പള്ളിക്കര മേൽപാലത്തിന് മുകളിൽ ഗർഡറുകൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾക്കായി െക്രയിൻ ഉപയോഗിച്ച് തൊഴിലാളികൾ തയാറെടുപ്പ് നടത്തുന്നു
നീലേശ്വരം: പള്ളിക്കര റെയിൽവേ പാളത്തിന്റെ ഇരുഭാഗങ്ങളിൽ നിർമിച്ച തൂണുകൾക്കു മുകളിൽ ഗർഡർ സ്ഥാപിക്കൽ ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് തുടങ്ങും. പുതുവർഷത്തിൽ തന്നെ പള്ളിക്കര മേൽപാലത്തിലൂടെ വാഹനയാത്ര ചെയ്യാൻ കാത്തിരിക്കുകയാണ് യാത്രക്കാർ.
പള്ളിക്കര മേൽപാലത്തിന്റെ നിർമാണ ജോലികൾ മുഴുവൻ പൂർത്തിയായിട്ടും ഗർഡർ സ്ഥാപിക്കൽ പ്രവൃത്തി മാത്രമാണ് ബാക്കിയായത്. റെയിൽവേ പവർ കം ബ്ലോക്കിന്റെ അനുമതി കിട്ടാൻ വൈകിയതാണ് കാരണം. 64 കോടി 44 ലക്ഷം രൂപക്ക് നിർമാണ കരാർ ഏറ്റെടുത്ത എറണാകുളം ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനി ഗർഡർ സ്ഥാപിക്കേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇതിനായി ഗർഡർ വഹിക്കാനുള്ള 350 മെട്രിക് ടൺ ക്രെയിനുകളാണ് പള്ളിക്കരയിൽ ഒരുക്കിയത്.
തുടർച്ചയായി നാല് ദിവസം രാത്രി ഏഴുമുതൽ 12 വരെ അഞ്ച് മണിക്കൂർ വീതം രാത്രിയിൽ ഇതുവഴിയുള്ള റെയിൽ, റോഡ് ഗതാഗതവും നിർത്തിവെക്കും. പാളത്തിന്റെ മുകളിലൂടെ 18 ഗർഡറുകളാണ് സ്ഥാപിക്കേണ്ടത്. 2018 ഒക്ടോബറിലാണ് മേൽപാലം നിർമാണം ആരംഭിച്ചത്. പിന്നീട് പല കാരണങ്ങളാൽ നിർമാണം ഇഴയുകയായിരുന്നു. പാളത്തിന് മുകളിൽ ഗർഡർ സ്ഥാപിക്കൽ പൂർത്തിയായാൽ റെയിൽവേ ഗേറ്റ് അടക്കുന്നത് കാരണമുണ്ടാകുന്ന ഗതാഗത കുരുക്കിൽ നിന്ന് യാത്രക്കാരന് മോചനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.