കാസർകോട്: എൻഡോസൾഫാൻ ദുരന്തബാധിതർക്ക് കേന്ദ്ര സഹായമില്ലെങ്കിലും സൗജന്യ ചികിത്സ തുടരും. മനുഷ്യാവകാശ കമീഷൻ ഇടപെട്ടതോടെയാണ് എൻഡോസൾഫാൻ ദുരന്തബാധിതർക്ക് ആശ്വാസ വാർത്തയെത്തിയത്. എൻഡോസൾഫാൻ ദുരന്തബാധിതർക്ക് സൗജന്യചികിത്സ തുടരുന്നതിന് 2022 മാർച്ചിനുശേഷം കേന്ദ്രസർക്കാർ തുക വകയിരുത്തിയിട്ടില്ലെന്ന് കലക്ടർ കെ. ഇമ്പശേഖർ മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിനെ അറിയിച്ചിരുന്നു.
എന്നാൽ, എൻഡോസൾഫാൻ ബാധിതരുടെ സൗജന്യചികിത്സ സംസ്ഥാന സർക്കാറിന്റെ അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാൽ ദുരന്തബാധിതരുടെ ചികിത്സക്കുള്ള തുക കാസർകോട് വികസന പാക്കേജിൽനിന്ന് (2022-23) ചെലവാക്കുന്നതിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സർക്കാർ ആശുപത്രികൾ എന്നിവ മുഖേന ദുരന്തബാധിതർക്ക് സൗജന്യചികിത്സ തുടരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എൻഡോസൾഫാൻ ദുരന്തബാധിതരുടെ മനുഷ്യാവകാശങ്ങൾ ഒരുവിധത്തിലും ലംഘിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ കേസ് തീർപ്പാക്കി. ഡോ. സുരേഷ് ഗുപ്തൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കേന്ദ്രസർക്കാർ നൽകേണ്ട തുക കുടിശ്ശികയായി എൻഡോസൾഫാൻ ബാധിതർക്ക് സൗജന്യ ചികിത്സ മുടങ്ങി എന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് പരാതി സമർപ്പിച്ചതും വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെട്ടതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.