കാസർകോട്: ധർമസ്ഥലയിലെ സ്വകാര്യ പണമിടപാട് ട്രസ്റ്റിന്റെ പേരിൽ നടന്ന വായ്പതട്ടിപ്പ് സംബന്ധിച്ച പരാതിയിൽ അന്വേഷണം എങ്ങുമെത്തിയില്ല. 64 ലക്ഷം ഇടപാടുകാർക്ക് വായ്പ നൽകി വട്ടിപ്പലിശ ഈടാക്കി കടക്കെണിയിൽപെടുത്തിയെന്ന് ഇരകൾ കാസർകോട്ട് വാർത്തസമ്മേളനം നടത്തുകയും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്ത സംഭവത്തിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല.
ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ജില്ല ക്രൈംബ്രാഞ്ചിനോട് പ്രാഥമികാന്വേഷണം നടത്താൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇടപാടിൽ ക്രൈംബ്രാഞ്ചിന് കുറ്റം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. കോടതിയെ സമീപിക്കാൻ പരാതിക്കാരും ഇതുവരെ തയാറായിട്ടില്ല.
ധർമസ്ഥല റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം ബാങ്ക് ബിസിനസ് കറസ്പോണ്ടന്റ് ട്രസ്റ്റാണ് (എസ്.കെ.ഡി.ആർ.പി. ബിസി ട്രസ്റ്റ്) സ്വയംസഹായ സംഘങ്ങൾക്ക് 13 ശതമാനം നിരക്കിൽ വായ്പ നൽകുന്നത്. കർണാടകയിൽ സഞ്ജീവനി പദ്ധതി വഴി സ്ത്രീകൾക്ക് മൂന്നര ശതമാനം പലിശ നിരക്കിൽ നൽകുന്ന വായ്പ തട്ടിയെടുത്താണ് ഭീമമായ പലിശക്ക് സ്വയംസഹായ സംഘങ്ങൾ വഴി അതിലെ അംഗങ്ങൾക്ക് നൽകുന്നത്.
ആഴ്ചയിൽ പത്ത് രൂപ മുതൽ 100 രൂപ വരെ പിരിച്ച് പലരും വാങ്ങിയതിന്റെ എത്രയോ മടങ്ങ് തിരികെ നൽകിയെന്നും ചോദ്യംചെയ്താൽ ഗുണ്ടാസംഘങ്ങൾ വരുമെന്നുമാണ് വാർത്തസമ്മേളനത്തിൽ ആരോപിച്ചത്. ധർമസ്ഥല ക്ഷേത്രം ട്രസ്റ്റ് അധികാരി വീരേന്ദ്ര ഹെഗ്ഡെയുടെ ചിത്രം പതിപ്പിച്ചാണ് പിരിവ്. ഇവരുടെ വായ്പയും പലിശയും താങ്ങാനാവാതെ, നാലുപേർ ആത്മഹത്യചെയ്തിരുന്നെന്നും പരാതിക്കാർ പറഞ്ഞു. പൊലീസിലോ കോടതിയിലോ പരാതിപ്പെടാൻ വാങ്ങുന്ന പണത്തിന്റെ രേഖകളൊന്നും ഇവർക്ക് നൽകുന്നുമില്ല.
രേഖകൾ ചോദിച്ചാൽ ഭീഷണിയാണെന്ന് അന്ന് വാർത്തസമ്മേളനത്തിൽ പുത്തുരിലെ മുൻ പൊലീസ് ഓഫിസർ ഗിരിഷ മണ്ണട്ടവർ പറഞ്ഞിരുന്നു. ഇതിനായി പ്രത്യേക ഗുണ്ടസംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം. ധർമസ്ഥലയിലെ നിഗൂഢമരണങ്ങൾക്ക് പിന്നിൽ ഗുണ്ടാസംഘങ്ങളുണ്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെ, മൈക്രോഫിനാൻസ് ഇടപാടുകളിൽ മതിയായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.