കാസർകോട്: നാട്ടിലേക്ക് വൻതോതിൽ പണമയച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കാഞ്ഞങ്ങാട് ബല്ല ആലയിൽ പൂടംകല്ലിലെ ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശി അതിയാർ റഹ്മാന്റെ (20) അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കുന്നു. കഴിഞ്ഞാഴ്ചയാണ് കണ്ണൂരിൽനിന്നെത്തിയ ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ എസ്.ഐ കെ.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. അതിയാർ റഹ്മാന്റെ തിരിച്ചറിയൽ കാർഡിൽ പേര് മറ്റൊന്നാണുള്ളത്. ഇത് വ്യാജരേഖയാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്.
ഇപ്പോൾ റിമാൻഡിൽ കഴിയുന്ന റഹ്മാനെ പൊലീസ് കസ്റ്റഡിയിൽ കിട്ടുന്നതിനായി ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി. അജിത് കുമാർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പെയിന്റിങ് ജോലിചെയ്ത് ജീവിക്കുന്ന ഇയാൾക്ക് ഇത്രയും വലിയ തുക അയക്കാൻ എവിടെനിന്നു കിട്ടി എന്നതാണ് അന്വേഷിക്കുന്നത്. ഒപ്പം, ആർക്കാണ് പൈസ അയക്കുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞവർഷം പിടിയിലായ ബംഗ്ലാദേശ് പൗരനായ ഷാബ് ഷെയ്ക്കും താമസിച്ചിരുന്നത് അസം സ്വദേശിയെന്ന് വ്യാജരേഖയുണ്ടാക്കി ക്വാർട്ടേഴ്സ് ഉടമയെ തെറ്റിദ്ധരിപ്പിച്ചാണ്. അതിനിടയിലാണ് കഴിഞ്ഞദിവസം ക്രഷർ മാനേജറെ തോക്കുചൂണ്ടി ചവിട്ടിയിട്ട് 10.20 ലക്ഷം രൂപയുമായി അന്തർസംസ്ഥാന തൊഴിലാളികൾ കടന്നുകളഞ്ഞത്. ഇവരെ മണിക്കുറൂകൾക്കുള്ളിൽ പൊലീസ് പിടികൂടുകയും ചെയ്തു. അന്തർസംസ്ഥാനത്തുനിന്ന് ജില്ലയിലേക്കെത്തുന്നവരുടെ കണക്കൊന്നും ഇപ്പോൾ പൊലീസ് പക്കലില്ല എന്നത് ഗൗരവം വർധിപ്പിക്കുന്നുണ്ട്. അതിൽ ക്രിമിനൽ സ്വഭാവമുള്ളവർ ഏറെയാണെന്നത് ആശങ്കയുളവാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.