കുമ്പള: ജില്ലയിലെ തീരദേശമേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയിൽ. മൊഗ്രാൽപുത്തൂർ കാവുഗോളിയിൽ ചേരങ്കൈ-കാവുഗോളി തീരദേശ റോഡ് കടലെടുത്തു. ഇവിടെ നൂറുമീറ്റർ കടൽ കരയിലേക്ക് കയറിയിട്ടുണ്ട്. റോഡ് കടലെടുത്തതോടെ ഗതാഗതമാർഗമില്ലാതെ തീരവാസികൾ ദുരിതത്തിലായി. ഇവിടെ 200ഓളം കുടുംബങ്ങൾ താമസിച്ചുവരുന്നുണ്ട്. വീടുകളിലേക്ക് കടൽ ഇരച്ചുകയറുമെന്ന ഭയാശങ്കയിൽ കഴിയുകയാണ് പ്രദേശവാസികൾ. കാവുഗോളിക്ക് പുറമെ നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തും രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. എവിടെ സ്ഥാപിച്ച ജിയോബാഗ് സംവിധാനം തകരുകയും കടലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയും നിരവധി വീടുകൾ ഭീഷണി നേരിടുന്നു.
കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലേറ്റം കരിങ്കൽ കടൽഭിത്തിക്ക് ഭീഷണിയായിട്ടുണ്ട്. പകുതിഭാഗം കടൽഭിത്തിയും കടലെടുത്തുകഴിഞ്ഞു. ജിയോബാഗ് തീരസംരക്ഷണസംവിധാനവും കടലെടുക്കുന്നുണ്ട്. ഇവിടെയും തീരദേശറോഡിന് ഭീഷണി നേരിട്ടാൽ തൊട്ടടുത്തുള്ള നൂറുകണക്കിന് വീടുകൾക്കും ഭീഷണിയാവുമെന്ന ഭയം പ്രദേശവാസികൾക്കുണ്ട്. പെറുവാഡ് കടപ്പുറത്ത് രണ്ടുവർഷം മുമ്പ് സ്ഥാപിച്ച മണൽചാക്കുകൾ കൊണ്ടുള്ള ജിയോബാഗ് കടൽഭിത്തി പൂർണമായും കടലെടുത്തു. പെർവാട് കടപ്പുറത്ത് ശേഷിച്ച കരിങ്കൽ കടൽഭിത്തിയും മൊത്തമായും കടലെടുക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ പെർവാഡ് കടപ്പുറത്ത് സ്ഥാപിച്ച മുഴുവൻ കടൽഭിത്തിയും നിലവിൽ കടലെടുത്തുകഴിഞ്ഞു.
തീരദേശവാസികളുടെ എതിർപ്പ് മറികടന്ന് കോടികളാണ് അധികൃതർ ഇവിടെ തീരസംരക്ഷണത്തിന്റെ പേരിൽ കടലിൽ തള്ളിയത്. ജില്ലയിലെ മറ്റ് തീരദേശമേഖലയിലും സമാനമായ കടലേറ്റങ്ങളുണ്ട്. ഉപ്പള, അജാനൂർ ഭാഗങ്ങളിലും രൂക്ഷമായ കടലാക്രമണം നേരിടുന്നുണ്ട്. തീരദേശത്ത് തീരസംരക്ഷണത്തിനായി ഇനിയും കരിങ്കല്ല് കൊണ്ടുള്ള പരീക്ഷണത്തിന് മുതിരാതെ ബന്ധപ്പെട്ടവർ ടെട്രോ പോഡ് പോലുള്ള ശാസ്ത്രീയമായ പദ്ധതികൾ കൊണ്ടുവന്ന് തീരസംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.