കണ്ണൂർ: അഭിഭാഷക കേസരിമാരും ന്യായാധിപ പണ്ഡിതന്മാരും തമ്മിൽ വാദപ്രതിവാദങ്ങൾ കൊണ്ട് കോൾമയിർകൊണ്ട നൂറ്റാണ്ടിന്റെ പഴക്കമുള്ള കണ്ണൂർ മുൻസിഫ് കോടതി ഓർമയാകുന്നു. ചരിത്രത്തെയും കാലത്തെയും സാക്ഷിയാക്കി കണ്ണൂരിന്റെ നീതിന്യായ സംവിധാനത്തിന്റെ ശ്രീകോവിൽ ബുധനാഴ്ച മുതൽ പൊളിച്ചു നീക്കും. കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി കോടതിക്കായി ഏഴുനിലകളുള്ള കെട്ടിടം പണിയും. ഇതിനായി 40.25 കോടി രൂപ അനുവദിച്ചിരുന്നു.
1907ലാണ് കണ്ണൂരിൽ മുൻസിഫ് കോടതി ആരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് വ്യവഹാരങ്ങൾക്കായി മട്ടന്നൂരിനടുത്ത ചാവശ്ശേരിയിലായിരുന്നു ആദ്യത്തെ മുൻസിഫ് കോടതി. അഞ്ചുവർഷത്തോളമാണ് ഇവിടെ കോടതി പ്രവർത്തിച്ചത്. പിന്നീട് കണ്ണൂരിലേക്കുമാറ്റി. കണ്ണൂരിൽ പതിറ്റാണ്ടുകളോളം മുൻസിഫ് കോടതി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
1962ൽ ഇവിടെ സബ്കോടതിക്കു വേണ്ടിയുള്ള ആവശ്യമുയർന്നിരുന്നു. 2012ലാണ് സബ്കോടതി അനുവദിച്ചത്. നിലവിൽ ഒരു കുടുംബകോടതിയും പോക്സോ കോടതിയും കണ്ണൂരിലുണ്ട്. ഇത് രണ്ടും ജില്ല കോടതികളാണ്. മൂന്ന് മജിസ്ട്രേറ്റ് കോടതികളും രണ്ട് മുൻസിഫ് കോടതികളും ഒരു സബ്കോടതിയുമാണിവിടെയുള്ളത്. പ്രിൻസിപ്പൽ മുൻസിഫ് കോടതിയാണ് 116 വർഷം പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഒട്ടേറെ പ്രഗല്ഭർ കണ്ണൂർ കോടതിയുടെ ചരിത്രത്തിനൊപ്പം ചേർന്നവരാണ്. ഇവിടെ മുൻസിഫുമാരായിരുന്ന നാലുപേർ പിന്നീട് ഹൈകോടതിയിൽ ജസ്റ്റിസുമാരായി.
ഹൈകോടതി ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖും ഡോ. കൗസർ എടപ്പകത്തും കണ്ണൂർ കോടതിയിലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. ഹൈകോടതി ജസ്റ്റിസ്മാരായിരുന്ന മുഹമ്മദ് ഷാഫി സിദ്ദീഖ്, കെ.പി. ബാലനാരായണ മാരാർ എന്നിവരും കണ്ണൂരിലെ മുൻസിഫായിരുന്നു.
അന്തരിച്ച മുസ് ലിം ലീഗ് ദേശീയ നേതാവായിരുന്ന ഇ. അഹമ്മദ് കണ്ണൂർ മുൻസിഫ് കോടതിയിൽ നിന്നായിരുന്നു പ്രാക്ടീസ് ആരംഭിച്ചത്.
പുതിയ കെട്ടിടത്തിൽ ഒന്നാം നിലയിൽ ബാർ അസോസിയേഷനുള്ള സൗകര്യങ്ങളും ക്ലർക്കുമാരുടെ ഓഫിസും പ്രവർത്തിക്കും. രണ്ടുമുതൽ ഏഴുവരെയുള്ള നിലകളിലാണ് കോടതികൾ പ്രവർത്തിക്കുക. നാല് ലിഫ്റ്റുകളും കെട്ടിടത്തിൽ ഒരുക്കും. ചരിത്രത്തിന്റെ തിരുശേഷിപ്പാകാൻ ജീവനക്കാരും അഭിഭാഷകരും ജുഡീഷ്യൽ ഓഫീസർമാരും അവസാനായി കോടതി കെട്ടിടത്തിന്റെ മുന്നിലിരുന്നു. അഞ്ഞൂറോളം പേരാണ് ഓർമകൾ പുതുക്കാൻ ഇന്ന് കണ്ണൂർ മുൻസിഫിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.