കാഞ്ഞങ്ങാട്: വാട്സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും കരുതിയിരിക്കണമെന്നുള്ള മുന്നറിയിപ്പുമായി പൊലീസ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങി നിരവധി സൈബർ കുറ്റകൃത്യങ്ങൾ നടത്തുകയും പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യുന്നു.
തട്ടിപ്പുകാർ സാധാരണക്കാരുടെ ഫോണിൽ വിളിച്ച് വിശ്വാസം നേടിയെടുക്കുകയോ, എസ്.എം.എസ് /എ.പി.കെ പോലുള്ളവ ഫോണിൽ അയച്ചു ഒ.ടി.പി പോലുള്ള രേഖകൾ കൈക്കലാക്കുകയും ചെയ്യും. തുടർന്ന് അക്കൗണ്ടുകൾ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിൻ ചെയ്യുന്നു. അക്കൗണ്ട് ഉടമ വീണ്ടും ഇൻസ്റ്റാൾ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തിൽ ഒ.ടി.പി നൽകാൻ കഴിയാതെ 12 മുതൽ 24 മണിക്കൂർവരെ വാട്സ്ആപ് പ്രവർത്തനരഹിതമാകുന്നു.
ഈ സമയം ഹാക്കർമാർ ഉടമയുടെ പേരിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശങ്ങൾ അയക്കുകയും അപകടകരമായ ലിങ്കുകൾ പ്രചരിപ്പിക്കുകയും ചെയ്യും. ഇതിലൂടെ മറ്റുള്ളവരുടെ അക്കൗണ്ടുകൾ കൂടി ഹാക്ക് ചെയ്യപ്പെടുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിനെ പ്രതിരോധിക്കാൻ വാട്സ്ആപ്പിൽ 2 സ്റ്റെപ്പ് വേർഷൻ ഉടൻ സജ്ജമാക്കണം.
ഫോണിൽ വരുന്ന ഒ.ടി.പികൾ ഒരിക്കലും മറ്റാരുമായും പങ്കുവെക്കാതിരിക്കുക. അജ്ഞാതമായ ലിങ്കുകളിലോ ഫയലുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക, സംശയാസ്പദമായി തോന്നുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക. ഇത്തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടുകയോ, ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ വിളിക്കുകയോ, https://cybercrime.gov.in വഴി പരാതികൾ രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.