കോട്ടപ്പുറം റോഡിൽ മരം കടപുഴകി വൈദ്യുതിക്കമ്പിയടക്കം റോഡിൽ വീണനിലയിൽ
കാസർകോട്: ഒരിടവേളക്കുശേഷം വെള്ളിയാഴ്ച മുതൽ തുടങ്ങിയ കനത്ത മഴയിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നാശം നേരിട്ടു. കാർഷിക വിളകൾ വ്യാപകമായി നശിക്കുകയും നിരവധി സ്ഥലങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ നീലേശ്വരം, മൊഗ്രാൽ തുടങ്ങിയ നദികളുടെ തീര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ബേളൂരിൽ ഒടയഞ്ചാൽ വളവിൽ വീട്ടിൽ മനോജിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ആളപായമില്ല. ഇവിടത്തെ അഞ്ചുപേരെ ബന്ധുവീട്ടിലേക്ക് മാറ്റി. വെള്ളരിക്കുണ്ട് താലൂക്കിലെ കാറ്റാംകവലയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് നാലു കുടുംബങ്ങളിലെ 22 പേരെ പറമ്പ എൽ.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ ചുവന്ന ജാഗ്രത മുന്നറിയിപ്പാണുള്ളത്.
കാഞ്ഞങ്ങാട്: മഴ ശക്തമായി തുടരവെ രണ്ടിടത്ത് മണ്ണിടിച്ചിൽ. വെള്ളരിക്കുണ്ടിൽ 22 പേരെയും പനത്തടിയിൽ രണ്ട് കുടുംബങ്ങളെയും മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു. തൃക്കണ്ണാട് കടൽ ഞായറാഴ്ച രാവിലെയാണ് കടലേറ്റമുണ്ടായത്. മീറ്ററോളം കരകയറിയിട്ടുണ്ട്. എന്നാൽ, മറ്റ് അപകട സാധ്യതകളൊന്നുമില്ല.
തൃക്കണ്ണാട് കടലേറ്റമുണ്ടായ പ്രദേശം
വെള്ളരിക്കുണ്ട് താലൂക്കിലെ കാറ്റാംകവലയിൽ ജിയോളജി ഉദ്യോഗസ്ഥർ പരിശോധന നടത്തി. പനത്തടി വില്ലേജിലെ വാർഡ് എട്ട് കുണ്ടുപള്ളി മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് രണ്ടു കുടുംബങ്ങളെ സുരക്ഷിതമായ മറ്റു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൊട്ടോടി പുഴയും തോടും കവിയുമെന്ന സാഹചര്യമുണ്ട്. മഴ ശക്തമായാൽ ടൗണിൽ വെള്ളം കയറും. താഴ്ന്ന ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കാഞ്ഞങ്ങാടിന്റെ തീരദേശ പ്രദേശം വെള്ളത്തിലായി. നിരവധി വീടുകളിൽ ഏതുസമയത്തും വെള്ളം കയറാം. പോക്കറ്റ് റോഡുകളും വെള്ളത്തിലാണ്. തിങ്കളാഴ്ചയും മഴ മുന്നറിയിപ്പും ചുവന്ന ജാഗ്രതയുമുള്ളതിനാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലാകുമെന്ന ആശങ്കയുണ്ട്.
കാസർകോട്: ജില്ലയിൽ തിങ്കളാഴ്ച ചുവന്ന ജാഗ്രത നിർദേശമുള്ളതിനാൽ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കോളജുകൾ, പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്റസകൾ, അംഗൻവാടികൾ, സ്പെഷൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു.
നീലേശ്വരം: നിനച്ചിരിക്കാതെ ആഞ്ഞുവീശിയടിച്ച കാറ്റിനോടൊപ്പം ശക്തമായ മഴയിൽ നീലേശ്വരത്തും പരിസരത്തും വ്യാപക നാശം. ഞായറാഴ്ച പുലർച്ചയുണ്ടായ കാറ്റിൽ കോട്ടപ്പുറം റോഡിൽ മരം കടപുഴകി വൈദ്യുതിക്കമ്പികൾ പൊട്ടിവീണു. ഇതുമൂലം ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാസേനയും വാർഡ് കൗൺസിലർ റഫീക്ക് കോട്ടപ്പുറവും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി.
