നീലേശ്വരം രാജാറോഡ്
നീലേശ്വരം: നീലേശ്വരത്തിന്റെ നഗരവികസനത്തിന് മാതൃകയാവുന്ന നീലേശ്വരം രാജാറോഡ് വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ ന്യായമായുള്ള നഷ്ടപരിഹാരത്തിനുള്ള അവകാശനിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നഷ്ടപരിഹാരത്തുക ഉടമസ്ഥരുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതിന് കാസർകോട് പൊന്നുംവില സ്പെഷൽ തഹസിൽദാർ (കിഫ്ബി) ഉത്തരവിറക്കി. ഇതോടെ ഏറെനാളത്തെ കാത്തിരിപ്പിനും ഫയൽ നടപടികൾക്കും ശേഷം രാജാറോഡ് വികസനം യാഥാർഥ്യമാകുകയാണ്.
രാജാറോഡ് വികസനത്തിന്റെ ഭാഗമായി ഭൂമിയും കെട്ടിടവും ഏറ്റെടുക്കേണ്ടിവരുന്നവരുടെ നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിനായി ഉടമസ്ഥരുടെ പക്കലുള്ള അന്തിമരേഖ പരിശോധന ജൂണിലാണ് നഗരസഭയിൽ പൂർത്തിയായത്. അതിൽ 32 ഉടമസ്ഥർക്കായി 1,30,61,211 രൂപയാണ് അടുത്തദിവസം അക്കൗണ്ടുകളിലേക്കെത്തുക. നിരവധിയായ സാങ്കേതിക തടസ്സങ്ങൾ മറികടന്നുകൊണ്ടാണ് രാജാറോഡ് വികസനത്തിന് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിച്ചത്.
ആദ്യം അനുവദിച്ച 40.09 കോടി കൂടാതെ 12 കോടിയിൽപരം രൂപയാണ് അധികമായി അനുവദിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ 15.85 കോടി രൂപ പദ്ധതിനിർവഹണം നടത്തുന്ന കെ.ആർ.എഫ്.ബി മുഖേന റവന്യൂവകുപ്പിന് ഈവർഷം ഫെബ്രുവരിയിൽതന്നെ കിഫ്ബി കൈമാറുകയുണ്ടായി. പ്രസ്തുത തുകയിൽനിന്നാണ് ഗുണഭോക്താക്കൾക്ക് തുക കൈമാറുന്നത്. ബാക്കിയുള്ള ഉടമസ്ഥർക്ക് എത്രയും പെട്ടെന്ന് തുക കൈമാറുന്നതിനും രാജാറോഡ് വികസനത്തിനും അതിലൂടെ നീലേശ്വരം നഗരവികസനത്തിനും നിരന്തര ഇടപെടൽ നടത്തുമെന്ന് നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.