വി.എസ് യാത്രയാകുമ്പോൾ ശരീരമാകെ തരിച്ചുപോകുന്നുണ്ട്. ഒരുപാട് ഓർമകൾ ഇരമ്പിക്കയറുന്നുണ്ട്. അത്യാസന്നനിലയിലായിരുന്നുവെങ്കിലും ആ ഒരു യാത്ര വല്ലാതെ നമ്മളെ വന്നുതൊടുന്നുണ്ട്. 2006ൽ മുഖ്യമന്ത്രി വി.എസ് കാസർകോട് വന്നില്ലായിരുന്നുവെങ്കിൽ ‘എൻമകജെ’ എന്ന നോവൽ ഒരുപക്ഷേ ഒരിക്കലും എഴുതുമായിരുന്നില്ല. 138 പേർക്ക് 50000 രൂപ വീതം സഹായധനം നൽകുന്ന ചടങ്ങിലേക്കായിരുന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വന്നത്. ആ പന്തലിൽ ഞാൻ ഒരു കേൾവിക്കാരൻ മാത്രമായിരുന്നു. കാസർകോടിന്റെ ദുരന്തം എൻഡോസൾഫാൻ കൊണ്ടാണെന്ന് വി.എസ് പ്രഖ്യാപിക്കുകയായിരുന്നു അന്ന്. ഒരിക്കലും എഴുതില്ല എന്ന നോവൽ എഴുതാൻ തീരുമാനിച്ചത് ആ പന്തലിൽവെച്ചാണ്. കാരണം അത് നിലവിലുള്ള ഒരു ഭാഷയിൽ എഴുതാൻപറ്റുന്ന വിഷയമായിരുന്നില്ല.
വി.എസിന്റെ പ്രഖ്യാപനത്തോടുകൂടി ഇനി സമരങ്ങൾ വേണ്ടിവരില്ല, മാറിനിൽക്കാം എന്ന് വിചാരിച്ചിരുന്നു. എഴുത്തുകാരൻ എന്നനിലയിൽ രാസകീടനാശിനിക്കെതിരെ എഴുതേണ്ടത് ഉത്തരവാദിത്തമായതിനാലാണ് എഴുതിയത്. 2001ലാണ് വി.എസ് രോഗബാധിതരെ കാണാൻ കാസർകോട് ആദ്യമായി വരുന്നത്. വലിയ പോരാട്ടമാണ് അന്ന് തുടങ്ങിവെച്ചത്. 2004ൽ ‘ക്വിറ്റ് എൻഡോസൾഫാൻ’ എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാൻ വേണ്ടിയായിരുന്നു അദ്ദേഹം വന്നത്. 2004 ആഗസ്റ്റ് ഏഴിന് നടന്ന മാർച്ചിൽ ഇരമ്പിവന്നതുപോലെയുള്ള ജനം കാസർകോട് അതുവരെയും പിന്നിടുമുണ്ടായിട്ടില്ല. പിന്നീട് 2006ലാണ് മുഖ്യമന്ത്രിയായി അദ്ദേഹം വരുന്നത്.
മറ്റൊരുകാര്യം എടുത്തു പറയാനുള്ളത് പെർള ടൗണിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ വെച്ചാണ് എൻമകജെയുടെ ആദ്യ റോയൽറ്റി ആ നോവലിലെ ജീവിക്കുന്ന ഏഴ് കഥാപാത്രങ്ങൾക്ക് അദ്ദേഹം വിതരണം ചെയ്തത്. മാത്രമല്ല അമ്മമാരുടെ സമരപ്പന്തലിൽ വെച്ച് സുഗതകുമാരിക്ക് എൻമകജെയുടെ പത്താം പതിപ്പ് അദ്ദേഹം പ്രകാശിപ്പിച്ചു. അന്ന് അദ്ദേഹം എഴുതിവായിച്ച പ്രഭാഷണം സദസ്സിൽനിന്ന് എന്നെ കണ്ടുപിടിച്ച് ‘സൂക്ഷിച്ചുവെക്കൂ’ എന്നുപറഞ്ഞ് തരുകയും ചെയ്തു.
തിരുവനന്തപുരത്ത് ഒരുദിവസം അദ്ദേഹത്തെ വീട്ടിൽ സന്ദർശിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അദ്ദേഹം എന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള നിർദേശം കിട്ടുകയായിരുന്നു. ഞാൻ രാവിലെ വീട്ടിൽപോയി. ബനിയനും ലുങ്കിയും ഉടുത്ത് ഇരിക്കുകയായിരുന്ന അദ്ദേഹത്തോട് ഏറെനേരം നോവലിനെ കുറിച്ചും കാസർകോടിന്റെ അവസ്ഥയെക്കുറിച്ചുമൊക്കെ സംസാരിച്ചത് ഇപ്പോഴും ഓർക്കുന്നുണ്ട്.
മറ്റൊരു പ്രധാന ഓർമ, 2018 ജനീവ ഉച്ചകോടി നടക്കുമ്പോൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.എസ് തെരുവിൽ ഒരുദിവസം ഉപവസിച്ചത് ലോകശ്രദ്ധ പിടിച്ചുപറ്റിയെന്നതായിരുന്നു. കക്ഷി രാഷ്ട്രീയഭേദമില്ലാതെ ജാതിമതഭേദങ്ങളില്ലാതെ പ്രമുഖരായ ഒരുപാടുപേർ ഉപവാസ ചടങ്ങിൽ പങ്കെടുത്തു. വലിയ ജനക്കൂട്ടമായിരുന്നു സദസ്സിൽ. ഞാൻ അവിടെ വേദിയിൽ ഉണ്ടായിരുന്നു. ദീർഘമായി സംസാരിക്കാനുള്ള അവസരം എനിക്ക് ആദ്യം തന്നെ കിട്ടി. ഈ വിഷയത്തിൽ മാത്രമല്ല, ‘എൻഡോസൾഫാൻ കേരള സ്റ്റോറി’ എന്ന സർക്കാറിന്റെ പുസ്തകം വി.എസ് പ്രകാശിപ്പിച്ചത് ഏറ്റുവാങ്ങാൻ അവസരം ലഭിച്ചതും എനിക്കായിരുന്നു. വ്യക്തിപരമായ ഒരുപാട് ഓർമകൾ സമ്മാനിച്ചാണ് അദ്ദേഹം പോകുന്നത്. വലിയ വേദന അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.