കാട്ടുപന്നികൾക്കെതിരെ നടപടി ശക്തമാക്കി

കാഞ്ഞങ്ങാട്: ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് നിലവിൽ വന്ന ശേഷം ആറു മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കൊന്നത് 60ലേറെ കാട്ടുപന്നികളെ. നാട്ടുകാരും വനപാലകരും ചേർന്നാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നത്.

കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചിന് കീഴിൽ മാത്രം 32 കാട്ടുപന്നികളെയാണ് വെടിവെച്ചു കൊന്നത്. വനപ്രദേശത്തിനടുത്തുള്ള ഗ്രാമങ്ങളിലും റോഡുകളിലുമിറങ്ങിയാണ് കാട്ടുപന്നികൾ ആളുകളെ ആക്രമിക്കുന്നത്. നിരവധി പേരാണ് പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലുള്ളത്. ഒട്ടേറെ വാഹനങ്ങൾക്കു കേടുപാട് വരുത്തി.

പകലും കാട്ടുപന്നികൾ ഭീഷണിയായതോടെ പരപ്പ ഭാഗങ്ങളിൽ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. അഷറഫ് ഈ ഭാഗത്തേക്ക് മൂന്ന് ഷൂട്ടർമാരെ നിയോഗിച്ചു. കഴിഞ്ഞ ദിവസം ചോയ്യങ്കോടിനു സമീപം വാഹനത്തിനുനേരെ പന്നി ആക്രമണമുണ്ടായി.

കാട്ടുപന്നിയെ പിന്നീട് വനപാലകർ വെടിെവച്ചുകൊന്നു. പെരിങ്കയിൽ രാത്രിയാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. രാത്രി 11ന് ആൽബിൻ ബാബുവിന്റെ വാഹനത്തിന് കുറുകെ ചാടിയ പന്നി പരാക്രമം കാണിക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. വിവരം വനപാലകരെ അറിയിക്കുകയായിരുന്നു.

മരുതോം ഫോറസ്റ്റ് ഓഫിസർ ബി.എസ്. വിനോദ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് പന്നിയെ വെടിവെച്ചു കൊന്നത്. കാട് വെട്ടിത്തെളിക്കുന്നവർക്കുനേരെ പരപ്പയിൽ കഴിഞ്ഞ ദിവസം പന്നിയുടെ ആക്രമണമുണ്ടായിരുന്നു.

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളരിക്കുണ്ടിനു സമീപം പിതാവും മകളും സഞ്ചരിച്ച സ്കൂട്ടറിനു നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത് നാലു ദിവസം മുമ്പാണ്. പരപ്പ ടൗണിൽ ഇടക്കിടെ കാട്ടുപന്നിയിറങ്ങുന്നത് വലിയ ഭീഷണിയുണ്ടാക്കുന്നു.

ഇവിടെ കാട്ടുപന്നി ടൗണിലിറങ്ങി ഓട്ടോറിക്ഷക്ക് നാശനഷ്ടം വരുത്തിയിരുന്നു. കള്ളാർ പുടംങ്കല്ല്, ചുള്ളിക്കര ഭാഗത്തും ഒരു മാസം മുമ്പ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. ബളാലിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾ മരിച്ചത് മാസങ്ങൾക്ക് മുമ്പാണ്. ഉപദ്രവകാരികളായ പന്നിയെ വെടിവെച്ചു കൊല്ലാൻ വനപാലകർ മുന്നോട്ടുവരുന്നത് നാട്ടുകാർക്ക് വലിയ ആശ്വാസമായി.

Tags:    
News Summary - Action against wild boars has been intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT