വി.എസ്. അച്യുതാനന്ദനുമായി ഞാൻ ബന്ധപ്പെടുന്നത് എൻഡോസൾഫാൻ പ്രശ്നത്തിലുണ്ടായ വ്യതിയാനങ്ങളെക്കുറിച്ചും അതിനൊരു പരിഹാരമുണ്ടാക്കാനും വേണ്ടിയായിരുന്നു. 2010ലാണ് ഈ വിഷയത്തിൽ മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ വരുന്നത്. ഏതാണ്ട് 99 മുതൽ ഞാൻ അതിനകത്തുണ്ട്. വിഷയം പഠിക്കുന്ന സമയമായിരുന്നു. ഈ വിഷയത്തിൽ നിയമസഭയിൽ സബ്മിഷൻ നൽകാൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ വിവരങ്ങൾ ആരാഞ്ഞു. അദ്ദേഹത്തിനുവേണ്ടി ഒരു വിവരംശേഖിച്ചു. അതിൽ എൻഡോസൾഫാൻ മൂലം 52 പേർ മരിച്ചതായ ഒരു വിവരം ലഭിച്ചു. ഈ പ്രശ്നത്തിൽ ആളുകൾ മരിച്ചതിന്റെ പട്ടിക അവിടെ തയാറായിട്ടുണ്ട് എന്നുള്ള വിവരമാണ് എനിക്ക് ലഭിക്കുന്നത്. ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ടോ എന്ന് ചോദിച്ചാൽ ലിസ്റ്റ് കൃത്യമായി പുറത്തുവരും എന്നറിയാനാണ് സബ്മിഷൻ. അംബ്ലിയിൽ ചോദിച്ചാൽ സഭാ രേഖകളിൽ വരും എന്നതിനാൽ അത് ചോദ്യമാക്കി അദ്ദേഹം തിരുവനന്തപുരത്ത് പോയി.
നിയമസഭയിൽ ‘എൻഡോസൾഫാൻമൂലം ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന ചോദ്യം വന്നു. ആരും മരിച്ചിട്ടില്ല എന്ന് അന്നത്തെ കൃഷിമന്ത്രി മറുപടി പറഞ്ഞു. ഇത് വിവാദമായി. മറുപടി ലഭിച്ചപ്പോൾ കാസർകോട്ട് പ്രതിഷേധിക്കാൻ ശ്രമിച്ചു. എന്നാൽ നിരുത്സാഹപ്പെടുത്തുകയായിരുന്നു ചിലർ. പന്തംകൊളുത്തി പ്രകടനം നടത്താനും സമ്മതിച്ചില്ല. പരിഷത്തിന്റെ ബാലകൃഷ്ണനോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു; പേനയില്ലേ മാഷേ, ഒരു കുറിപ്പ് എഴുതിക്കൂടേ എന്ന്. അന്നു രാത്രി എഴുതാൻ തുടങ്ങിയത് പുലർച്ച അവസാനിച്ചു. ലേഖനം അച്ചടിച്ചുവന്നു. അസംബ്ലിയിൽ കോളിളക്കം സൃഷ്ടിക്കപ്പെട്ടു. ആരും മരിച്ചില്ല എന്ന മന്ത്രിയുടെ മറുപടി ഉദ്യോഗസ്ഥമാർ നൽകിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അത് മനസ്സിലായതോടെ മന്ത്രിയുടെ മറുപടി സഭ രേഖകളിൽനിന്ന് നീക്കി.
മരിച്ചവരുടെ പട്ടിക തയാറാക്കാൻ ജില്ല പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്തിൽ രണ്ടു നിരകളിലായി ഉദ്യോഗസ്ഥരുടെ കൂട്ടം. എന്നെ കാണുമ്പോൾ ഞാൻ എന്തോ കുഴപ്പം ഉണ്ടാക്കുന്ന പോലെ തോന്നി. ‘ഇയാളെ കൊണ്ടാണ്’ എന്ന നിലയിൽ പരാമർശമുണ്ടായി. മരിച്ചവരുടെ പട്ടിക എങ്ങനെയുണ്ടാക്കാം എന്നായി പിന്നെ. റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു, 52 പേരുടെ പട്ടികയുണ്ടെന്ന്. ഒന്നുമില്ല എന്ന് സർക്കാറിന് മറുപടി നൽകിയവർക്ക് എങ്ങനെ 52 പേരെ കിട്ടിയെന്ന് ചോദിച്ചു. അവിടെ കൈയടി ഉയർന്നു. നാരായണൻ പേരിയ, വൈ.എസ്. മോഹൻകുമാർ ശ്രീപദ്രെ എന്നിവർ പട്ടിക തയാറാക്കി. 144 പേരുടെ പട്ടികയുണ്ടാക്കി.
വി.എസ് സ്വന്തം നിലയിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് കൊടുക്കാൻ 50,000 രൂപ പ്രഖ്യാപിച്ചു. ആ വിവരം പ്രഖ്യാപിക്കാൻ അദ്ദേഹം കാസർകോട് വന്നു. കൃഷിമന്ത്രി മാപ്പു പറഞ്ഞു. എന്നാൽ തുക വിതരണം നടത്തിയ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചില്ല. സമരം വേണ്ട എന്നു പറഞ്ഞവർ സദസ്സിനു മുന്നിൽ ഇരിക്കുകയായിരുന്നു. മാനുഷികത കൈമുതലാക്കിയ രാഷ്ട്രീയ നേതാവിന്റെ ഇച്ഛാശക്തിയാണ് ഈ വിഷയത്തെ ഈ നിലയിലേക്ക് വളർത്തിയത്. ഇത്തരം വിഷയങ്ങളിൽ നടപടിയെടുക്കാൻ ഭരണഘടനയൊന്നും നോക്കാൻ അദ്ദേഹം മെനക്കെട്ടില്ല. യുക്തിയുടെ ഭാഗമായി മാത്രം നടപടിയെടുക്കുന്ന വലിയ മനുഷ്യനാണ് നമ്മുടെ ഇടയിൽനിന്ന് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.