കണ്ണൂർ റേഞ്ച് ഡി.ഐ.ജി നീലേശ്വരം നഗരസഭ അധികൃതരുമായി കോവിഡ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നു

കാസര്‍കോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി

കാസര്‍കോട്: പരിശോധനകൾ കൂട്ടിയതോടെ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ കുതിച്ച്​ ജില്ലയും. രോഗമുക്​തി നേടുന്നവരേക്കാൾ ഏറെ മുന്നിലാണ്​ പുതിയ രോഗികളുടെ എണ്ണം. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി. വ്യാഴാഴ്​ച 929 പേര്‍ക്കു കൂടി കോവിഡ് സ്​ഥിരീകരിച്ചു. 753 പേരാണ്​ രോഗമുക്​തി നേടിയത്​. രോഗസ്​ഥിരീകരണ നിരക്ക്​ 11.1 ശതമാനം. ഇതോടെ, ജില്ലയിൽ നിലവിലുള്ള രോഗബാധിതരുടെ എണ്ണം 7001 ആയി. വീടുകളില്‍ 26,638 പേരും സ്ഥാപനങ്ങളില്‍ 1287 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27925 പേരാണ്. പുതിയതായി 1599 പേരെ കൂടി നിരീക്ഷണത്തിലാക്കി. 8191 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 2100 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. 1,05,958 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 98098 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി.

കോവിഡ്: തദ്ദേശ സ്ഥാപനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘം

കാസർകോട്​: ജില്ലയില്‍ കുറഞ്ഞ കോവിഡ് പരിശോധന നിരക്കും ഉയര്‍ന്ന ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക സംയുക്ത നിരീക്ഷണ സംഘത്തെ നിയോഗിച്ചു.

ഈ പ്രദേശങ്ങളില്‍ പരിശോധന കുറയുന്നതി​െൻറ കാരണം കണ്ടെത്താന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും. പൊലീസ്, ആരോഗ്യം, റവന്യൂ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും സെക്ടര്‍ മജിസ്‌ട്രേറ്റുമാരും അടങ്ങുന്നതാണ് സംയുക്ത നിരീക്ഷണ സംഘം. സംഘത്തില്‍ ആരോഗ്യ വകുപ്പ് പ്രതിനിധികളായി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍/ജെ.എച്ച്‌.ഐ എന്നിവരും പ്രത്യേകം മൊബൈല്‍ ടെസ്​റ്റിങ് യൂനിറ്റും ഉണ്ടാകും.

റവന്യൂ വകുപ്പി​െൻറ പ്രതിനിധിയായി അതത് താലൂക്കിലെ നിര്‍ദേശിക്കപ്പെട്ട ഉദ്യോഗസ്ഥനും തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് പഞ്ചായത്ത്/നഗരസഭ സെക്രട്ടറി, ഭരണസമിതി പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, സെക്ടറൽ മജിസ്‌ട്രേറ്റ്, പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും.

നിരീക്ഷണ സംഘം ഓരോ പ്രദേശങ്ങളും സന്ദര്‍ശിച്ച് അവിടെ കോവിഡ് പോസിറ്റിവായ വ്യക്തികളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട എല്ലാവര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, ഷോപ്, റസ്​റ്റാറൻറ്​, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ പൊതുജനങ്ങളുമായി ഇടപെടുന്ന എല്ലാ വിഭാഗം ആളുകള്‍ക്കും പരിശോധന നടത്താനുള്ള നടപടിയെടുക്കും. ജൂലൈ 30ന് നിരീക്ഷണ സംഘം ചെറുവത്തൂര്‍, പുല്ലൂര്‍-പെരിയ, ചെമ്മനാട്, ബെള്ളൂര്‍, ചെങ്കള, ഈസ്​റ്റ്​ എളേരി, കിനാനൂര്‍-കരിന്തളം, കള്ളാര്‍ എന്നീ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. 31ന് ഉദുമ, പിലിക്കോട്, വലിയപറമ്പ, കുംബഡാജെ, മധൂര്‍, കാസര്‍കോട്, മുളിയാര്‍, കോടോം ബേളൂര്‍, പനത്തടി പഞ്ചായത്തുകളിലും സംഘം സന്ദര്‍ശനം നടത്തും.

