കാസർകോട്: കടലിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങൾ പിടിക്കരുതെന്നാണ് കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പ് മേധാവികളുടെ നിർദേശം. വലയിൽ കുടുങ്ങിയാൽ പോലും തിരിച്ച് കടലിൽതന്നെ തള്ളണമെന്നാണ് ഉത്തരവ്. എന്നാൽ, കടലിൽ മത്തി കൂടിയതോടെ മത്തിക്കുഞ്ഞുങ്ങൾ യഥേഷ്ടം മാർക്കറ്റുകളിൽ എത്തിത്തുടങ്ങി. കിലോക്ക് 50 രൂപയാണ്.
കടലിലെ അനുകൂല കാലാവസ്ഥയിൽ മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടിയെന്നും അവയുടെ വളർച്ച മുരടിച്ചെന്നുമാണ് കേന്ദ്രപഠനം. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മത്തിക്കുഞ്ഞുങ്ങൾക്ക് വില കുത്തനെ ഇടിഞ്ഞതിന് കാരണവും വലുപ്പമില്ലാത്തതാണ്. വലിയ മത്തികൾക്ക് ഇപ്പോഴും ഡിമാൻഡുണ്ട്. എന്നാൽ, കാലാവസ്ഥവ്യതിയാനം മത്തിയുടെ വളർച്ചയെ വൻതോതിൽ ബാധിച്ചതിനാൽ വലിയ മത്തി കിട്ടാതെയായി. വൻതോതിൽ ലഭിക്കുന്ന മത്തിക്കുഞ്ഞുങ്ങളെ അധികൃതർ അറിയാതെ ജൈവവള നിർമാണത്തിനും മറ്റും ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും നൽകേണ്ടിവരുന്നു.
കേരളതീരത്ത് ഇതിനകം തന്നെ വിവിധ കടൽതീരങ്ങളിൽ മത്തിക്കുഞ്ഞുങ്ങൾ കരക്കടിയുന്ന സ്ഥിതിയുണ്ട്. മത്തിക്കുഞ്ഞുങ്ങളുടെ വളർച്ചക്ക് പ്രാദേശികമായി മത്സ്യബന്ധന നിയന്ത്രണങ്ങളും മറ്റും ഏർപ്പെടുത്തണമെന്നാണ് കേന്ദ്രപഠനത്തിൽ നിർദേശിക്കുന്നത്. മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അനിവാര്യമാണെന്നും പഠനത്തിന് നേതൃത്വം നൽകിയ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനമേധാവി (സി.എം.എഫ്.ആർ.ഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. യു. ഗംഗ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.