മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുകയെന്നതിന് പരിശോധന നടത്തുന്ന
എൻഫോഴ്സ്മെന്റ് സ്ക്വാഡ്
കാസർകോട്: ദേശീയ പാതയോരത്ത് സർവിസ് റോഡിന്റെ വശങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടുപിടിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി.
റോഡരികിലെ മാലിന്യങ്ങളിൽ നിന്ന് കണ്ടെത്തിയ വിലാസങ്ങൾ പ്രകാരം മംഗൽപാടി കൈക്കമ്പയിലെ സി.എം. സ്വീറ്റ്സ്, ആർ.എം. സ്വീറ്റ്സ് സ്ഥാപന ഉടമകൾക്കും മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് അടുത്തുള്ള റഷ അഷറഫ് തുടങ്ങിയവർക്ക് 12000 രൂപ പിഴ ചുമത്തി.
വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനായി കാമറ സ്ഥാപിക്കുന്നതിനും തുടർപരിശോധനകൾക്കും ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകി. മഞ്ചേശ്വരത്തുള്ള നവീൻ അപ്പാർട്ട്മെന്റിൽ ജൈവമാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്തതിന് ഉടമയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കി.
ക്വാർട്ടേഴ്സുകളിൽ ജൈവ മാലിന്യ സംസ്കരണ സംവിധാനമില്ലാത്തത് വലിച്ചെറിയലിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനാൽ റിങ് കമ്പോസ്റ്റ് സൗകര്യമോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത ഫ്ലാറ്റ് /ക്വാർട്ടേഴ്സ് ഉടമകൾക്ക് പിഴ ചുമത്തി വരുന്നുണ്ട്. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ കെ.വി. മുഹമ്മദ് മദനി, അസിസ്റ്റന്റ് സെക്രട്ടറി പ്രവീൺ രാജ്, സ്ക്വാഡ് അംഗം ഫാസിൽ ഇ.കെ. എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.