പടന്നക്കാട് ജമാഅത്ത് പള്ളിക്ക് മുന്നിൽ അയ്യപ്പഭക്തരും പള്ളിഭാരവാഹികളും

വാഹനം തകരാറിൽ; അയ്യപ്പഭക്തർക്ക് സൗകര്യമൊരുക്കി പടന്നക്കാട് ജമാഅത്ത് കമ്മിറ്റി

കാഞ്ഞങ്ങാട്: ശബരിമല ദർശനത്തിനുള്ള യാത്രാമധ്യേ വാഹനം തകരാറിലായ സ്ത്രീകളടക്കമുള്ള 20ലേറെ അയ്യപ്പഭക്തർക്ക് പള്ളിയിൽ സൗകര്യമൊരുക്കി പടന്നക്കാട് ജമാഅത്ത് കമ്മിറ്റി. പുലർച്ച വാഹനം തകരാറിലായി എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞ അയ്യപ്പഭക്തർക്ക് മുന്നിലാണ് പള്ളി ഗേറ്റ് തുറന്നത്. ഹൈദരാബാദിൽനിന്നുള്ള അയ്യപ്പഭക്തരുടെ വാഹനമാണ് യാത്രാമധ്യേ ചൊവ്വാഴ്ച പുലർച്ച പടന്നക്കാട് ജുമാ മസ്ജിദ് പരിസരത്ത് തകരാറിലായത്. മിനി ബസിൽനിന്ന് ഇറങ്ങിയ ഒരു അയ്യപ്പഭക്തൻ നേരെ കയറിച്ചെന്നത് ജമാഅത്ത് കമ്മിറ്റി ജന. സെക്രട്ടറി സി.എം. അബൂബക്കറുടെ വീട്ടിലേക്കാണ്.

അദ്ദേഹം ഉടൻ മുനിസിപ്പൽ കൗൺസിലർ സി.എച്ച്. അബ്ദുല്ലയടക്കമുള്ള മറ്റ് ജമാഅത്ത് കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുകയും അയ്യപ്പഭക്തർക്ക് പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനും ഭക്ഷണം പാകം ചെയ്യാനും സൗകര്യമൊരുക്കുകയും ചെയ്തു. വിശ്രമിക്കാൻ പള്ളിക്ക് സമീപത്തെ മദ്റസ കെട്ടിടം തുറന്നുകൊടുത്തു. 20 പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. കാലാവർഷക്കെടുതിയിൽ വീട് ഒഴിഞ്ഞവർക്ക്‌ ജാതിമതഭേദമന്യേ മദ്റസ തുറന്നുകൊടുത്ത് താമസസൗകര്യമൊരുക്കിക്കൊടുത്തും ജമാഅത്ത് കമ്മിറ്റി മാതൃകയായിരുന്നു.

Tags:    
News Summary - Padannakkad Jamaat Committee provides facilities for Ayyappa devotees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.