ബദിയടുക്ക: ബദിയടുക്കയിലെ ശനിയാഴ്ച നടക്കുന്ന ചന്ത തുളുനാടിന്റെ ഉത്സവമായിട്ടാണ് ജനങ്ങൾ ഏറ്റടുക്കുന്നത്. ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡിനും പൊലീസ് സ്റ്റേഷനും അടുത്തായി നടത്തിവരുന്ന ചന്ത ടൗണിന്റെ ആഘോഷമായി മാറുകയാണ്. ബദിയടുക്ക, കുമ്പഡാജെ, പുത്തിഗെ, എൻമകജെ പഞ്ചായത്തുകളിൽനിന്ന് ഒട്ടേറെപ്പേർ എത്തുന്ന ചന്തയാണ് ബദിയടുക്കയിൽ നടക്കുന്നത്. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കർണാടകയിലെ പുത്തൂർ, വിട്ള, ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള തെരുവുകച്ചവടക്കാരും കർഷകർ നേരിട്ടെത്തിയും ഇവിടെ കച്ചവടം ചെയ്യുകയാണ്. വിശേഷദിവസങ്ങളിൽ 100ലേറെ സ്റ്റാളുകൾ ചന്തയിലൊരുക്കുന്നുണ്ട്.
പഞ്ചായത്ത് ചന്തക്കുവേണ്ടി ഷെഡും പണിതിട്ടുണ്ട്. ഷെഡിലും സമീപത്തും റോഡിന് ഇരുവശത്തുമായാണ് സ്റ്റാളുകളിട്ടിരിക്കുന്നത്. പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പഴങ്ങൾ, വസ്ത്രങ്ങൾ, മത്സ്യങ്ങൾ, നാടൻകോഴികൾ, ചെടികൾ, കളിക്കോപ്പുകൾ, ഫാൻസി സാധനങ്ങൾ, പണിയായുധങ്ങൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. 20 വർഷം മുമ്പാണ് ഇവിടെ ചന്ത തുടങ്ങിയത്. ഇപ്പോൾ സ്റ്റാളുകൾ ഒരുക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണുള്ളത്. സ്ഥലപരിമിതി കാരണം തിങ്ങിനിറഞ്ഞാണ് സ്റ്റാളുകൾ സ്ഥാപിക്കുന്നത്.
ബദിയടുക്ക-കുമ്പള റോഡിന്റെ ഇരുവശമാണ് ചന്ത കെട്ടിടം. വർഷംതോറും ലക്ഷം രൂപക്ക് ലേലം വിളിച്ചാണ് ശനിയാഴ്ചച്ചന്ത നടത്തുന്നത്. നല്ല വരുമാനമാണ് ചന്തയിൽനിന്ന് പഞ്ചായത്തിന് ലഭിക്കുന്നത്. വിവിധ ദിവസങ്ങളിൽ പല പഞ്ചായത്തുകളിലും ചന്ത നടത്തുന്നുണ്ടെങ്കിലും തിരക്കുള്ളതും കൂടുതൽ സ്റ്റാളുകളുള്ളതുമായ ചന്ത ഇവിടെ മാത്രമാണെന്ന് ചന്തക്കെത്തുന്ന വ്യാപരികൾ പറയുന്നു. ആദ്യം ചന്ത തുടങ്ങുന്നഘട്ടത്തിൽ വ്യാപാരികളുടെ ഭാഗത്തുനിന്ന് എതിരഭിപ്രായം ഉണ്ടായിരുന്നു. അതിന് കുടപിടിക്കുന്ന സമീപനമായിരുന്നു അന്നത്തെ പഞ്ചായത്ത് ഭരണസമിതി കൈക്കൊണ്ടത്. എന്നാൽ, നാട്ടിലെ പൊതുപ്രവർത്തകർ ടൗണിൽ ചന്ത നടക്കണമെന്ന നിലപാടുമായി മുന്നോട്ടുപോയി.
പിന്നീട് ഇതിനുവേണ്ടി ഹൈകോടതിവരെ പോവുകയും ബദിയടുക്കയിലെ ചന്ത നിലനിർത്തുകയുമായിരുന്നു. പിന്നീട് പഞ്ചായത്ത് ഭരണസമിതി കെട്ടിടമൊരുക്കുകയും ഇപ്പോൾ പഞ്ചായത്തിനുതന്നെ നല്ല വരുമാനം ലഭിക്കുന്ന സംരംഭവുമായി മാറി. രാവിലെ എത്തുന്ന ചന്ത സ്റ്റാളുകൾ രാത്രിവരെ നീളും. അവശ്യസാധനങ്ങൾ തേടി എവിടെയും പോകാതെ ചന്തയിൽതന്നെ കിട്ടുന്നത് ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ്. ഈ ചന്തയെ ഇവിടെനിന്ന് മാറ്റാനുള്ള അണിയറപ്രവർത്തനം നടക്കുന്നുണ്ടെന്നാണ് ജനങ്ങളുടെ ആരോപണം. ഇപ്പോഴും നടക്കുന്നതായി പറയുന്നു. ആഴ്ചച്ചന്തക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് പരാതിനൽകിയും കച്ചവടക്കാരെ ദ്രോഹിക്കാനുള്ള ശ്രമം ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായും പരാതിയുണ്ട്. അതേസമയം, ചന്തയിൽ എത്തുന്നവർക്ക് വിലക്കുറവുകളെ കുറിച്ച് ബോധ്യമുള്ളതിനാൽ തെറ്റായ പ്രചാരണങ്ങളെ ആരും മുഖവിലക്കെടുക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.