കാസർകോട്: മികച്ച ആരോഗ്യപ്രവർത്തനത്തിന് അവാർഡുകൾ വാരിക്കൂട്ടുമ്പോഴും കേരളത്തിലെ ഏക സർക്കാർ യുനാനി ഡിസ്പെൻസറിയായ മൊഗ്രാലിൽ രണ്ടുമാസമായി ഫിസിയോതെറപ്പിസ്റ്റിനെ നിയമിക്കാത്തതുമൂലം രോഗികൾ നിരാശരായി മടങ്ങുന്നു.
നേരത്തെയുണ്ടായിരുന്ന തെറപ്പിസ്റ്റ് ഗൾഫിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഈ ജോലി ഉപേക്ഷിച്ചു പോയി. പകരം നിയമനം നടത്തേണ്ട സമയത്താണ് പഞ്ചായത്ത് ഭരണസമിതിയും പുതിയതായി ചാർജെടുത്ത സെക്രട്ടറിയും തമ്മിലുള്ള പോര് തുടങ്ങിയത്. ഇത് മാസങ്ങളോളം നീണ്ടതിനാൽ ബോർഡ് യോഗം ചേരാനാവാതെ പുതിയ തെറപ്പിസ്റ്റിനെ നിയമിക്കാനും സാധിച്ചില്ല. ഇതുമൂലം നിരവധി രോഗികളാണ് ദുരിതത്തിലായത്.
2005-10കാലഘട്ടത്തിലെ എം. അബ്ബാസിന്റെ നേതൃത്വത്തിലുള്ള കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് മൊഗ്രാൽ യുനാനി ഡിസ്പെൻസറിയിൽ ഫിസിയോ തെറപ്പിക്ക് അനുമതി നൽകിയത്.
വൃക്ക, സ്ട്രോക്ക് തുടങ്ങി മാറാരോഗങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. തെറപ്പിസ്റ്റിന്റെ അഭാവംമൂലം ഇപ്പോൾ ഇത്തരം രോഗികൾക്ക് തുടർചികിത്സ ലഭിക്കുന്നല്ല. യുനാനി ഡിസ്പെൻസറിയിൽ 50 രൂപയാണ് ചികിത്സക്ക് ഈടാക്കിയിരുന്നത്. സ്വകാര്യ ആശുപത്രിയിൽ ഫിസിയൊതെറപ്പിക്ക് വൻ തുകയാണ് നൽകേണ്ടിവരുന്നത്. അതിനാൽ സാമ്പത്തികപ്രയാസം നേരിടുന്ന രോഗികൾ ഈ ഡിസ്പെൻസറിയെയാണ് ആശ്രയിക്കുന്നത്.
അതിനിടെ, കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ പുതിയ തെറപ്പിസ്റ്റിനെ നിയമിക്കാനുള്ള നീക്കത്തെ ബന്ധു നിയമനമെന്നാരോപിച്ച് ബി.ജെ.പിയും സി.പി.എമ്മും എതിർത്തതോടെ നിയമനം വീണ്ടും തടസ്സപ്പെട്ടു. തെറപ്പിസ്റ്റ് നിയമനത്തിന് നാലുപേരാണ് പഞ്ചായത്തിൽ മുമ്പ് അപേക്ഷ നൽകിയത്.
അഭിമുഖത്തിൽ എക്സ്പീരിയൻസ് നോക്കിയാണ് നിയമനത്തിന് തെരഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ്, യുനാനി മെഡിക്കൽ ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവരടങ്ങുന്ന സമിതിയാണ് അഭിമുഖം നടത്തുക. ഈ നിയമനത്തെയാണ് ഭരണപക്ഷത്തെ നേതാവിന്റെ ബന്ധു നിയമനമെന്നാരോപിച്ച് പ്രതിപക്ഷത്തെ 13 അംഗങ്ങൾ ചോദ്യം ചെയ്തത്. ഡിസ്പെൻസറിയിൽ വീണ്ടും തെറപ്പിസ്റ്റ് നിയമനം തടസ്സപ്പെട്ടത് നാട്ടുകാർക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.