കുമ്പള: ഈ വർഷത്തെ കാലവർഷ സമയത്തും തീരദേശവാസികൾക്ക് ആശങ്കയോടെ കഴിഞ്ഞുകൂടേണ്ടിവരും. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ശക്തമായ കാറ്റും മഴയും കടലിനെ പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്. മഞ്ചേശ്വരം മുതൽ വലിയപറമ്പ് വരെയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ വർഷങ്ങളായി കടലാക്രമണത്തിന്റെ ദുരിതത്തിൽ കഴിയുന്നവരാണ്.
കടലേറ്റം തടയാനുള്ള ഇറിഗേഷൻ- ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾക്കൊന്നും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ജില്ലയിലെ തീരപ്രദേശങ്ങളിൽ വലിയ തോതിലുള്ള കടൽക്ഷോഭമാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ ഓരോ കാലവർഷ സമയത്തും തീരദേശവാസികൾ നെഞ്ചിടിപ്പോടെയാണ് കഴിയുന്നത്. മുൻകാലങ്ങളിൽ നിർമിച്ച കടൽ ഭിത്തികൾ തീരസംരക്ഷണത്തിന് ഉതകുന്നതല്ലെന്ന് തീരദേശവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് ശാസ്ത്രീയ പദ്ധതികളാണ് ആവശ്യമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ ജില്ലയിൽ നിരവധി വീടുകളും തീരങ്ങളും തെങ്ങുകളും കടലെടുത്തു. ‘ടെട്രാപോഡുകൾ’ ഉപയോഗപ്പെടുത്തി തീരസംരക്ഷണ പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് മൊഗ്രാൽ ദേശീയവേദി നിവേദനം സമർപ്പിച്ചിരുന്നു. ഈ ആവശ്യം സർക്കാറിന്റെ പരിഗണനയിലാണെന്ന് ഇറിഗേഷൻ ഡിപ്പാർട്മെന്റ് അധികൃതർ പറയുന്നുമുണ്ട്. എന്നാൽ, പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസമാണ് തീരദേശവാസികളെ ആശങ്കയിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.