന് കണ്ടാൽതന്നെ മനസ്സിലാകും. ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ സ്കൂൾ കെട്ടിടം നിലം പതിക്കുമെന്ന കാര്യത്തിൽ നാട്ടുകാർക്കും സംശയമില്ല.
കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നില്ല എന്നതുമാത്രമാണ് ആശ്വാസം. എന്നാൽ, ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളത് ദേശീയപാതയിലേക്കാണ് എന്നത് നാട്ടുകാർക്കിടയിലും യാത്രക്കാർക്കിടയിലും വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ബസുകൾ അടക്കം ദിവസേന 100 കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.