കാസർകോട്: സംസ്ഥാന ബജറ്റിൽ ജില്ല പതിവുപോലെ പ്രതീക്ഷിച്ചു. അവസാനം നിരാശയും. ജില്ലയുടെ വികസനത്തിൽ ഏറ്റവും പ്രധാനമായ വികസന പാക്കേജിന് 75 കോടി മാത്രമാണ് അനുവദിച്ചത്. കാസർകോട് വികസന പാക്കേജിൽ പണമില്ലാതെ പ്രയാസപ്പെടുന്ന വേളയിൽ ബജറ്റിൽ കാര്യമായ പ്രഖ്യാപനമാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഇടുക്കി, വയനാട് പാക്കേജുകൾക്കൊപ്പം 75കോടി അനുവദിക്കുകയാണുണ്ടായത്.
കാസർകോടിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ 2012ൽ പ്രഖ്യാപിച്ച വികസന പാക്കേജിൽ എല്ലാവർഷവും ഫണ്ട് അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. വികസന പാക്കേജ് നടപ്പാക്കാൻ 12,000 കോടി വേണമെന്നാണ് പ്രഖ്യാപന വേളയിൽ നിർദേശിച്ചത്. എല്ലാവർഷവും ഫണ്ട് അനുവദിക്കുമെന്നും പ്രഖ്യാപിച്ചു.
ജില്ലയിലെ സ്കൂൾ കെട്ടിടം, പാലം, തടയണ തുടങ്ങി നൂറുകണക്കിന് പദ്ധതികളാണ് വികസനപാക്കേജ് വഴി നടപ്പാക്കുന്നത്. കാസർകോട് ഗവ. മെഡിക്കൽ കോളജ്, കെൽ, ഇ.എം.എൽ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചില്ല. എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് 17കോടി അനുവദിച്ചതും ആശ്വാസം. പക്ഷേ, ഈ തുക വളരെ കുറവാണ്.
പെരിയ എയർസ്ട്രിപ് വീണ്ടും ചർച്ചയാവുകയാണ്. ആഭ്യന്തര സർവിസിനു മുൻതൂക്കം നൽകി പെരിയയിൽ എയർ സ്ട്രിപ് നിർമിക്കണമെന്ന ആവശ്യമുയർന്നിട്ട് വർഷങ്ങളായി. ഇടക്കാലത്ത് ചർച്ച നിലക്കുകയും ചെയ്തു.
ഇടുക്കി, വയനാട്, കാസർകോട് എയര്‍ സ്ട്രിപ്പ് നിർമാണത്തിന്‍റെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പടെ പ്രാരംഭ പ്രവർത്തനത്തിനും 4.51 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്.
എന്നാൽ, 2020ൽ ധനമന്ത്രി തോമസ് ഐസക്കും പെരിയ എയർസ്ട്രിപ് ഡി.പി.ആറിന് ഒന്നരക്കോടി അനുവദിച്ചിരുന്നു. ഇടുക്കി, വയനാട് എന്നീ ജില്ലകൾക്കൊപ്പമായിരുന്നു അന്നും എയർ സ്ട്രിപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നതെന്നതാണ് കൗതുകകരം. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ കാര്യങ്ങളാണ് അന്നും പറഞ്ഞത്. ഒന്നും നടന്നില്ലെന്നു മാത്രം. കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ എയർ സ്ട്രിപ്പ് പ്രഖ്യാപനം ആത്മാർഥമായാണോ എന്നാണ് ചോദ്യം.
നെല്ലിക്കുന്ന് ബീച്ച് റോഡിലെ ആസ്ട്രൽ വാച്ചസ് കമ്പനി പ്രവർത്തിച്ചിരുന്ന 1.99 ഏക്കർ സ്ഥലത്ത് സംരംഭം തുടങ്ങുന്നതിന് ബജറ്റിൽ രണ്ടര കോടി വകയിരുത്തി. കാസർകോട് നഗരസഭക്ക് പുതിയ കെട്ടിടം നിർമിക്കാൻ 60 ലക്ഷം, കന്നട മഹാകവി കയ്യാർ കിഞ്ഞണ്ണ റൈയുടെ പേരിൽ കന്നട അക്കാദമി നിർമിക്കാൻ 40 ലക്ഷവും വകയിരുത്തി. മറ്റു പ്രവൃത്തികൾക്ക് ടോക്കൺ തുക അനുവദിച്ചതായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.
തൃക്കരിപ്പൂർ മണ്ഡലത്തിലെ കയ്യൂർ രക്തസാക്ഷി സ്മാരക മന്ദിരം പുനരുദ്ധാരണത്തിനും നീലേശ്വരം കല്ലളന്‍ വൈദ്യർ സ്മാരക സാംസ്കാരിക സമുച്ചയ നിർമാണത്തിനും അഞ്ചു കോടി വീതം വകയിരുത്തിയതായി എം. രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു.
