കാസർകോട് പാർസൽ ഓഫിസ് നിലനിർത്തുമെന്ന് റെയിൽവേ

കാസർകോട്: കാസർകോട് പാർസൽ ഓഫിസ് നിലവിലുള്ള രീതി തുടരുമെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും റെയിൽവേ ജനറൽ മാനേജർ മധുകർ റൗത്ത്. കഴിഞ്ഞ രണ്ടുവർഷമായി ഉപയോഗിക്കുന്ന രീതിയിൽ തന്നെ പാർസൽ സർവീസ് തുടരുമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ആർ. പ്രശാന്ത് കുമാർ, അഡ്വ. ടി.ഇ. അൻവർ എന്നിവർക്ക് ഡി.ആർ.എം ഉറപ്പുനൽകി. കാസർകോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ മധുകർ റൗത്തിനും അഡീഷനൽ റെയിൽവേ മാനേജർ മുഹമ്മദ് അസ്‍ലം, സീനിയർ ഡിവിഷൻ കമേഴ്സ്യൽ മാനേജർ ബാലമുരുകൻ എന്നിവർക്ക് പാസഞ്ചർ അസോസിയേഷൻ നിവേദനം നൽകി.

കോഴിക്കോടുനിന്ന് കണ്ണൂർ വരെ പോകുന്ന പാലക്കാട്-കണ്ണൂർ, കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ വണ്ടികൾ മഞ്ചേശ്വരത്തേക്ക് നീട്ടണമെന്നും ഉയർന്ന പാർക്കിങ് ഫീസ് കുറക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. രാവിലെ കണ്ണൂരിൽനിന്ന് മലബാർ എക്സ്പ്രസിലും മംഗളൂരു എക്സ്പ്രസിലും സീസൺ ടിക്കറ്റ് യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു. ആ സമയത്ത് ഒരു മെമു ആരംഭിക്കണം. മെമു സർവീസ് നടത്തിയാൽ കണ്ണൂരിൽനിന്ന് മംഗലാപുരം ഭാഗത്തേക്കും മംഗലാപുരത്തുനിന്ന് കണ്ണൂർ ഭാഗത്തേക്കും ഒരുപാട് ട്രെയിനുകൾക്ക് കണക്ഷൻ ട്രെയിനായി ഉപയോഗിക്കാം.

ആശുപത്രി, കച്ചവടക്കാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഏറെ സഹായകരമാകുമെന്നും ഉദ്യോഗസ്ഥസംഘത്തെ ഭാരവാഹികൾ അറിയിച്ചു. വൈകിട്ടത്തെ ചെന്നൈ സൂപ്പർഫാസ്റ്റിൽ കണ്ണൂർവരെ സീസൺ ടിക്കറ്റുകാരെ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നും തിരുവനന്തപുരം മുതൽ കൊല്ലം വരെ യാത്രചെയ്യാൻ ഇത്തരം മൗനാനുവാദം തുടരുന്നുണ്ടെന്നും അവിടെ അനുവദിക്കുന്ന അതേ രീതിയിൽ ഇവിടെയും യാത്ര ചെയ്യാൻ അനുവദിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.

കണ്ണൂർ മംഗലാപുരം സെക്ടറിൽ മാത്രമാണ് കേരളത്തിൽ മെമു സർവീസ് ഇല്ലാത്തതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അന്ത്യോദയ എക്സ്പ്രസിന് മഞ്ചേശ്വരം, കാഞ്ഞങ്ങാട്, നീലേശ്വരം പയ്യന്നൂർ, സ്റ്റോപ്പുകൾ നൽകി ദിവസേന ആക്കണമെന്നും കാസർകോട് റെയിൽവേ സ്റ്റേഷനിലെ പാർസൽ/വീൽ ചെയർ/സ്ട്രെച്ചർ എന്നിവക്കുണ്ടായിരുന്ന ട്രോളിപാത്ത് പൊളിച്ചുമാറ്റിയത് പുനഃസ്ഥാപിക്കണമെന്നും കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ നാസർ ചെർക്കളവും നിസാർ പെർവാഡും നിവേദനത്തിലൂടെ അഭ്യർഥിച്ചു.

Tags:    
News Summary - കാസർകോട് പാർസൽ ഓഫിസ് നിലനിർത്തുമെന്ന് റെയിൽവേ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.