കെ.എസ്.ഇ.ബി പുരപ്പുറ സൗരോര്‍ജ പ്ലാന്റ് നാളെ നാടിനു സമര്‍പ്പിക്കും

കാസർകോട്: നാടിന് മാതൃകയായി കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിലെ പുരപ്പുറ സോളാര്‍ പ്ലാന്റ്. കെ.എസ്.ഇ.ബിയുടെ സൗരമോഡല്‍ ഒന്ന് പദ്ധതിയിലൂടെ സ്ഥാപിച്ച പുരപ്പുറ സൗരോര്‍ജ പ്ലാന്റ് പഞ്ചായത്തിനും പൊതുജനങ്ങള്‍ക്കും ഏറെ ഗുണകരമാകുന്ന പദ്ധതിയായി മാറും. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ മുകളിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ പ്രതിദിനം 19.8 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയില്‍നിന്ന് 10 ശതമാനം വൈദ്യുതി ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഇതുവഴി ഗ്രാമപഞ്ചായത്തിന് ഇലക്ട്രിസിറ്റി ബില്ല് ഒഴിവാക്കാനാകും. ബാക്കിയുള്ള വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലൂടെ കടത്തിവിട്ട് പൊതുജനങ്ങള്‍ക്ക് നല്‍കും.

കൂടാതെ പഞ്ചായത്ത് കെട്ടിടത്തിലെ ചൂട് കുറക്കാനും പുരപ്പുറ സോളാര്‍ പ്ലാന്റുകൊണ്ട് സാധിക്കും. കെ.എസ്.ഇ.ബി സൗരമോഡല്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പൂര്‍ണമായും കെ.എസ്.ഇ.ബിയുടെ ചെലവില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതാണ് സൗരോര്‍ജ മോഡല്‍ ഒന്ന്. സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം വിട്ടുകൊടുക്കുക മാത്രമാണ് പഞ്ചായത്തിന്റെ ചുമതല. സൗജന്യമായി വൈത്യുതിയും ലഭിക്കുന്നു. 25 വര്‍ഷത്തേക്കാണ് കരാര്‍. കെ.എസ്.ഇ.ബിക്കുവേണ്ടി ടാറ്റ പവര്‍ ആണ് പ്ലാന്റിന്റെ നിര്‍മാണം നടത്തിയത്. പ്ലാന്റിന്റെ ഉദ്ഘാടനം നാളെ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് ഹാളില്‍ എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കും.

Tags:    
News Summary - KSEB Purapura solar power plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.