കാഞ്ഞങ്ങാട് നഗരസഭയിൽ നിയന്ത്രണങ്ങളില്‍ അയവ്

കാഞ്ഞങ്ങാട്​: കാറ്റഗറി സിയിലേക്ക് മാറിയ കാഞ്ഞങ്ങാട് നഗരസഭയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ പൊതു ഓഫിസുകളും 25 ശതമാനം ജീവനക്കാരോടുകൂടി പ്രവര്‍ത്തിക്കാം. അവശ്യ സേവന വിഭാഗത്തില്‍പെടുന്ന വകുപ്പുകളുടെ ഓഫിസുകള്‍ മുഴുവന്‍ ജീവനക്കാരെയും ഉപയോഗിച്ചു പ്രവര്‍ത്തിക്കാം.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുമണി വരെ അനുവദിക്കും. മറ്റു കടകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പകുതി ജീവനക്കാരുമായി വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാം. ഇലക്ട്രോണിക് ഷോപ്പുകള്‍, മൊബൈല്‍ ഫോണുകളുടേത് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍ എന്നിവക്ക് വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം. തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍, വിദ്യാര്‍ഥികൾക്കുള്ള ബുക്ക്​ഷോപ്, റിപ്പയര്‍ സര്‍വിസുകള്‍ വെള്ളിയാഴ്ച മാത്രം പകുതി ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ.

ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും രാത്രി ഏഴുവരെ പാഴ്സല്‍, ഹോം ഡെലിവറി എന്നിവ മാത്രം. ആരാധനാലയങ്ങള്‍, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍, ഔട്ട്്‌ഡോര്‍ സ്‌പോര്‍ട്‌സ്, ഇന്‍ഡോര്‍ ഗെയിം, ജിം, വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ എന്നിവക്ക് അനുമതിയില്ല.യോഗത്തില്‍ നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്​ദുല്ല ബില്‍ടെക്ക്, സ്ഥിരം സമിതി ചെയര്‍മാന്മാരായ സി. ജാനകിക്കുട്ടി, പി. അഹമ്മദലി, കെ.വി. മായാകുമാരി, കെ. അനീശന്‍, കൗണ്‍സിലര്‍മാരായ വി.വി. രമേശന്‍, കെ.കെ. ജാഫര്‍, ബല്‍രാജ്, വി.വി. ശോഭ ഡിവൈ.എസ്.പി ഡോ. ബാലകൃഷ്ണന്‍, നഗരസഭ സെക്രട്ടറി ടി.വി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഡി.​െഎ.ജി നീലേശ്വരത്ത് സന്ദർശനം നടത്തി

നീലേശ്വരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി സേതുരാമൻ നീലേശ്വരം നഗരസഭയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് ഡിവൈ.എസ്​.പി ഡോ. ബാലകൃഷ്ണൻ, നീലേശ്വരം ഇൻസ്പെക്ടർ ഓഫ് പൊലീസ് കെ.പി. ശ്രീഹരി, സബ് ഇൻസ്പെക്ടർ ജയചന്ദ്രൻ, എച്ച്​.ഐ മോഹനൻ, ആർ.ഐ മനോജ്കുമാർ എന്നിവർ പങ്കെടുത്തു.

മടിക്കൈയിൽ ആൾക്കൂട്ട കല്യാണം; വീട്ടുടമക്കെതിരെ കേസ്

നീലേശ്വരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാടേ ലംഘിച്ച് ആൾക്കൂട്ട കല്യാണം നടത്തിയതിന് വീട്ടുടമക്കെതിരെ കേസ്. കാഞ്ഞങ്ങാട് നഗരസഭയിലെ 11ാം വാർഡിൽപെട്ട മടിക്കൈ പൂടംകല്ലടുക്കത്തെ ഇബ്രാഹിമിനെതിരെയാണ് കേസ്​. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 300ലധികം പേർക്ക് കല്യാണത്തോടനുബന്ധിച്ചാണ്​ ബുധനാഴ്ച രാത്രി പാർട്ടി ഒരുക്കിയത്. വ്യാഴാഴ്ചയായിരുന്നു ഇബ്രാഹിമി‍െൻറ മക​െൻറ കല്യാണം. 20 പേരെ മാത്രം ഉൾപ്പെടുത്തി കല്യാണം നടത്താൻ നഗരസഭയിൽനിന്ന് അനുമതി വാങ്ങിയിരുന്നുവെങ്കിലും അത് മറികടന്നു കൊണ്ടാണ് ഇന്നലെ രാത്രി ബന്ധുക്കൾക്കും നാട്ടുകാർക്കും വിരുന്നൊരുക്കിയത്.

