ഡി.ജി.പിക്ക് സമർപ്പിച്ച 'ഇതൾ' പദ്ധതിയുടെ പുറംചട്ട
കാസർകോട്: മയക്കുമരുന്നുൾപ്പെടെയുള്ള തിന്മകൾക്കെതിരെ ഹൈസ്കൂളിൽനിന്ന് ആരംഭിക്കുന്ന സ്കൂൾതല ബോധവത്കരണ പരിപാടി പ്രൈമറി ക്ലാസിൽ വിജയിപ്പിച്ച് സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതി ഡി.ജി.പിക്ക് സമർപിച്ച് കാസർകോട് സോഷ്യൽ പൊലിസിങ് വിഭാഗം.
ഹൈസ്കൂളിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ കുട്ടികൾ മയക്കുമരുന്നിനും പീഡനത്തിനും ഇരയാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബോധവത്കരണം അഞ്ചാംക്ലാസു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്. കാസർകോട് ഗവ. യു.പി സ്കൂളിലെ ‘ഇതൾ’ (ഐ.ടി.എ.എൽ-ഇഗ്നൈറ്റിങ് ടാലന്റ് ആൻഡ് ലേണിങ്) 5, 6 ക്ലാസുകളിലെ കുട്ടികളെയാണ് തെരഞ്ഞെടുത്തത്. മാനവിക മൂല്യങ്ങൾ അളക്കുന്ന 20 ചോദ്യങ്ങളുമായി കുട്ടികൾക്ക് പരീക്ഷ നടത്തി.
ഉത്തരമെഴുത്താൻ സാധിക്കാത്ത കുട്ടികളെ തിരഞ്ഞെടുത്തു. പ്രശ്നങ്ങളെ നേരിടാള്ള കഴിവില്ലായ്മ, നാണം, അന്തർമുഖത തുടങ്ങിയ പ്രശ്നങ്ങളാണ് കുട്ടികളിൽ കണ്ടത്. എല്ലാ വെള്ളിയാഴ്ചയും നാലുമുതൽ അഞ്ചുവരെ ക്ലാസുകൾ നൽകി. പാട്ടും കളിയും ചിത്രം വരയും ഒക്കെയുണ്ടാകും. രക്ഷിതാക്കൾക്കും ബോധവത്കരണം നൽകി. ആറുമാസശേഷം അതേചോദ്യങ്ങൾ കുട്ടികൾക്ക് മുന്നിൽ വെച്ചു. അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് കുട്ടികളിൽ ഉണ്ടായതെന്ന് സോഷ്യൽ പൊലിസിങ് വിഭാഗം ഡി.ജി.പിക്ക് നൽകിയ പ്രജക്ടിൽ പറഞ്ഞു.
മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ എന്നിവരുമായി വളർന്ന വൈകാരികബന്ധം ഉത്തരങ്ങളിൽ തെളിഞ്ഞു. പരീക്ഷകളോടും വെല്ലുവിളികളോടും ഭയമില്ലാതായി. ഉത്തരവാദിത്തബോധം പ്രകടമായി. മയക്കുമരുന്നുപോലുള്ള വിപത്തുകളെ എതിർക്കാനുള്ള മാനസികാവസ്ഥ ഉയർന്നു, ആത്മവിശ്വാസം വളർന്നു. പദ്ധതി സംസ്ഥാനതലത്തിൽ പ്രൈമറി ക്ലാസുകളിൽ നടപ്പാക്കിയാൽ സാമൂഹിക തിൻമകളെ പ്രൈമറി ക്ലാസുകളിൽ നിന്നുതന്നെ ചെറുക്കാൻ കുട്ടികൾക്ക് കരുത്ത് നൽകുമെന്ന പ്രതീക്ഷയാണുള്ളത്.
കുട്ടികളെ ഇരകളാക്കുന്നതിനെതിരെയുള്ള എല്ലാതരം ബോവത്കരണവും നിലവിൽ ഹൈസ്കൂൾ ക്ലാസുകളിലാണ് നൽകുക. എന്നാൽ, അത് പ്രൈമറി ക്ലാസുകളിൽ തുടങ്ങിയാൽ കുട്ടികളെ പൂർണമായും രക്ഷപ്പെടുത്താമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
2024 ഡിസംബറിൽ മജിഷ്യൻ ഗോപിനാഥ് മുതുകാടാണ് ഉദ്ഘാടനം ചെയ്തത്. രണ്ടുലക്ഷം രൂപ പദ്ധതി ചെലവാണ് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഈ തുക മൂന്നുലക്ഷമായി നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം വർധിപ്പിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പദ്ധതിയെ കുറിച്ചും അന്വേഷിച്ചു. ഇത്തരം പദ്ധതികൾ കുട്ടികളെ പുതിയ വഴിയിലേക്ക് നയിക്കും. അത് പകർത്താൻ മറ്റു വിദ്യാലയങ്ങളും തയാറാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.