ചീമേനി ഫയർ സ്റ്റേഷന്‍ കെട്ടിട നിർമാണം- മൂന്നു കോടി, ചെറുവത്തൂർ വീരമലക്കുന്ന് ടൂറിസം പദ്ധതി- 10 കോടി, തൃക്കരിപ്പൂർ സബ് ട്രഷറി അനുവദിക്കല്‍- മൂന്നു കോടി, തൃക്കരിപ്പൂർ ഫയർസ്റ്റേഷന്‍ സ്പെഷല്‍ ബ്ലോക്ക്- മൂന്നു കോടി, നീലേശ്വരത്ത് കണ്ണൂർ സർവകലാശാല കാമ്പസിന് സമീപം ഗവ. ലോ കോളജ് അനുവദിക്കല്‍- അഞ്ച് കോടി, ചീമേനി ഐ.എച്ച്.ആർ.ഡി.ഇ കോളജിന് സ്പെഷല്‍ ബ്ലോക്ക് നിർമാണം- അഞ്ച് കോടി, ചെറുവത്തൂർ സബ് രജിസ്ട്രാർ ഓഫിസ് ആരംഭിക്കല്‍- രണ്ട് കോടി, തെക്കേക്കാട്, ഇടയിലക്കാട്, മാടക്കാല്‍ ബണ്ടുകളില്‍ ട്രാക്ടർ വേ നിർമാണം- 15 കോടി, ചീമേനി വ്യവസായ പാർക്ക്- 10 കോടി, ചന്തേര റയില്‍വേ ഹാള്‍ട്ടിന് സമീപം ആർ.ഒ.ബി നിർമാണം- 20 കോടി, ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ കാമ്പസില്‍ ഗവ. എൻജിനീയറിങ് കോളജ് അനുവദിക്കല്‍- അഞ്ച് കോടി, ഒളവറ ഉടുമ്പുന്തല ആയിറ്റി റോഡ് നവീകരണം- 10 കോടി തുടങ്ങിയ പദ്ധതികള്‍ക്ക് ടോക്കണ്‍ നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
ബജറ്റ് ഏറെ നിരാശപ്പെടുത്തിയതായി എ.കെ.എം. അഷ്റഫ് എം.എൽ.എ. മണ്ഡലത്തിൽ ഏറ്റവും അത്യാവശ്യമായി നടപ്പിലാക്കേണ്ട 25 പദ്ധതികളുടെ പ്രപ്പോസലുകൾ മാസങ്ങൾക്ക് മുമ്പേ സർക്കാറിന് കൈമാറി. എന്നാൽ, ഗോവിന്ദപൈ-നെതിലപദവ് റോഡ് മെക്കാടം ചെയ്തു വികസിപ്പിക്കുന്നതിനു 5.25 കോടി രൂപ വകയിരുത്തിയതല്ലാതെ മറ്റുള്ളവ അവഗണിച്ചു.
താലൂക്ക് മിനി സിവിൽ സ്റ്റേഷന് കെട്ടിടം, പാലങ്ങൾ, പൊതുമരാമത്ത് റോഡുകൾ മെക്കാടം ചെയ്യേണ്ടവ, സ്കൂളുകൾക്ക് കെട്ടിടം, പഴകിയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസുകൾക്ക് കെട്ടിടം, കാർഷിക-ജലസേചന പദ്ധതികൾ, ഇൻഡോർ സ്റ്റേഡിയമടക്കമുള്ള കായിക മേഖലയിലെ വികസനങ്ങൾ, ഭാഷ അക്കാദമികൾ എന്നിവക്കൊക്കെ ഫണ്ട് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു.
കാസർകോട്: സംസ്ഥാന ബജറ്റ് ജില്ലയെ നിരാശപ്പെടുത്തിയതായി ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ കാസർകോട് വികസന പാക്കേജിനെ അവഗണിക്കുകയാണ് ബജറ്റ് ചെയ്തത്. 75 കോടി രൂപ അനുവദിച്ചത് വികസന പാക്കേജിന്റെ പ്രവർത്തനത്തിന് കാര്യമായി നേട്ടമില്ലെന്നും മെഡിക്കൽ കോളജിന്റെ കാര്യം സർക്കാർ ബജറ്റിൽ മറന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ മുക്കൂട് പാലത്തിന് 10 കോടി വകയിരുത്തി. ചിത്താരി രാവണീശ്വരം റോഡിലുള്ള പഞ്ചായത്തിലെ വളരെ പ്രാധാന്യമുള്ളതും പഴക്കം ചെന്നതുമായ പാലമാണ് മുക്കൂട് പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.