രാ​ജ​പു​രം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന നടത്തുന്നു

കാസർകോട്: സബ് രജസ്ട്രാർ ഓഫിസുകളിലെ സേവനം എങ്ങനെയെന്ന് ആധാരം എഴുത്തുകാരുടെ ഏജന്റുമാർ നിശ്ചയിക്കും. ഇതിനുള്ള പ്രതിഫലം രജിസ്ട്രാർ ഓഫിസ് ജീവനക്കാർക്ക് കൃത്യമായി ലഭിക്കും. വൈകിട്ട് ഒഫീസ് സമയം കഴിഞ്ഞശേഷമാണ് സാമ്പത്തിക ഇടപാടുകൾ. കാസർകോട് സബ് രജിസ്ട്രാർ ഓഫിസിലെ ജീവനക്കാർക്കായി ആധാരം എഴുത്തുകാരുടെ ഏജന്റുമാർ എത്തിച്ച 11,300രൂപയുടെ കൈക്കൂലി വിജിലൻസ് അധികൃതർ കൈയോടെ പിടികൂടി.

കാസർകോട്, രാജപുരം സബ് രജിസ്ട്രാർ ഓഫിസുകളിൽ ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ, ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ച നടക്കേണ്ട രജിസ്ട്രേഷനുകൾക്ക് നൽകേണ്ട കൈക്കൂലിയാണ് പിടിച്ചെടുത്തത്.

ഒരു ദിവസം 40 മുതൽ 60വരെ രജിസ്ട്രേഷനുകളാണ് ഈ ഓഫിസിൽ നടക്കുന്നത്. ഓരോ രജിസ്ട്രേഷനും 1500രൂപ മുതലാണ് കൈക്കൂലി തുടങ്ങുന്നത്. രജിസ്ട്രാർ ഓഫിസിലെ മിക്ക ജീവനക്കാർക്കും കൈക്കൂലിയുടെ വിഹിതം ആധാരം എഴുത്തുകാർ നൽകിയിരിക്കണം.

രജിസ്ട്രേഷന് എത്തുന്നവരിൽനിന്ന് കൈക്കൂലി ഉൾപ്പടെയുള്ള മുഴുവൻ ഫീസും ആധാരം എഴുത്തുകാർ കൈപ്പറ്റും. രജിസ്ട്രേഷൻ ദിവസം ഭൂവുടമയേയും കൊണ്ട് ഓഫിസിലെത്തി എല്ലാ കാര്യങ്ങളും നിർവഹിക്കാൻ ആധാരം എഴുത്തുകാരുടെ ഏജൻറുമാരുണ്ടാകും.

ഇവരുടെ സാന്നിധ്യത്തിലാണ് രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഇതിനുള്ള പ്രതിഫലമായി കാഷ് തലേന്ന് തന്നെ ഉദ്യോഗസ്ഥർക്ക് എത്തിക്കുമെന്ന് വിജിലൻസ് സംഘം പറഞ്ഞു. ജില്ലയിലെ എല്ലാ രജിസ്ട്രാർ ഓഫിസുകളിലും ഏറക്കുറെ ഇതുതന്നെയാണ് അവസ്ഥ. രേഖകളിൽ ഒപ്പിടുന്ന ജോലി വരെ ഏജന്റുമാരെ ഏൽപ്പിക്കുന്ന ജീവനക്കാരുണ്ട്. ഓഫിസിനകത്ത് ഏജന്റുമാർ നിരങ്ങുമ്പോൾ ജോലിഭാരം കുറഞ്ഞ സമാധാനത്തിലാണ് ഉദ്യോഗസ്ഥർ.

നിരവധി ക്രമക്കേടുകളും വിജിലൻസ് സംഘം കണ്ടെത്തി. ഡിവൈ.എസ്.പിക്കു പുറമെ എ.എസ്.ഐ മാരായ വി.എം. മധുസുദനൻ, വി.ടി. സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി. രാജീവൻ, രതീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Tags:    
News Summary - Agents controlling Sub-Registrar Offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.