തിങ്കളാഴ്ച മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്ന എ.ബി.സി കേന്ദ്രം
കാസർകോട്: തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പും ത്രിതല പഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന എ.ബി.സി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇനി മുളിയാറിലും. മുളിയാര്‍ എ.ബി.സി കേന്ദ്രം തിങ്കളാഴ്ച മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
മൃഗക്ഷേമ നിയമങ്ങള്‍ കര്‍ശനമായ പശ്ചാത്തലത്തില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി ശാസ്ത്രീയവും ദയാപരവുമായ മാര്‍ഗമായ വന്ധ്യംകരണം നടത്തുകയും അതിലൂടെ പ്രജനന സാധ്യത ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2016ലാണ് ജില്ലയില്‍ സ്ഥാപന അടിസ്ഥാനത്തില്‍ മൃഗ പ്രജനന നിയന്ത്രണ സംവിധാനങ്ങളായ എ.ബി.സി കേന്ദ്രങ്ങള്‍ നിലവില്‍വന്നത്.
കെട്ടിട നിര്‍മാണത്തിനായി 1.40 കോടി രൂപയും ഉപകരണങ്ങള്‍ക്കായി 10 ലക്ഷം രൂപയും ഉള്‍പ്പെടെ 1.50 കോടി രൂപ ചെലവുവരുന്ന പദ്ധതി ത്രിതല പഞ്ചായത്തുകളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പൂര്‍ത്തീകരിച്ചത്. എല്ലാ സൗകര്യങ്ങളോടുംകൂടി ഏറ്റവും ആധുനികമായ രീതിയില്‍ നൂറ് കൂടുകളോടെ ദിവസേന 20 നായ്ക്കളെ വന്ധ്യംകരണം നടത്താനുതകുന്ന വിധത്തിലാണ് എ.ബി.സി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഇവിടെ വന്ധ്യംകരണത്തിനായുള്ള ശസ്ത്രക്രിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അംഗീകൃത ഏജന്‍സിയായ നെയിന് ഫൗണ്ടേഷനാണ്.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഏജന്‍സി, പഞ്ചായത്ത് മോണിറ്ററിങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പിടിച്ച തെരുവുനായ്ക്കളെ പരിശോധിക്കുക, മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വന്ധ്യംകരണത്തിനായുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കുക എന്നിവയാണ് മുളിയാര്‍ എ.ബി.സി കേന്ദ്രത്തില്‍ നടക്കുന്ന പ്രധാന പ്രവര്‍ത്തനം.
ഇങ്ങനെ ശസ്ത്രക്രിയക്ക് വിധേയമായ തെരുവുനായ്ക്കളെ അഞ്ചുദിവസം കേന്ദ്രത്തിലെ കൂടുകളില്‍തന്നെ പാര്‍പ്പിക്കുകയും ഇക്കാലയളവില്‍ പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് നല്കി അവയെ പിടിച്ച ഇടങ്ങളിലേക്കുതന്നെ തിരിച്ചയക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.