കുമ്പള 'സി'യിൽ: പുനഃപരിശോധിക്കണമെന്ന്​ വ്യാപാരികൾ

കുമ്പള: മുഴുവന്‍ പരിശോധന കണക്കുകളും പരിഗണിക്കാതെ കുമ്പള പഞ്ചായത്തിനെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള മേഖല കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ബി. കാറ്റഗറിയിലാണെന്നും സഹകരിച്ച മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ കമ്മിറ്റിയുടെ അഭിനന്ദനവും അറിയിച്ചതിന് പിന്നാലെ എങ്ങനെ പെട്ടെന്നൊരുമാറ്റം സംഭവിച്ചുവെന്ന് നേതാക്കൾ ചോദിച്ചു. ഇത് അന്വേഷിക്കണമെന്നും ജില്ല കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ കമ്മിറ്റി ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി വേണമെന്നും ഇതിൽ നടപടി ഉണ്ടാകണമെന്നുമാണ് നേതാക്കളുടെ ആവശ്യം. ടി.പി.ആര്‍ അടിസ്ഥാനമാക്കി മേഖല തിരിച്ചപ്പോള്‍ കഴിഞ്ഞ 21 മുതല്‍ 27 വരെ കുമ്പള പഞ്ചായത്ത് സി കാറ്റഗറിയിലായിരുന്നു.

തുടര്‍ന്ന് നടത്തിയ ടി.പി.ആറില്‍ ബി. കാറ്റഗറിയില്‍ ആവേണ്ടതായിരുന്നുവെങ്കിലും ഉച്ചവരെയുള്ള പരിശോധനഫലം നോക്കിയാണ് സി കാറ്റഗറിയിലാണെന്ന് ചാര്‍ട്ട് ഇറക്കിയതെന്നും നേതാക്കൾ ആരോപിച്ചു. ആ ദിവസത്തെ മുഴുവന്‍ ടെസ്​റ്റ്​ റിപ്പോര്‍ട്ടുകളും പരിശോധിച്ചിരുന്നുവെങ്കില്‍ ബി കാറ്റഗറിയില്‍ ആകുമായിരുന്നുവെന്നാണ് വ്യാപാരി നേതാക്കൾ പറയുന്നത്.അധികൃതര്‍ക്ക് പറ്റിയ പിഴവുകൊണ്ടാണ് കാറ്റഗറി മാറിയതെന്ന്​ പ്രസിഡൻറ്​ വിക്രം പൈ, ജനറൽ സെക്രട്ടറി സത്താർ ആരിക്കാടി എന്നിവർ ആരോപിച്ചു.

കോവിഡ് ചട്ട ലംഘനം: 128 കേസുകള്‍ രജിസ്​റ്റർ ചെയ്തു

കാസർകോട്​: കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 128 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 139 പേരെ അറസ്​റ്റ്​ ചെയ്യുകയും 354 വാഹനങ്ങള്‍ കസ്​റ്റഡിയില്‍ എടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 2074 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് പിഴ ഈടാക്കി.

ശനി, ഞായര്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍

കാസർകോട്​: ജൂലൈ 31, ആഗസ്​റ്റ്​ ഒന്ന് തീയതികളില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളോടു കൂടിയ സമ്പൂര്‍ണ ലോക്​ഡൗണ്‍ ആയിരിക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനായ കലക്​ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിട്ടു. ഈ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മറ്റ് അവശ്യ സര്‍വിസുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ.




Tags:    
News Summary - Kasargod 929 more covid; The death toll was 335

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.