കാസർകോട്: കാലവര്‍ഷത്തിന്റെ മുന്നോടിയായും സംസ്ഥാനത്ത് ചിലയിടങ്ങളിൽ ദേശീയപാതയിലെ തകർച്ചയും പരിഗണിച്ച് ജില്ലയിൽ നടത്തിയ പരിശോധനയിൽ 101 സ്ഥലങ്ങളിൽ അപാകതകൾ കണ്ടെത്തി. ജനപ്രതിനിധികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍കൂടി ചേര്‍ത്ത് ഉദ്യോഗസ്ഥര്‍ വീണ്ടും സ്ഥലപരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നിലവില്‍ ദേശീയപാതയിലെ വിവിധ ഇടങ്ങളിലായി 101 അപകാതകൾ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, ദേശീയപാതയിലെ വെള്ളക്കെട്ടും അതിനോടനുബന്ധിച്ചുള്ള അസൗകര്യങ്ങൾക്കും നടപടിയുമായി ജില്ല ഭരണകൂടം ഊർജിത പ്രവർത്തനങ്ങളാരംഭിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തുകയും പ്രശ്നങ്ങള്‍ വിലയിരുത്തുകയും പരിഹാരങ്ങള്‍ നിർദേശിക്കുകയും ചെയ്തുകൊണ്ട് ജില്ലതലത്തില്‍ കണ്ടിൻജന്‍സി പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഈ അപാകതകളെല്ലാം ഗൂഗിള്‍ ഷീറ്റില്‍ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്ക്ക് നിർദേശം നല്‍കുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ഭരണകൂടമറിയിച്ചു. പൂര്‍ണമായും പരിഹരിച്ച പ്രശ്നങ്ങള്‍, ഭാഗികമായി പരിഹരിച്ചത്, പരിഹരിക്കാന്‍ ബാക്കിയുള്ളവ ഇങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) എം. റമീസ് രാജ, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ എന്‍.എച്ച്) എസ്. ബിജു എന്നിവര്‍ വിദഗ്ധ സമിതിക്ക് നേതൃത്വം നൽകുന്നുണ്ട്. ഹോസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം തഹസില്‍ദാര്‍മാര്‍ക്കാണ് ഫീല്‍ഡ് ചുമതല. തഹസില്‍ദാര്‍മാര്‍ ചേര്‍ന്ന് സ്ക്വാഡ് രൂപവത്കരിക്കുകയും വിദഗ്ധരടങ്ങിയിട്ടുള്ള സ്ക്വാഡ് എല്ലായിടങ്ങളിലും പരിശോധന നടത്തുകയും പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയും ചെയ്യുന്നുണ്ട്.
നിലവില്‍ 10 പ്രശ്നങ്ങളാണ് പരിഹരിച്ചത്. 13 പ്രശ്നങ്ങള്‍ ഭാഗികമായി പരിഹരിച്ചു. രണ്ടുദിവസത്തിനകം മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കൃത്യമായ പരിഹാരം കണ്ടെത്തുക എന്ന നിർദേശമാണ് കലക്ടര്‍ നല്‍കിയിട്ടുള്ളത്. പ്രശ്നങ്ങൾ കണ്ട കാര്യങ്കോട് വേളുവയല്‍ പാലത്തിന്റെ രണ്ട് സ്പാനിന് ഇടയിലുള്ള മണ്ണ് നീക്കം ചെയ്യുകയും ബാക്കിയുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരുകയുമാണ്.
കൂടാതെ, ഡ്രെയിനേജ് നിര്‍മാണവും ആരംഭിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള വീരമലക്കുന്ന്, മട്ടലായിക്കുന്ന്, ബേവിഞ്ച, ചട്ടഞ്ചാല്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ജില്ല ഭരണകൂടം അറിയിച്ചു. ബേവിഞ്ചയില്‍ ദേശീയപാതയുടെ സമീപത്തായി 150 കുടുംബങ്ങളാണുള്ളത്.
വീരമലക്കുന്നിന്റെ പരിസരത്ത് ഒരു ഹോട്ടലും 10 വീടുകളുമാണുള്ളത്. മട്ടലായിക്കുന്നിന്റെ പരിസരത്ത് 15 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അവശ്യഘട്ടത്തില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ആവശ്യമായ ഗതാഗത നിയന്ത്രണ സംവിധാനവും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. മട്ടലായിക്കുന്നിലെ ഇലക്ട്രിക് ലൈന്‍ സംബന്ധിച്ച വിഷയം കെ.എസ്.ഇ.ബി പരിഗണിച്ചുവരുകയാണ്.
കാലിക്കടവ് മുതൽ മഞ്ചേശ്വരം വരെ ദേശീയപാത നിർമാണ പ്രദേശങ്ങൾ സന്ദർശിച്ച് വിദഗ്ധസമിതി തയാറാക്കിയ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചു. ഓവുചാലുകൾ ഇല്ലാത്തതും നിർമിച്ച ഓവുചാലുകൾ തടസ്സപ്പെട്ടതും കുത്തനെയുള്ള മണ്ണെടുപ്പും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് പ്രാഥമിക വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.