കാക്കടവിൽ നിന്നുള്ള തേജസ്വിനി പുഴയുടെ ദൃശ്യം

നിന്നുപെയ്ത് മഴ; പുഴകൾ കരകവിഞ്ഞു, ആശങ്ക

കാസർകോട്: തോരാതെ പെയ്യുന്ന മഴയിൽ ജില്ലയിലെ പുഴകൾ കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയും പിന്നിട്ടതോടെ തീരങ്ങളിൽ ആശങ്കയുടെ പെരുമഴ. കാലവർഷത്തിന് ശമനമൊന്നുമില്ലാത്തതിനാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്ന നിലക്ക് എല്ലാ സൗകര്യവും അധികൃതർ ഒരുക്കി. മഞ്ചേശ്വരം, ഉപ്പള, ഷിറിയ, മൊഗ്രാൽ പുഴകളിലെ ജലനിരപ്പാണ് അപകടകരമായ നിലയിലേക്ക് ഉയർന്നത്. ചന്ദ്രഗിരി, നീലേശ്വരം, കരിയങ്കോട് പുഴകളിലെ ജലനിരപ്പും ഉയരുകയാണ്.

തേജസ്വിനി പുഴ കരകവിഞ്ഞ് ഇരു കരകളിലുമുള്ളവർ ജാഗ്രതയിലാണ്. കാക്കടവ്, മുക്കട, കാര്യങ്കോട്, മയിച്ച, വെള്ളാട്ട്, പൂരക്കടവ്, പൊതാവൂർ, അണ്ടോൾ, കയ്യൂർ, വെങ്ങാട്ട് പ്രദേശങ്ങളിലുള്ളവരാണ് ജാഗ്രതയോടെ കഴിയുന്നത്. നിലവിൽ പുഴനിറഞ്ഞ് വെള്ളം ഇരു ഭാഗങ്ങളിലേക്കും ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. മലവെള്ളത്തിൽ ഒഴുകിയെത്തുന്ന കൂറ്റൻ മരങ്ങൾ പ്രദേശത്തെ വീടുകൾക്ക് ഭീഷണി ഉയർത്തുന്നു. കുത്തൊഴുക്കിൽ തെങ്ങുകളടക്കം നിരവധി മരങ്ങൾ കടപുഴകി. വ്യാപകമായ കൃഷി നാശവും വരുത്തി. കരകളിടിഞ്ഞത് നിരവധി വീടുകൾക്കും അപകട ഭീഷണി ഉയർത്തുന്നുണ്ട്. നിലവിൽ വീടുമാറേണ്ട അവസ്ഥയില്ലെങ്കിലും മഴ കനത്താൽ മാറ്റിപ്പാർപ്പിക്കേണ്ടയിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഷിറിയ പുഴ കരകവിഞ്ഞതിനെത്തുടർന്ന് പുഴയോര പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. പുത്തിഗെ പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളും മംഗൽപാടി പഞ്ചായത്തിലെ കളായി, ഹേരൂർ വയൽ തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളപ്പൊക്കം.

ബംബ്രാണ വയലിലേക്ക് വെള്ളം എത്തിയിട്ടുണ്ടെങ്കിലും നിലവിൽ വെള്ളപ്പൊക്ക ഭീഷണിയില്ല. അതേസമയം, ഉളുവാറിൽ പുഴയോര പ്രദേശങ്ങളിലെ ജനവാസ സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പതിനഞ്ചോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. ബന്ധുവീടുകളിലേക്ക് സ്വയം മാറിത്താമസിക്കാനുള്ള തയാറെടുപ്പിലാണ് ഈ കുടുംബങ്ങൾ.

മലയോര മേഖലയിൽ കനത്ത മഴയാണ് ചൊവ്വാഴ്ചയും പെയ്തത്. കുന്നിടിച്ചിൽ ഭീഷണിയുള്ള ഭാഗത്ത് ജനം ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഹോസ്ദുർഗ് താലൂക്കിൽ കാറ്റിലും മഴയിലും നാല് വീടുകൾ ഭാഗികമായി തകർന്നു. മഞ്ചേശ്വരത്ത് വീട്ടിൽ വെള്ളം കയറിയതിനാൽ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. വ്യാപക കൃഷിനാശവുമുണ്ട്.

മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ വില്ലേജിൽ ദേശീയപാത റോഡ് വികസന പ്രവൃത്തി നടക്കുന്നതിനാൽ റോഡിൽനിന്ന് വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. മുൻ വർഷങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള മേഖലകളിലും താഴ്ന്നപ്രദേശങ്ങളിലും ദേശീയപാത നവീകരണത്തിന്റെ പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളിലും ആവശ്യമെങ്കിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കുമെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. കാസർകോട് കറന്തക്കാട് പെട്രോൾ പമ്പിന് സമീപം കനത്ത മഴയിൽ വെള്ളം കയറി.

ഹൊസ്ദുർഗ് താലൂക്കിൽ മഴയിലും കാറ്റിലും മരം പൊട്ടി അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. കൊടക്കാട്ടെ പത്മിനിയുടെ വീട് തകർന്ന് അരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മണക്കാടിലെ പ്രശാന്തിന്റെ വീടിന് മുകളിൽ മരം പൊട്ടിവീണു. വെള്ളച്ചാലിലെ സാവിത്രിയുടെയും നീലേശ്വരം മീത്തലെയിലും മരം പൊട്ടിവീണ് വീടുകൾ തകർന്നു. പടന്നയിലെ സംഗീതയുടെ വീട് മഴയിൽ തകർന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീതിയാണ്. മലയോര മേഖലകളിൽ പുഴകളും തോടുകളും കരകവിഞ്ഞു. കൃഷിയിടങ്ങൾ പൂർണമായി വെള്ളത്തിലായി. വെള്ളരിക്കുണ്ടിൽ കിണർ ഇടിഞ്ഞുതാണു. മറ്റ് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിൽനിന്ന് അറിയിച്ചു. കൊട്ടോടി പുഴയും തോടും കരകവിഞ്ഞതോടെ ടൗൺ വെള്ളപ്പൊക്ക ഭീതിയിലാണ്.

ചെർക്കള ബാളക്കണ്ടത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. തുടർന്ന് ചെർക്കള ഈസ്റ്റിൽ ഓവുചാലുകൾ വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയയും വൈസ് പ്രസിഡന്റ് സഫിയ ഹാഷിമും നേതൃത്വം നൽകി. ഹാഷിം ചെർക്കള, ഹാരിസ് സി.കെ.കെ, നാസർ ചെർക്കളം, ഷരീഫ് സി. കെ., മുഹമ്മദ്‌ കുഞ്ഞി മസ്ജിദ് റോഡ്, കിരൺ കുമാർ, സി.എ. അഹമ്മദ് കബീർ എന്നിവരും പങ്കെടുത്തു.

തൃക്കരിപ്പൂരിൽ വൈക്കത്തെ കെ.വി. പത്മിനിയുടെ വീട് മഴയിൽ ഭാഗികമായി തകർന്നു. വീടിനകത്തുണ്ടായവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഏകദേശം രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ തകർന്ന വീടിന്റെ ഒരു ഭാഗത്തും സുരക്ഷിതമായി താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. വീടിന്റെ ചുവരുകൾ ആകെ പൊട്ടിപൊളിഞ്ഞ നിലയിലാണ്. വടക്കെ തൃക്കരിപ്പൂർ വില്ലേജ് അധികാരികൾ തകർന്ന വീട് സന്ദർശിച്ചു.

കാറ്റിലും മഴയിലും വൈക്കത്തെ കെ. തമ്പാന്റെ നേന്ത്രവാഴ കൃഷി നശിച്ചു. 50ലധികം കുലച്ചതും കുലക്കാറായതുമായ നേന്ത്രവാഴകളാണ് നശിച്ചത്. വൈക്കത്ത് പാടശേഖരം പ്രദേശത്തെ ഏക്കറുകണക്കിനു വരുന്ന നെൽവയലുകൾ വെള്ളത്തിനടിയിലായി. കൃഷിനാശം വന്ന കർഷകർക്ക് അടിയന്തരമായും സഹായം അനുവദിക്കണമെന്ന് ഈയ്യക്കാട് പാടശേഖര സെക്രട്ടറി വി.വി. സുരേശൻ, പ്രസിഡന്റ് പി. സദാനന്ദൻ എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Rivers overflowed in Kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.