കാഞ്ഞങ്ങാട്: 13കാരൻ ഓടിച്ച സ്കൂട്ടി അപകടത്തിൽപെട്ട സംഭവത്തിൽ ആൾമാറാട്ടം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. വടകര മുക്കിലെ ഹംസയുടെ ഭാര്യ പി. അനീസക്കെതിരെയാണ് (42) ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. 2024 നവംബർ 17ന് രാവിലെ അനീസയുടെ ബന്ധുവായ 13കാരന് സ്കൂട്ടി അപകടത്തിൽ പരിക്കേറ്റതായി കാണിച്ച് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. ഹരജിയിൽ കോടതി നിർദേശപ്രകാരം ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. പുഞ്ചാവിയിലെ ഷംസീർ കുട്ടിയെ പിറകിലിരുത്തി വടകരമുക്ക് ഭാഗത്തുനിന്ന് സദ്ദാംമുക്ക് ഭാഗത്തേക്ക് ഓടിച്ച സ്കൂട്ടി പെട്ടെന്ന് ബ്രേക്കിട്ടതിൽ റോഡിലേക്ക് തെറിച്ചുവീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റെന്ന പരാതിയിലായിരുന്നു കേസ്.
പൊലീസ് ആശുപത്രി രേഖകൾ പരിശോധിക്കുകയും മാതാവിന്റെ മൊഴിയെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തൈക്കടപ്പുറത്ത് താമസിക്കുന്ന യുവതിയുടെ സ്കൂട്ടിയുമായി മകൻ കൂട്ടുകാരനെ കൂട്ടാൻ പോകവെ തൈപ്പള്ളിയിലെ ബീഫാത്തിമയുടെ വീട്ടുമതിലിൽ ഇടിച്ച് ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടിക്ക് അപകട ഇൻഷൂറൻസ് കിട്ടില്ലെന്നതിനാൽ സഹോദരീഭർത്താവ് ഷംസീർ ഓടിച്ചതാണെന്ന് തെറ്റായി കോടതിയെ ബോധിപ്പിച്ചതാണെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.