മുനീർ
മാനന്തവാടി: കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. പ്രതിയെ പിടികൂടാൻ ഹോസ്ദുർഗ് പൊലീസിനെ വയനാട് പൊലീസ് സഹായിച്ചു. കണ്ണൂർ അലവിൽ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീറാണ് (54) മാനന്തവാടി പൊലീസിന്റെ സഹായത്തോടെ പിടിയിലായത്. കാഞ്ഞങ്ങാട്ടെ മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച കേസിലാണ് ഇയാൾ പ്രതിയായിരുന്നത്. പ്രതി വയനാട്ടിലുണ്ടെന്ന കാസർകോട് എസ്.പിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർഎസ്.എച്ച്.ഒ റഫീക്കിന്റെ നിർദേശപ്രകാരം സിവിൽ പൊലീസ് ഓഫിസർമാരായ ഷിന്റോ, സി.എം. നിസാർ എന്നിവർ കഴിഞ്ഞദിവസം രാത്രി തന്നെ പ്രതിയുടെ വീടും പരിസരവും നിരീക്ഷണത്തിലാക്കി.
തുടർന്ന് ഹോസ്ദുർഗ് പൊലീസ് എ.എസ്.ഐ ശ്രീജിത്ത് കാവുങ്കൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. രാജേഷ് എന്നിവരോടൊപ്പം ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2004 ജനുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. കട പൂട്ടി ഏകദേശം 80,000 രൂപയുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മലഞ്ചരക്ക് വ്യാപാരിയെ പുതിയകോട്ടയിൽ ഒരുസംഘം ആക്രമിച്ച് പണം കവരാൻ ശ്രമിച്ചു. വധശ്രമക്കേസിൽ അന്വേഷണം നടത്തിയ ഹോസ്ദുർഗ് പൊലീസ് പ്രതികളെ അറസ്റ്റുചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ മുനീർ പിന്നീട് ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.