കാസർകോട്: ദേശീയപാത അതോറിറ്റി പിഴയിട്ട റോഡ് നിർമാണ കരാർ കമ്പനിയായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (എം.ഇ.ഐ.എൽ) തുടക്കത്തിൽതന്നെ പാളി. പെരിയയിൽ കമ്പനി ഉയർത്തിയ മേൽപാലം നിർമാണത്തിനിടെ തകർന്നുവീണിരുന്നു. 2022 ഒക്ടോബർ 29നാണ് സംഭവം. മേൽപാലം പൂർണമായി കോൺക്രീറ്റ് ചെയ്ത ശേഷം അടുത്ത ദിവസം രാവിലെ തകർന്നടിയുകയായിരുന്നു. കോൺക്രീറ്റിനെ താങ്ങിനിർത്തിയ സ്കഫോർഡിങ്ങുകളിൽ ചിലത് തുരുമ്പിച്ചവയായിരുന്നു. അവ പരസ്പരം ചേർന്നിരുന്നില്ല.
15 മീറ്റർ വീതിയും 6.1 മീറ്റർ ഉയരവുമുള്ള നിർമിതിയാണ് തകർന്നത്. 80 സെന്റിമീറ്റർ കനമുള്ള കോൺക്രീറ്റ് സ്ലാബ് ഭാരത്താൽ പൊട്ടി ഒടിഞ്ഞുകുത്തി വീഴുകയായിരുന്നു. പകൽ സമയമായിരുന്നു അപകടമെങ്കിൽ വൻദുരന്തമാകുമായിരുന്നു. സംഭവത്തിൽ ഒരു അന്തർസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. സംഭവം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. മേഘയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തും നൽകി.
അപകടത്തെക്കുറിച്ച് പഠിക്കാൻ സുറത്കൽ എൻ.ഐ.ഐ.ടി സംഘം പെരിയയിൽ എത്തി പരിശോധിച്ച് റിപ്പോർട്ട് നൽകിയത് കമ്പനിക്ക് അനുകൂലമായിട്ടായിരുന്നുവെന്നാണ് ആക്ഷേപം. സംഭവിച്ചത് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനാവില്ല എന്നാണ് സംഘം ഉത്തരം നൽകിയത്. ബേക്കൽ പൊലീസ് കമ്പനിക്കെതിരെ കേസെടുത്തെങ്കിലും തുടർ നടപടി എടുക്കാൻ തയാറായില്ല. നിർമാണത്തിലെ പിഴവും മെല്ലെപ്പോക്കും പലതവണ ദേശീയപാത നിർമാണ പുരോഗതി അവലോകന യോഗത്തിൽ മേഘ കമ്പനിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ, ആന്ധ്ര ആസ്ഥാനമായ കമ്പനി മാറ്റം വരുത്താൻ തയാറായിരുന്നില്ല.
ഇതിനിടെ, ചെറുവത്തൂർ മട്ടലായിയിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. രൂപരേഖ തെറ്റിച്ച് ഓവുചാലുകളുടെ എണ്ണം കുറച്ചുവെന്ന ആരോപണവും മേഘക്കെതിരെ ഉണ്ടായി. ഇത്രയേറെ പഴി കേൾക്കുമ്പോഴും മണ്ണ് കടത്താനായിരുന്നു ശ്രമങ്ങളുണ്ടായത്. 1.75 കോടി രൂപയാണ് മണ്ണ് കടത്തലിന് പിഴയിട്ടത്. ഇപ്പോൾ ചെർക്കള-ചട്ടഞ്ചാൽ ദേശീയപാതതന്നെ അടച്ചിരിക്കുകയാണ്. സോയിൽ നെയിലിങ് മൊത്തം അടർന്നുവീണുകൊണ്ടിരിക്കുന്നു. അത് ചെറു ഉരുൾപൊട്ടലായി റോഡിലേക്ക് മറിഞ്ഞുവീഴുന്നു. ദേശീയപാത നിർമാണം ആശങ്കയിലെത്തിച്ചതിൽ മേഘക്ക് വലിയ പങ്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.