പുലരിവെട്ടം വീഴും മുമ്പേ അടുക്കളപ്പണി തീർത്ത്, മുഴുക്കൈയ്യൻ ഷർട്ടും ധരിച്ച് കൈയിലൊരു പൊതിച്ചോറുമായി ഇടവഴികളിലൂടെ നടന്നുനീങ്ങുന്ന തൊഴിലുറപ്പുകാർ മലയാളി പ്രഭാതങ്ങളുടെ അടയാളങ്ങളാണ്. അതിനുമപ്പുറം, ഇന്ത്യയുടെ സാമൂഹിക ഭൂപടത്തിൽ അധ്വാനത്തിന്റെ അന്തസ്സും സ്ത്രീകളുടെയടക്കം സാമ്പത്തിക സ്വാതന്ത്ര്യവും അടിവരയിട്ട ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു മുകളിലും ഇതാ ആ ആയുധം പതിച്ചിരിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) നിർത്തലാക്കി പകരം'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ- ഗ്രാമീൺ (VB-G RAM G)' നിയമം കൊണ്ടുവന്ന കേന്ദ്ര സർക്കാറിന്റെ നീക്കത്തിനു പിന്നിലെന്ത് ?
എട്ടുമണിക്കൂർ നീണ്ട ചർച്ചകൾക്കുശേഷം കഴിഞ്ഞയാഴ്ച പുലർച്ച 1.36ന് ലോക്സഭയിൽ പാസാക്കിയത് തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റവും കേവലം നിയമഭേദഗതിയും മാത്രമായിരുന്നില്ല, ഉപജീവനം മുതൽ ദാരിദ്ര്യനിർമാർജനം വരെ സാധ്യമാക്കിയ സമാനതയില്ലാത്ത ജനകീയ അതിജീവന മാതൃകയുടെ ചരമവിധി കൂടിയാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തും കാര്യക്ഷമവുമായ ദാരിദ്ര്യനിർമാർജന പരിപാടിയായി ലോകബാങ്ക് വിശേഷിപ്പിച്ച പദ്ധതിയുടെ ജീവനാഡി വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നു.
രണ്ട് പതിറ്റാണ്ടായി ഭാരതത്തിലെ ഗ്രാമീണ ജനതയുടെ സാമ്പത്തിക സുരക്ഷയുടെയും അതിജീവനത്തിന്റെയും ആണിക്കല്ലായിരുന്ന 2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ സമഗ്രമായി ഉടച്ചുവാർത്തുള്ള വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) അഥവാ ‘വിബി-ജി റാം ജി’ എന്ന നിയമഭേദഗതിയാണ് വ്യാപക ആശങ്കകൾക്ക് വഴിവെച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ പേരിൽ മുതൽ സാധാരണക്കാരന്റെ ഉപജീവനത്തിൽവരെ കത്തിവെച്ചുവെന്നതാണ് സംഭവിച്ചത്.
ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് 2004 ആഗസ്റ്റ് 23നാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സമഗ്രവും മനോഹരവുമായ നിയമനിർമാണമായ ‘തൊഴിലുറപ്പ്’ പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കിയത്. 2006 ഫെബ്രുവരി രണ്ടിന് ആന്ധ്രപ്രദേശിലെ അനന്തപുരിൽ പ്രധാനമന്ത്രി മൻമോഹൻ സിങ് പദ്ധതി ഉദ്ഘാടനം ചെയ്തു.
അവിദഗ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷം 100 തൊഴിൽദിനങ്ങൾ അനുവദിക്കുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഈ നിയമത്തിന്റെ സങ്കൽപത്തെയും ആത്മാവിനെയും അറുത്തുമാറ്റുന്ന ഭേദഗതി നിയമമാണ് പാസാക്കപ്പെട്ടിരിക്കുന്നത്.
