കാസർകോട്: കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് യൂനിറ്റ് വരുമാനക്കുതിപ്പിലേക്കെന്ന് കണക്കുകൾ. ഉത്സവകാലത്തും അല്ലാതെയും സ്വകാര്യ ബസുകളും മറ്റും അമിത ചാർജ് ഈടാക്കുമ്പോൾ യാത്രക്കാർക്ക് പ്രയോജനപ്രദമായ രീതിയിൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഓടുന്നതുകാരണമാണ് ഇങ്ങനെ വരുമാനത്തിൽ വർധനയുണ്ടാക്കാൻ കഴിഞ്ഞതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. കാഞ്ഞങ്ങാട്ടുനിന്ന് ബംഗളൂരുവിലേക്ക് ഒമ്പത് അധിക സർവിസ് ഓപറേറ്റ് ചെയ്തതുൾപ്പെടെ ജില്ലയിലെതന്നെ മികച്ച വരുമാനം നേടാനും അനുവദിക്കപ്പെട്ട ടാർഗറ്റ് മറികടക്കുന്നതിനും കാഞ്ഞങ്ങാട് യൂനിറ്റിന് സാധിച്ചു.
ഇക്കുറി ഓണസമ്മാനമായി കാഞ്ഞങ്ങാട് യൂനിറ്റിന് അനുവദിച്ചുകിട്ടിയ രണ്ടു സൂപ്പർ ഫാസ്റ്റ് ബസുകളും ഒരു ഫാസ്റ്റ് പാസഞ്ചർ ബസും ഉപയോഗിച്ചത് വലിയ നേട്ടമായി. ഓണത്തിനുമുമ്പ് ഏഴു ലക്ഷത്തിനും എട്ടു ലക്ഷത്തിനുമിടയിൽ കലക്ഷൻ ലഭിച്ചിരുന്ന കാഞ്ഞങ്ങാട് യൂനിറ്റ് ഓണത്തോടനുബന്ധിച്ച് 10 ലക്ഷത്തിന് മുകളിൽ കലക്ഷൻ നേടി സംസ്ഥാനത്തെ മികച്ചപ്രകടനം നടത്തിയ ഡിപ്പോകളിലൊന്നായി മാറാനും സാധിച്ചിട്ടുണ്ട്. 17,67, 618 രൂപയാണ് ഈ ഓണത്തിന് ലഭിച്ച കലക്ഷൻ. ഓണത്തിന് നാലു ദിവസങ്ങളിൽ 10 ലക്ഷത്തിന് മുകളിൽ കലക്ഷൻ നേടി. ജില്ലയിൽ മികച്ച കലക്ഷനാണ് കെ.എസ്.ആർ.ടി.സിക്ക് ഇക്കുറി ലഭിച്ചത്.
പുതുതായി നിരവധി ടൂർ പാക്കേജാണ് കാഞ്ഞങ്ങാട് യൂനിറ്റ് നടപ്പിലാക്കുന്നത്. അതത് ഉത്സവ സീസണിലും അല്ലാതെയുമായി ടൂർ പാക്കേജ് ജനങ്ങൾക്ക് ഉപകാരപ്പെടുന്നവിധത്തിലാണ് നടത്തുന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. കൂടാതെ, തമിഴ്നാട്ടിലേക്ക് ഇതുവരെ സർവിസില്ലായിരുന്നു. കഴിഞ്ഞ ജൂൺ 20 മുതൽ ആഴ്ചയിൽ അവസാനം തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് സർവിസ് നടത്തുകയും ഓണക്കാലത്തോടുകൂടി റെഗുലർ സർവിസാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. രാത്രി 8.30ന് കാസർകോട്ടുനിന്ന് പുറപ്പെട്ട് രാവിലെ ആറോടുകൂടി കോയമ്പത്തൂരിൽ എത്തുകയും തിരിച്ച് അവിടെനിന്ന് 9.30ഓടുകൂടി പുറപ്പെടുന്നരീതിയിലുമാണ് പുതിയ സർവിസ് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.