പള്ളം പുഴ
കാസർകോട്: മൃതിയിലേക്ക് ഒഴുകി ഇല്ലാതാകുന്ന പുഴ, കറുത്ത നിറമുള്ള രൂക്ഷഗന്ധംപേറി ഒഴുകുന്ന പുഴ... അതാണ് കാസർകോട് നെല്ലിക്കുന്നിലെ പള്ളം പുഴ. പുഴയിലെ ദുർഗന്ധം കാരണം നെല്ലിക്കുന്ന് പള്ളം നിവാസികൾ പതിനഞ്ചു വർഷമായി ദുരിതത്തിലാണ്. നെല്ലിക്കുന്ന് പള്ളത്ത് പുഴയിലെ കെട്ടിക്കിടക്കുന്ന മലിനജലത്തിൽനിന്ന് ദുർഗന്ധം ശ്വസിച്ച് അലർജിയും മറ്റു രോഗവും കൊണ്ട് ബുദ്ധിമുട്ടുകയാണ് പ്രദേശവാസികളെന്നാണ് പരാതി.
അടുത്തുള്ള ആശുപത്രികളിൽനിന്നും ഹോട്ടലിൽനിന്നുമുള്ള മാലിന്യം ഈ പുഴയിലേക്കാണ് വരുന്നതെന്നും പലതവണ മുനിസിപ്പാലിറ്റിയേയും മറ്റും അറിയിച്ചെങ്കിലും എല്ലാവരും കൈമലർത്തുകയാണെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. പുഴയോരത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
തെളിനീരൊഴുകേണ്ട പുഴയിൽ കറുത്ത ദുർഗന്ധംവമിക്കുന്ന ജലമാണ് ഒഴുകുന്നതെന്നും ഇതിനടുത്തുനിന്നാൽതന്നെ തലകറങ്ങുന്ന അവസ്ഥയാണെന്നും ഇവിടെയാണ് ആയിരക്കണക്കിന് പേർ താമസിക്കുന്നതെന്നും ജനങ്ങൾ പറയുന്നു. എം.എൽ.എക്കും ജനപ്രതിനിധികൾക്കുമടക്കം ഇതിൽ പരാതി നൽകിയിരുന്നു. എന്നാൽ, തങ്ങളുടെ പരാതി കേൾക്കാൻ ആരും തയാറായില്ലെന്നും ഇനി ജനങ്ങൾതന്നെ ഇതിനായി മുന്നിട്ടിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.
ഇവിടെയുള്ള പുതിയ പാലം നിർമിക്കുന്ന സമയത്ത് പഴയപാലം പൊളിച്ച് ആളുകൾക്ക് നടന്നുപോകാൻ കോൺക്രീറ്റ് നടപ്പാത പുഴക്കു കുറുകെ നിർമിച്ചിരുന്നു. പുതിയ പാലത്തിന്റെ പണി പൂർത്തിയായശേഷം കോൺക്രീറ്റ് നടപ്പാത പൊളിച്ചുനീക്കാൻ അധികാരികളോട് പലതവണ ആവശ്യപ്പെട്ടിട്ടും ഇതിനൊരു പരിഹാരമുണ്ടായിട്ടില്ല, അതുകൊണ്ടുതന്നെ പുഴക്ക് കുറുകെയുള്ള നടപ്പാത മലിനജലം ഒഴുകുന്നതിനെ തടഞ്ഞുനിർത്തി ദുർഗന്ധം രൂക്ഷമാക്കുന്നുമുണ്ട്.
ഇവിടെ താമസിക്കുന്നവർക്ക് വീട്ടിനകത്തുവരെ മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയാണ്. ഒരുകാലത്ത് കുളിക്കാനും അലക്കാനും കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും ഈ പുഴയാണ് ആശ്രമായിരുന്നത്. എന്നാൽ, ഇന്ന് ആ പുഴയിലെ വെള്ളം ഒന്നിനും ഉപയോഗിക്കാനാകാത്തവിധമാണെന്നും നാട്ടുകാർ പരിതപിക്കുന്നു.
മുമ്പ് മൈനർ ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ച് മാലിന്യം നീക്കി ‘കൽമാഡി പുഴ’ എന്ന് നാമകരണവും ചെയ്തതാണ്. എന്നാൽ, പിന്നെയും പല സ്ഥാപനങ്ങളിൽനിന്നും പുഴയിലേക്ക് മാലിന്യമൊഴുക്കിവിടുകയായി. അതോടെ വീണ്ടും പുഴ മാലിന്യം നിറഞ്ഞ് ഒഴുകുകയായി.
പുഴയോരത്ത് താമസിക്കുന്നവർ കടുത്ത ആശങ്കയിലാണ് ജീവിക്കുന്നത്. ഈ വെള്ളത്തിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യവും നിറഞ്ഞ് ഒഴുക്ക് നിലച്ചിരിക്കുകയാണ്. മഴക്കാലത്തിനു മുന്നേ ഇത് വൃത്തിയാക്കിയില്ലെങ്കിൽ കൊതുകും മറ്റും മുട്ടയിട്ട് പെരുകി ഇവിടുള്ളവർ രോഗികളാകേണ്ടിവരുമെന്നാണ് പ്രദേശവാസികൾ ഒന്നടങ്കം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.