ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ദീപം തെളിയിക്കുന്നു
കാസർകോട്: ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് പൊതുമരാമത്ത്–ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. കേരളത്തിന്റെ ടൂറിസം മേഖലയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ എണ്ണം വർധിച്ചു. 2025ൽ 2,50,52,366 ആഭ്യന്തര വിനോദസഞ്ചാരികൾ കേരളത്തിലെത്തി.
ഒരു വർഷത്തിനിടെ 28 ലക്ഷത്തിലധികം വിനോദസഞ്ചാരികളുടെ വർധനയാണ് രേഖപ്പെടുത്തിയതെന്നും മൊത്തത്തിൽ വിനോദസഞ്ചാരികളുടെ എണ്ണം 11.30 ശതമാനം വർധിച്ചതായും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകശ്രദ്ധ നേടുന്നതിന്റെ തെളിവാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു.ലോകത്ത് സന്ദർശിക്കേണ്ട 50 പ്രധാന സ്ഥലങ്ങളിൽ ഒന്നായി ന്യൂയോർക് ടൈംസ് കേരളത്തെ തിരഞ്ഞെടുത്തതും ടൈംസ് മാഗസിൻ ലോകത്ത് കണ്ടിരിക്കേണ്ട പ്രധാന ഇടങ്ങളിൽ കേരളത്തെ ഉൾപ്പെടുത്തിയതും ഇതിന് ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപറേഷൻ നടപ്പാക്കുന്ന ആറാമത്തെ റിസോർട്ട് സൈറ്റായ അജാനൂർ പഞ്ചായത്തിലെ 33.18 ഏക്കർ സ്ഥലത്താണ് ബേക്കൽ ടൂറിസം വില്ലേജ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, അമരാവതി ഗ്രൂപ്പ് എം.ഡി സി. ചന്ദ്രശേഖര എന്നിവർ വിശിഷ്ടാതിഥികളായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി, വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, ജില്ല പഞ്ചായത്ത് അംഗം കെ. സബീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് വെള്ളംതട്ട, വാർഡ് അംഗങ്ങളായ ടി.വി. കാവ്യ, കെ. രതീഷ്, ബി.ആർ.ഡി.സി ജനറൽ മാനേജർ കെ.എം. രവീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചിത്താരി, അജാനൂർ വില്ലേജുകളിലായി ടൂറിസം വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് പരിപാടിയിൽ പദ്ധതി പരിഗണിച്ചിരുന്നു. ആദ്യഘട്ടത്തിൽ 200 കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രോജക്ട് കോഓഡിനേറ്റർ സുകന്യ നമ്പ്യാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബി.ആർ.ഡി.സി എം.ഡി പി. ഷിജിൻ സ്വാഗതവും ഡയറക്ടർ ഭരത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.