പഴയ നിയമപ്രകാരം, ആവശ്യപ്പെടുന്ന ഏതൊരാൾക്കും ചുരുങ്ങിയത് 100 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുക എന്നത് തൊഴിൽ അവകാശമായിരുന്നെങ്കിൽ, നിയമ ഭേദഗതി പ്രകാരം കേന്ദ്രം നിർദേശിക്കുന്ന ടാർഗറ്റിനും ലേബർ ബജറ്റിനും അനുസൃതമായി തൊഴിൽ നൽകുന്ന രീതിയിലേക്ക് പദ്ധതി പരിമിതപ്പെടും.
അധികമായുള്ള തൊഴിൽ ആവശ്യകതയുയർന്നാൽ അത് നൽകാൻ കേന്ദ്രത്തിന് ബാധ്യതയില്ല. ‘ഡിമാൻഡ് ഡ്രിവൺ സ്കീം’ അഥവാ ആവശ്യാനുസരണം തൊഴിൽ കൊടുക്കുക എന്ന ആശയം തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. മുഴുവൻ തുകയും കേന്ദ്രം വഹിക്കുന്ന ‘കേന്ദ്ര പദ്ധതി’യിൽ (സെൻട്രൽ പ്രോജക്ട്) നിന്ന് ചെലവ് പങ്കിടുന്ന കേന്ദ്രാവിഷ്കൃത (സെൻട്രൽ സ്പോൺസേർഡ്) പദ്ധതിയിലേക്ക് പറിച്ചുനടപ്പെട്ടിരിക്കുന്നു.
പദ്ധതിയുടെ പിതൃത്വത്തെ കുറിച്ച് അവകാശവാദങ്ങൾ പലതെങ്കിലും പിൻവഴികൾ ചെന്നു നിൽക്കുന്നത് മഹാരാഷ്ട്രയിലെ വിത്തൽ സഖാറാം പാഗേ എന്ന ഗാന്ധിയൻ രാഷ്ട്രീയ പ്രവർത്തകനിലാണ്. എ.ഐ.സി.സി അംഗവും ദീർഘകാലം മഹാരാഷ്ട്ര ലെജിസ്ലേറ്റിവ് കൗൺസിൽ ചെയർമാനുമായിരുന്ന പാഗേ, മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് 1964-65 കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ തൊഴിലുറപ്പുപദ്ധതി ആരംഭിച്ചത്.
കടുത്ത വരൾച്ചയിലായിരുന്ന ഗ്രാമീണർക്ക് ഇതേറെ ആശ്വാസകരമായിരുന്നു. 1970 ആയപ്പോഴേക്കും മഹാരാഷ്ട്രയിലെ 11 ജില്ലകളിൽ ‘എംപ്ലോയ്മെന്റ് ഗാരന്റി സ്കീം’ (ഇ.ജി.എസ്) നടപ്പാക്കി. പിന്നീട് സംസ്ഥാനമൊട്ടാകെ പദ്ധതി നടപ്പാക്കാൻ മഹാരാഷ്ട്ര നിയമം പാസാക്കി. ഇതിൽനിന്ന് ഊർജം ഉൾക്കൊണ്ടാണ് 2004ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായി ‘രാജ്യമൊട്ടാകെ തൊഴിലുറപ്പുപദ്ധതി’ വന്നത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി ജയിക്കുകയും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്തതോടെ, തൊഴിലുറപ്പു പദ്ധതി പൊതുമിനിമം പരിപാടിയുടെ ഭാഗമായി നടപ്പാക്കപ്പെട്ടു.
