പുനരധിവാസ കേന്ദ്രത്തിലെ കടയുടെ മുന്നിലുള്ള മലിനജലം

തുറന്നുകൊടുത്തത് മലിനജലത്തിന് മുന്നിലേക്ക്; ദുരിതത്തിലായി കടയുടമ

കാസർകോട്: പുതിയ ബസ് സ്റ്റാൻഡിൽ വഴിയോര കച്ചവടക്കാർക്കുവേണ്ടി ഒരുക്കിയ മാർക്കറ്റ് തുറന്നത് മലിനജലത്തിന് മുന്നിലേക്കെന്ന് ആക്ഷേപം. കാസർകോട് നഗരസഭയുടെ കീഴിലുള്ളതാണ് തെരുവോര കച്ചവടക്കാർക്കുള്ള ഈ പുനരധിവാസകേന്ദ്രം.

ആഗസ്റ്റ് എട്ടിന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. കുറെ വർഷങ്ങളായുള്ള ഈ പുനരധിവാസകേന്ദ്രം തുറന്നുകൊടുക്കാത്തത് സംബന്ധിച്ച് നിരവധി തവണ മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

സാ​ങ്കേതിക കാരണങ്ങളാണ് അന്നൊക്കെ തുറക്കാത്തതിന് ന്യായീകരണം പറഞ്ഞത്. എന്നാൽ, ഇപ്പോൾ തുറന്ന് കുറച്ച് ദിവസങ്ങൾക്കകം മലിനജലം ചില കടകൾക്ക് മുന്നിലേക്ക് ഒഴുകിയെത്തുകയാണെന്നാണ് ആക്ഷേപം.

ഇത് കടയുടമകൾക്ക് വലിയ ദുരിതമാണുണ്ടാക്കുന്നത്. പുതിയ ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി ബസ് നിർത്തിയിടുന്ന സ്ഥലങ്ങളിൽ ഇന്റർലോക്ക് പതിച്ചിട്ടുണ്ട്. അതേസമയം, ഇപ്പോഴുള്ള പുനരധിവാസകേന്ദ്രത്തിന്റെ മുന്നിൽ മഴ പെയ്തതോടുകൂടി ചളി നിറഞ്ഞ് നടന്നുപോകാൻ കഴിയാത്ത വിധമാണുള്ളത്. ഇവിടെ കാലികൾ മേഞ്ഞ് ചാണകമിട്ടും മറ്റും മലിനമായിരിക്കുകയാണ്.

ഇവിടേക്കുകൂടി ഇന്റർലോക്ക് പതിക്കുകയാണെങ്കിൽ ഇവിടെയുള്ള ഹോട്ടലുകളിലേക്ക് വരുന്നവർക്കും പുനരധിവാസകേന്ദ്രത്തി​ലുള്ള കടയുടമകൾക്കും ഒരനുഗ്രഹമാകും. ചളി നിറഞ്ഞതുകൊണ്ടുതന്നെ ജനങ്ങൾ ഇവിടേക്ക് വരാൻ മടിക്കുകയാണെന്നും കടക്കാർ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും കടയുടമ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - shop owner distress due to sewage issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.