ദേശീയപാത 66 ചെങ്കള-തലപ്പാടി റീച്ചിന്റെ ബദൽ ഉദ്ഘാടനം നുള്ളിപ്പാടിയിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ നിർവഹിക്കുന്നു
കാസർകോട്: ദേശീയപാത തലപ്പാടി- ചെങ്കള, വെങ്ങളം -രാമനാട്ടുകര റീച്ചുകളുടെ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കാസർകോട്ട് സമാന്തര ഉദ്ഘാടനം. എറണാകുളത്ത് ഉച്ചക്ക് ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കുന്നതിന് മുമ്പ് രാവിലെ 11ന് കാസർകോട് നുള്ളിപ്പാടിയിൽ മേൽപ്പാലം ആരംഭിക്കുന്ന സ്ഥലത്ത് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയാണ് നാട മുറിച്ച് ദേശീയപാത തലപ്പാടി ചെങ്കള റീച്ച് ഉദ്ഘാടനം ചെയ്തത്.
കൊച്ചിയിലെ ചടങ്ങിൽനിന്ന് ഒന്നരമണിക്കൂർ നേരത്തെയാണ് കാസർഗോഡ് ദേശീയപാത ഉദ്ഘാടനം ചെയ്തത്. ബി.ജെ.പിയുടെ നാലാൾ ചേർന്ന് ഉദ്ഘാടനം ചെയ്യേണ്ട പദ്ധതിയല്ല ദേശീയപാതയെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാർ ഏറെ ബുദ്ധിമുട്ടി പ്രശ്നങ്ങൾ പരിഹരിച്ചാണ് ദേശീയപാത നിർമിച്ചത്. 6000 കോടി രൂപയാണ് കേന്ദ്രത്തിൽ നൽകിയത്. ഇന്ത്യയിൽ ഒരു സംസ്ഥാനവും കേന്ദ്രത്തിന് പണം നൽകി ദേശീയപാത നിർമിച്ചിട്ടില്ല. ഭൂമിയുടെ നാലിരട്ടി പണമാണ് ഉടമകൾക്ക് നൽകിയത് നൽകിയത്. ഇത്രയും പണം കൊടുത്ത് ഭൂമി വാങ്ങി ദേശീയപാത കേരളത്തിൽ നടപ്പാകില്ലെന്നു പറഞ്ഞ് കേന്ദ്രം പിൻവാങ്ങുകയായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ ആർജ്ജവത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയായിരുന്നു. പത്തിലധികം അവലോകനയോഗങ്ങളും പ്രശ്നപരിഹാരയോഗങ്ങളും ചേർന്നശേഷമാണ് പദ്ധതിയിലേക്കെത്തിയത്. സംസ്ഥാന സർക്കാറിൽ പൊതുമരാമത്ത് വകുപ്പ് വഹിക്കുന്ന മന്ത്രിയെ ക്ഷണിക്കാത്ത ജനാധിപത്യ മര്യാദ ലംഘനത്തിന് കേരളം മറുപടി നൽകും. ഇത് എൽ.ഡി.എഫ് പ്രശ്നമല്ല. കേരളം മുഴുവൻ പ്രതിഷേധത്തിലാണെന്ന് എം.എൽ.എ പറഞ്ഞു. നൂറു കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് ദേശീയപാത സമാന്തരമായി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.