കാസർകോട്: ദേശീയപാതയുടെ പണി പൂർത്തിയാകുന്നവേളയിൽ ബേവിഞ്ച തെക്കിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിൽ. ദേശീയപാതയുടെ തെക്കിൽ പാലം നിർമാണ പ്രവൃത്തിയുടെ ഭാഗമായി ചന്ദ്രഗിരി പുഴയിൽ മണ്ണിട്ട് നികത്തിയ ഭാഗത്തെ അസംസ്കൃത വസ്തുക്കൾ ഇനിയും നീക്കം ചെയ്തില്ലെന്നതാണ് പ്രദേശവാസികളുടെ ആരോപണം.
അസംസ്കൃത വസ്തുക്കളായ ഇരുമ്പുതൂണും കോൺക്രീറ്റും മണ്ണും നിറഞ്ഞ് പുഴ ഇപ്പോൾ ഗതിമാറി ഒഴുകുകയാണ്. നിർമാണം പൂർത്തിയായ വേളയിൽതന്നെ നാട്ടുകാർ അധികൃതരോട് ഇവയെല്ലാം മാറ്റാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്പനി അധികൃതർ മാറ്റാൻ തയാറാകുന്നില്ല. രണ്ടുവർഷമെടുത്ത് നിർമാണം പൂർത്തിയാക്കിയ തെക്കിൽ പാലം പണി ആറുമാസം മുമ്പാണ് പൂർത്തിയായത്. നിർമാണശേഷം കുറച്ച് മണ്ണ് മേഘ കൺസ്ട്രക്ഷൻ കമ്പനി നീക്കിയിരുന്നെന്നും കുറച്ച് ഒഴുകിപ്പോയെന്നും നാട്ടുകാർ പറയുന്നു.
ബേവിഞ്ചയിൽ ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലം നിർമാണ പ്രവൃത്തിക്കായി നികത്തിയ പുഴയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട് തീരത്തെ സ്ഥലമിടിച്ചുകൊണ്ടാണ് ഇപ്പോൾ ഒഴുകുന്നത്. പ്രദേശത്തെ അഞ്ചോളം വീട്ടുകാർ ഇതിൽ ഭീതിയിലാണ് എന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ച് കലക്ടർക്കും സ്ഥലം എം.എൽ.എക്കും മറ്റും പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു. ചെമ്മനാട്-ചെർക്കള പഞ്ചായത്തിന്റെ അതിർത്തി പ്രദേശത്താണ് ഈയൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്.
എന്നാൽ, ഇതുവരെ ഒരു പരാതിയും തങ്ങൾക്ക് ലഭിച്ചില്ലെന്നും പ്രദേശവാസികൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടെങ്കിൽ അത് തീർപ്പാക്കുമെന്നും ബുദ്ധിമുട്ടില്ലാത്തവിധം അവ എത്രയും പെട്ടെന്ന് നീക്കുമെന്നും നിർമാണക്കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.