ആനച്ചാലിലും വ്യാപകമായ നാശം സംഭവിച്ചു. മെയിൻ റോഡിൽ നിരവധി വൈദ്യുതിത്തൂണുകൾ തകർന്ന് റോഡിലേക്ക് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. എച്ച്.ടി ലൈൻ അടക്കം പൊട്ടിയാണ് റോഡിലേക്ക് വീണത്. ആനച്ചാലിൽ തെങ്ങുകൾ വീടിനു മുകളിലേക്ക് കടപുഴകി വീടിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആനച്ചാൽ, മന്ദംപുറം, കണിയാംവയൽ തുടങ്ങിയ പ്രദേശങ്ങളിലും നാശമുണ്ടായി.
നീലേശ്വരം ദേശീയപാത മന്ദംപുറം റോഡിൽ മരം പൊട്ടിവീണ് ഗതാഗതം തടസ്സപെട്ടു. നിരവധി തെങ്ങുകളും മരങ്ങളും പൊട്ടിവീണു. നീലേശ്വരം മന്ദംപുറത്തെ സി.എച്ച്. സിദ്ദീഖിന്റെ മതിൽ ശക്തമായ മഴയിൽ തകർന്നു. പരപ്പ ക്ലായിക്കോട് കൊട്ടാരം റോഡ് വെള്ളത്തിനടിയിലായി. സമീപത്ത് താമസിക്കുന്ന ജോജി, നാപ്പർ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. പൂവാലംകൈ കിഴക്കേക്കര റോഡിൽ ശാസ്തമംഗലത്തപ്പൻ ക്ഷേത്രപരിസരത്ത് മരം വൈദ്യുതിക്കമ്പിയിൽ വീണു.
കാഞ്ഞങ്ങാട്: ദേശീയപാതയിൽ പലഭാഗങ്ങളും തോടായിമാറി. തുടർച്ചയായി പെയ്ത മഴയിൽ വെള്ളം കടന്നുപോകാൻ ഇടമില്ലാതായതോടെയാണിത്. വെള്ളക്കെട്ട് ഗതാഗത തടസ്സവുമുണ്ടാക്കുന്നുണ്ട്. ഇതോടെ, മാവുങ്കാൽ ടൗണിൽ വെള്ളപ്പൊക്കമുണ്ടായി. കടയിൽനിന്ന് സാധനങ്ങൾ ഒഴുകിപ്പോയി. ഞായറാഴ്ച രാവിലെ ടൗണിലെ പെട്രോൾ പമ്പിൽ വെള്ളം കയറി. മുട്ടറ്റം വരെ വെള്ളത്തിലാണ്. മേൽപാലത്തിനടിയിലായാണ് വലിയ നിലയിൽ വെള്ളപ്പൊക്കമുള്ളത്.
കല്ലൂരാവിയിൽ വെള്ളം കയറിയ വിവാഹ വീട്
നിരവധി കടകൾ വെള്ളം കയറുമെന്ന ഭീഷണിയിലാണ്. റോഡിന്റെ കിഴക്കുഭാഗത്താണ് ഏറ്റവും അധികം വെള്ളമുള്ളത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മഴവെള്ളം പോകാനിടമില്ലാതായതാണ് വെള്ളം കയറാനിടയാക്കിയത്. കടക്ക് മുന്നിൻ സൂക്ഷിച്ച വാട്ടർ ടാങ്കുകൾ ഉൾപ്പെടെ റോഡിലൂടെ ഒഴുകി. തക്കസമയത്ത് കണ്ടതിനാൽ വീണ്ടെടുത്തു. മഴ ഇനിയും ശക്തമായാൽ പല ഭാഗങ്ങളിലും കടകൾ വെള്ളത്തിലാകും.
