ശിൽപി കാനായി കുഞ്ഞിരാമൻ ജില്ല പഞ്ചായത്ത് ആസ്ഥാനത്ത് നിർമിക്കുന്ന ‘അമ്മയും കുഞ്ഞും’ ശിൽപത്തിനരികെ

‘അമ്മയും കുഞ്ഞും' ശിൽപം പൂർത്തിയാകുന്നു

കാസർകോട്: വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ജില്ല പഞ്ചായത്ത് ആസ്ഥാനത്ത് നിർമിക്കുന്ന ‘അമ്മയും കുഞ്ഞും’ ശിൽപം പൂർത്തിയാകുന്നു. പ്രായാധിക്യം മറന്ന് ശിൽപി നേരിട്ടെത്തിയാണ് ശിൽപിത്തിന്റെ അവസാനഘട്ട മിനുക്കുപണികൾക്ക് നേതൃത്വം നൽകുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ അതിജീവനത്തിന്റെയും വേദനയുടെയും പ്രതീകമായി ജില്ല പഞ്ചായത്ത് വിഭാവനം ചെയ്ത ഈ ചരിത്രസ്മാരകം, പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൂർണമാകുന്നത്.

കഴിഞ്ഞ ഏപ്രിലിലുണ്ടായ വീഴ്ചയെത്തുടർന്ന് മാസങ്ങളോളം ചികിത്സയിലായിരുന്ന കാനായി, ഭാര്യ നളിനിയുടെ പിന്തുണയോടെയാണ് 40 അടി ഉയരമുള്ള കോൺക്രീറ്റ് ശിൽപത്തിന്റെ ഓരോ ചലനവും വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികൾ നിലവിൽ ശിൽപത്തിന്റെ ഉപരിതല ജോലികളിൽ വ്യാപൃതരാണ്. ജില്ല പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പറഞ്ഞു.

പലവിധ കാരണങ്ങളാൽ ശിൽപത്തിന്റെ നിർമാണം ഇടക്കാലത്ത് നിലച്ചുപോയെങ്കിലും, എത്രയും വേഗം പണികൾ പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് ഇപ്പോഴത്തെ ഭരണസമിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും മാസങ്ങൾക്കുള്ളിൽ തന്നെ നിർമാണം പൂർത്തിയാക്കി ശിൽപം ജനങ്ങൾക്കായി തുറന്നുനൽകാനാണ് ജില്ല പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

കാസർകോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഈ ശിൽപം വലിയൊരു അടയാളപ്പെടുത്തലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - The 'Mother and Child' sculpture is being completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.