കാസർകോട്: വിദ്യാലയങ്ങളിൽ പഠനം പുനരാരംഭിച്ചതോടെ നഗരങ്ങളിലും നാട്ടുവഴികളിലും തിരക്കേറി. ബസുകളിൽ യാത്രാതിരക്ക് വർധിച്ചു. സ്കൂൾ തുറന്ന് രണ്ടാം ദിവസം തന്നെ ബസ് സ്റ്റോപ്പുകളിൽ നിറയെ യാത്രക്കാർ കാത്തിരിപ്പുണ്ടായിരുന്നു. സ്വകാര്യ ബസുകൾ രാവിലെ മുതൽ തിങ്ങിനിറഞ്ഞായിരുന്നു യാത്ര. ബസ് പാസ് അനുവദിക്കുന്നതോടെ കുട്ടികളുടെ തിരക്ക് വർധിക്കും.
വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് കെ.എസ്.ആർ.ടി.സി രണ്ട് ബസുകൾ അധികമായി ഇറക്കിയിട്ടുണ്ട്. 62 ബസുകളാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. കോവിഡിനുമുമ്പ് 86 ബസുകളാണ് ഇറക്കിയത്. സ്കൂളുകൾ തുറന്നതിെൻറ ഭാഗമായി ജനങ്ങൾ കൂടുതൽ പുറത്തേക്കിറങ്ങിയാൽ കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഇപ്പോൾ പ്രതിദിന വരുമാനം പത്ത് ലക്ഷം രൂപ കവിഞ്ഞു. 15 ലക്ഷമാണ് ലക്ഷ്യം. കേരളത്തിൽ സ്കൂൾ തുറന്ന ദിവസം കർണാടകയിൽ അവധിയായിരുന്നതിനാൽ വരുമാനത്തിൽ നേരിയ കുറവുണ്ട്. ഇത് വർധിക്കുമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ പറഞ്ഞു.
സ്വകാര്യ ബസുകളിൽ 20 ശതമാനം ഇപ്പോഴും സർവിസിനു പുറത്താണ്. ഇവർ ജി-ഫോം പിൻവലിക്കാൻ തയാറായിട്ടില്ല. പഴയ ബസുകൾ പലതും ഒന്നര വർഷമായി റോഡിലില്ല. ഇവയുടെ അറ്റകുറ്റപ്പണിയും റൂട്ടുകളിൽ വരുമാനമില്ലാത്തതും ഉടമകൾക്ക് വലിയ ബാധ്യത വരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. രാവിലെയും വൈകീട്ടുമാണ് തിരക്ക് ഏറെയുള്ളത്. രക്ഷിതാക്കൾ തന്നെ കുട്ടികളെ നേരിട്ട് സ്കൂളിലെത്തിക്കുന്നുമുണ്ട്. ഓട്ടോറിക്ഷകളിൽ രണ്ടുകുട്ടികളെ മാത്രമേ കയറ്റാൻ പാടുള്ളൂവെന്നത് രക്ഷിതാക്കൾക്ക് വലിയ ഭാരം സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.