കാസർകോട്: വാണിജ്യ അടിസ്ഥാനത്തിൽ മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവ മാരക ലഹരി വസ്തുക്കൾ വിൽപന നടത്തുന്നവരെ പിടികൂടി തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല ജനകീയ സമിതി യോഗത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എ അനിൽകുമാർ അറിയിച്ചു. ആഭ്യന്തര സെക്രട്ടറിയുടെ നടപടിക്രമത്തിന്റെ ഭാഗമായാണ് ജയിലിൽ അടക്കുക. ഇവരുടെ സ്വത്ത് വകകൾ കണ്ടു കെട്ടും. വൻതോതിൽ കച്ചവടം നടത്തുന്ന 15 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതിനകം നാലു പേരെ കരുതൽ തടങ്കലിൽ അടച്ചു. 10 പേർക്കെതിരെയുള്ള നടപടികൾ തുടരുന്നു.
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂൺ 26ന് വിമുക്തി മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലയിലെ വിദ്യാലയങ്ങളിൽ സ്കൂൾ പാർലമെന്റുകൾ സംഘടിപ്പിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. വിമുക്തി മിഷന്റെ നേതൃത്വത്തിൽ 26ന് കോളജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിക്കും.
തീരദേശ മേഖലയിൽ യുവാക്കളെ മാരക ലഹരിവസ്തുക്കൾക്കെതിരെ അവബോധമുള്ളവരാക്കും. ആറുമാസത്തെ സൗജന്യ പി.എസ്.സി പരിശീലനം കീഴൂരിൽ സംഘടിപ്പിക്കും. നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മധുസൂദനൻ ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, ഹസൈനാർ നുള്ളിപ്പാടി എന്നിവർ സംസാരിച്ചു.
പി.ആർ.ഡി ചേംബർ ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ കെ.എച്ച്. മുഹമ്മദ് നവാസ് അധ്യക്ഷതവഹിച്ചു. അസി. എക്സൈസ് കമീഷണർ പി.പി. ജനാർദനൻ എക്സൈസ് ഡിവിഷന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിമുക്തി മാനേജർ അസിസ്റ്റൻറ് എക്സൈസ് കമീഷണർ പി. അൻവർ സാദത്ത് സ്വാഗതവും വിമുക്തി കോഓഡിനേറ്റർ കെ.എം. സ്നേഹ നന്ദിയും പറഞ്ഞു.
കാസർകോട്: ഈ വർഷം മെയ് 12 മുതൽ ജൂൺ 16 വരെ കാസർകോട് എക്സൈസ് ഡിവിഷന്റെ കീഴിൽ 675 റെയ്ഡുകളും 24 സംയുക്ത റെയ്ഡുകളും സംഘടിപ്പിച്ചു. 103 അബ്കാരി കേസുകളും 21 എൻ.ഡി.പി.എസ് കേസുകളും 332 കോട്പ കേസുകളും എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തു.
വിവിധ കേസുകളിലായി 200 ലിറ്റർ വാഷ്, രണ്ട് ലിറ്റർ ചാരായം, 219 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 778 ലിറ്റർ ഇതര സംസ്ഥാന ഇന്ത്യൻ നിർമിത വിദേശമദ്യം, 33 ലിറ്റർ ബിയർ എന്നിവ പിടിച്ചെടുത്തു. എൻ.ഡി.പി.എസ് കേസുകളിൽ 2.153 കിലോഗ്രാം കഞ്ചാവ്,18.872 ഗ്രാം മെത്താ ഫിറ്റമിൻ 354 .770 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു.
കേസുകളിൽ പിഴയിനത്തിൽ 66400 രൂപയും ഈടാക്കി. 11 വാഹനങ്ങൾ പിടിച്ചെടുത്തു. 14967 വാഹനങ്ങൾ പരിശോധന നടത്തിയതിൽ അബ്കാരി കേസിൽ എട്ടു വാഹനങ്ങളും എൻ.ഡി.പി.എസ് കേസിൽ മൂന്നു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ട് അതിർത്തിപ്രദേശങ്ങളിൽ പ്രത്യേക പട്രോളിങ്ങിനായി ബോർഡർ പട്രോൾ യൂനിറ്റ് ഹൈവേ പട്രോൾ യൂനിറ്റ് എന്നിവയും പ്രവർത്തനം നടത്തുന്നുണ്ട്.
ജില്ലയിലെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക നിരീക്ഷണം നടത്തി നടപടി സ്വീകരിച്ചുവരുന്നതായും അസി. എക്സൈസ് കമീഷണർ അറിയിച്ചു. പൊലീസ് ഈ കാലയളവിൽ 218 കോട്പ കേസുകൾ രജിസ്റ്റർ ചെയ്തു. കേരള പൊലീസ് ആക്ട് അനുസരിച്ച് 75 കേസുകളും രജിസ്റ്റർ ചെയ്തു 43600രൂപ പിഴ ഈടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.