സുനിൽ കുമാർ ജെൻവർ
കാസർകോട്: ഡോക്ടറിൽനിന്ന് 2.23 കോടി തട്ടിയ കേസിലെ പ്രതിയെ അഞ്ചുദിവസത്തെ കഠിന ശ്രമത്തിനൊടുവിൽ കാസർകോട് സൈബർ ക്രൈം പൊലീസ് രാജസ്ഥാനിൽനിന്ന് പിടികൂടി. കാസർകോട്ടുള്ള ഡോക്ടറെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ സുനിൽകുമാർ ജെൻവറിനെയാണ് (24) കാസർകോട് സൈബർ ക്രൈം പൊലീസ് രാജസ്ഥാനിലെ ജോധ്പൂരിൽനിന്ന് പിടികൂടിയത്. ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി നേതൃത്വം നൽകിയ അന്വേഷണസംഘത്തിൽ കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസൻ, എ.എസ്.ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാരായണൻ, ദിലീഷ് എന്നിവരാണ് രാജസ്ഥാനിലെത്തി ശാസ്ത്രിനഗർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കേരളത്തിലെത്തിച്ചത്. പ്രതി ബാങ്കിൽ നൽകിയ രാജസ്ഥാനിലെ വിലാസത്തിലെത്തിയപ്പോൾ കുറ്റകൃത്യത്തിനുശേഷം താമസം മാറിയെന്ന് മനസ്സിലാവുകയും കൂടുതൽ അന്വേഷിച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു.
അതേസമയം, വിവരമറിഞ്ഞ് കേരള പൊലീസിനെ തടയാനെത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയിൽനിന്ന് ശാസ്ത്രിനഗർ പൊലീസിന്റെ സഹായത്തോടെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പിന്നീട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് നാട്ടിലേക്ക്കൊണ്ടുവരുകയും ചെയ്തു. 18 ലക്ഷം രൂപയാണ് ഇയാളുടെ അക്കൗണ്ടിലെത്തിയതും ചെക്ക് ഉപയോഗിച്ച് പിൻവലിക്കുകയും ചെയ്തത്. പ്രതികളായവരുടെ അക്കൗണ്ടുകളിൽനിന്ന് ആകെ 13 ലക്ഷത്തോളം രൂപ പിടിച്ചെടുത്ത് കോടതി മുഖാന്തരം പരാതിക്കാരന് തിരികെ വിട്ടുകൊടുത്തിരുന്നു. നേരത്തെ ഈ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ പയ്യന്നൂർ സ്വദേശി എ.ടി. മുഹമ്മദ് നൗഷാദ് (45) കാസർകോട് സൈബർ പൊലീസിന്റെ പിടിയിലാവുകയും റിമാൻഡിലാവുകയും ചെയ്തു. ഈ കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ പറ്റിയുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.