കാഞ്ഞങ്ങാട്: മഴ ശക്തമായതോടെ കാഞ്ഞങ്ങാട് നഗരസഭ തീരദേശ വാർഡുകളിൽ നിരവധി വീടുകൾ വെള്ളത്തിലായി. 36ൽ കല്ലൂരാവി പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. കെ. സുധാകരൻ, കെ. ന്നുനിത, പി.സി. അബ്ദുറഹ്മാൻ, കെ.കെ. മുനീറ തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറി. നോർത്ത് കല്ലുരാവി 37ാം വാർഡ് എം. ഷുഹൈബിന്റെ വീട്ടിലും വെള്ളം കയറി.
കല്ലൂരാവിയിലെ സുധാകരന്റെ വീട് വെള്ളം കയറിയ നിലയിൽ
സൗത്ത് സ്കൂൾ റോഡും പരിസരത്തും വെള്ളം കയറി. പലഭാഗത്തും റോഡ് തോടായതോടെ ഗതാഗതം സ്തംഭിച്ചു. മഴ ശക്തമായാൽ ശേഷിച്ച വീടുകളിലേക്കും വെള്ളമെത്തും. കാലവർഷത്തിൽ വീടുകളിൽ വെള്ളം കയറുന്നത് പതിവാണെങ്കിലും പരിഹാരമുണ്ടാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകാറില്ല.
നീലേശ്വരം: ശക്തമായ മഴയിൽ മണ്ണിടിയുന്നതുമൂലം വീട് അപകട ഭീഷണിയിൽ. കിളിയളം-ബാനം റോഡിൽ വരഞ്ഞൂരിലെ എ. രാധാമണിയുടെ വീടാണ് അപകടഭീഷണി നേരിടുന്നത്. റോഡ് നിർമിക്കാനായി കുന്നിടിച്ചിരുന്നു. ഇതിന്റെ മുകളിലാണ് കുടുംബം ഭീതിയോടെ കഴിയുന്നത്. മഴയിൽ മണ്ണിടിഞ്ഞ് റോഡരികിലേക്ക് വീണനിലയിലാണ്. മണ്ണിടിഞ്ഞ് വീടിന് അടുത്തെത്തിയാൽ വീടുതന്നെ നിലംപതിക്കുന്ന സ്ഥിതിയിൽ എത്തുന്നതിനുമുമ്പ് അധികൃതർ വേണ്ട നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മണ്ണിടിച്ചിൽമൂലം അപകടഭീഷണി നേരിടുന്ന വരഞ്ഞൂരിലെ രാധാമണിയുടെ വീട്
കല്യാണ വീട് വെള്ളത്തിൽ; വിവാഹം ഓഡിറ്റോറിയത്തിലേക്ക്
കാഞ്ഞങ്ങാട്: ശക്തമായ മഴയിൽ കല്യാണവീട്ടിൽ വെള്ളം കയറിയതോടെ വിവാഹം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. കല്ലൂരാവി നോർത്ത് 37 വാർഡിലെ അതിരി-നസീമ ദമ്പതികളുടെ മകൾ ഫളീലയുടെ വിവാഹമാണ് മാണിക്കോത്ത് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. ബേക്കൽ സ്വദേശി മുദസിറുമായി ഫളീലയുടെ വിവാഹം ഞായറാഴ്ചയായിരുന്നു. തലേദിവസം വൈകീട്ടുതന്നെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മുറ്റത്ത് പന്തലും കെട്ടി. ഭക്ഷണത്തിനുള്ള ഒരുക്കങ്ങളും നടന്നു. എന്നാൽ, രാത്രി തോരാതെ പെയ്ത മഴയിൽ വധൂഗൃഹത്തിൽ വെള്ളം കയറുകയും വീടിന് ചുറ്റുപാടും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. മറ്റു മാർഗമില്ലാതെയായതോടെ വിവാഹം ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.