കാസർകോട്: ബി.ജെ.പിയുടെ ഇ.വി.എം ഹാക്കിങ്ങിന് മറുഹാക്കിങ് തന്ത്രവുമായി മുൻ കോൺഗ്രസ് നേതാവും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഏജന്റും കൂടിയായ അഡ്വ. ബി.എം. ജമാലിനെതിരെ പരാതി നൽകാൻ തീരുമാനിച്ച യു.ഡി.എഫ് നേതൃത്വം വെട്ടിലായി. വിവാദം സി.പി.എം ഏറ്റെടുക്കുകയും രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതിയും നൽകിയതോടെ തുടർനീക്കങ്ങൾ നടത്താനാവാതെ കോൺഗ്രസ്-യു.ഡി.എഫ് നേതൃത്വം പെട്ടു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണലിനുമുമ്പാണ് ബി.എം. ജമാൽ മറുഹാക്കിങ് തന്ത്രവുമായി സമീപിച്ചത് എന്നാണ് മാധ്യമങ്ങളിൽ വന്ന ആരോപണം. വഖഫ് ബോർഡ് സി.ഇ.ഒയും യൂത്ത് കോൺഗ്രസ് നേതാവുമൊക്കെയായിരുന്നു ജമാൽ.
ചാനലുകളിൽ ജമാലിനെതിരെ ആരോപണം ഉയർന്നപ്പോൾതന്നെ അദ്ദേഹം വാർത്തസമ്മേളനം വിളിച്ചുചേർത്ത് നിഷേധിച്ചു. അതേസമയം ജമാലിന്റെ വാർത്തസമ്മേളനത്തിന് തലേദിവസം നടന്ന യു.ഡി.എഫ് നേതൃയോഗത്തിൽ ഇ.വി.എം ഹാക്കിങ് വിഷയത്തിൽ പരാതി നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് തീരുമാനത്തിനും ജമാലിന്റെ വാർത്തസമ്മേളനത്തിനും പിന്നാലെ സി.പി.എം ജില്ല സെക്രട്ടറി എം. രാജഗോപാലൻ വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവനയിറക്കി. യു.ഡി.എഫ് നേതൃയോഗത്തിന്റെ തീരുമാനം നോക്കാതെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി പരാതിയും നൽകി. അതോടെ പരാതി നൽകാനുള്ള തീരുമാനത്തിൽനിന്ന് യു.ഡി.എഫ് രണ്ടടി പിന്നോട്ടുപോയി. മറുഹാക്കിങ്ങിന് രണ്ട് യു.ഡി.എഫ് സ്ഥാനാർഥികൾക്കുവേണ്ടി പണം കൈമാറിയെന്നാണ് പറയുന്നത്.
പണം നൽകിയവർ അത് കടം നൽകിയതാണെന്ന് പറയാൻ തുടങ്ങിയതോടെ പരാതി നൽകിയാലും ഫലം ഉണ്ടാവില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. പരാതിയുടെ പകർപ്പ് പ്രതിപക്ഷത്തിനോ ബി.ജെ.പിക്കോ ലഭിച്ച് അത് തെരഞ്ഞെടുപ്പ് കമീഷന്റെ കൈകളിലേക്കെത്തിയാൽ പുലിവാലാകും എന്നും ഉറപ്പ്. ഈ സാഹചര്യത്തിൽ പരാതി രേഖപ്രകാരം നൽകാൻപോലും പ്രയാസമായിരുന്നു.
രാജ്മോഹൻ ഉണ്ണിത്താന്റെ ചീഫ് തെരഞ്ഞെടുപ്പ് ഏജന്റും കോൺഗ്രസ് സ്ഥാനാർഥികളുടെ പത്രിക തയാറാക്കാൻ നേതൃത്വം നൽകിയ ആളുമാണ് ബി.എം. ജമാൽ. ജമാലിന്റെ വാർത്തസമ്മേളനവും സി.പി.എമ്മിന്റെ ഇടപെടലും ആയതോടെ ഇ.വി.എം ഹാക്കിങ് ആരോപണത്തിന്റെ മുനയൊടിഞ്ഞു. എങ്കിലും യു.ഡി.എഫ് തീരുമാനപ്രകാരം പരാതി നൽകുമെന്നുതന്നെയാണ് നേതൃത്വം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.