ഭേദഗതി നിയമപ്രകാരം, കേന്ദ്രം മുൻകൂട്ടി നിശ്ചയിക്കുന്ന ബജറ്റ് വിഹിതത്തിന് മുകളിൽ വരുന്ന ഏത് ചെലവും സംസ്ഥാനങ്ങൾ കണ്ടെത്തണം. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തൊഴിലാളികൾ തൊഴിൽ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരായതിനാൽ തൊഴിൽ ‘ആവശ്യം’ എല്ലയ്പ്പോഴും ഉയർന്നതായിരിക്കും. ബജറ്റ് വിഹിതം തീർന്നുകഴിഞ്ഞാൽ തൊഴിലാളികൾക്ക് പണി നൽകാൻ പഞ്ചായത്തുകൾക്ക് കഴിയാതെ വരും, അല്ലെങ്കിൽ സംസ്ഥാനം സ്വന്തം പണം ഉപയോഗിക്കേണ്ടി വരും. ഇത് ഫലത്തിൽ ‘തൊഴിൽ അവകാശം, എന്ന സങ്കൽപത്തെത്തന്നെ ഇല്ലാതാക്കുന്നു.
2022-23, 2023-24, 2024-25 വര്‍ഷങ്ങളില്‍ കേന്ദ്രം ആറ് കോടി തൊഴില്‍ ദിനങ്ങള്‍ വീതമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍, 2022-23, 2023-24, 2024-25 വര്‍ഷങ്ങളില്‍ യഥാക്രമം 9.65, 9.94, 9.07 കോടി തൊഴില്‍ ദിനങ്ങള്‍ വീതമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. അധികം തൊഴിൽ ദിനങ്ങൾ കേന്ദ്രം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, ഇനി ഇപ്രകാരം അധികമായി സൃഷ്ടിക്കുന്ന തൊഴില്‍ ദിനങ്ങളുടെ ബാധ്യത സംസ്ഥാനത്തിനാകും.
നിലവിലെ കണക്കുവെച്ച് ഏതാണ്ട് 1400 കോടി രൂപയുടെ തൊഴിൽ ദിനങ്ങളാണ് കേരളം അധികമായി സൃഷ്ടിച്ചത്. തൊഴില്‍ ആവശ്യപ്പെട്ടെങ്കിലും 15 ദിവസത്തിനകം നല്‍കിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നല്‍കണമെന്ന വ്യവസ്ഥ നിലവിലെ നിയമത്തിലുണ്ട്. മാത്രമല്ല, വേതനം വൈകുന്നതിന് നഷ്ടപരിഹാരവുമുണ്ട്. എന്നാൽ, ഇനി മുതൽ ഇവ പൂർണമായും സംസ്ഥാനം നൽകണമെന്നാണ് പുതിയ നിയമ ഭേദഗതി.
വിതയ്ക്കൽ, കൊയ്ത്ത് തുടങ്ങിയ പ്രധാന കാർഷിക സീസണുകളിൽ 60 ദിവസം വരെ പദ്ധതി നിർത്തിവെക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നതാണ് കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു നിർദേശം. കേരളത്തിലെ കൃഷികൾ ‘സീസണൽ’ എന്നതിലുപരി വർഷം മുഴുവൻ നീണ്ടുനിൽക്കുന്നതാണ്. കൂടാതെ, കേരളത്തിലെ ഗ്രാമീണ തൊഴിലാളികളിൽ ഭൂരിഭാഗവും സ്വന്തമായി ഭൂമിയില്ലാത്തവരോ നാമമാത്ര ഭൂമിയുള്ളവരോ ആണ്.
അവർക്ക് കാർഷിക സീസണിൽ മാത്രം ജോലി കിട്ടുമെന്ന് ഒരുറപ്പുമില്ല. ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ ഉപജീവനത്തിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കേരളത്തിലെ ശരാശരി കാർഷിക വേതനം (പുരുഷൻ) 764 രൂപയാണ്. കേരളത്തിലെ തൊഴിലുറപ്പ് വേതനം 369 രൂപയാണ്. ഇന്ത്യയിലെ ശരാശരി കാർഷിക വേതനം 345 രൂപയും.
കേരളത്തിലെ ഉയർന്ന ജീവിതച്ചെലവ് പരിഗണിക്കുമ്പോൾ തൊഴിലുറപ്പ് വേതനം തന്നെ കുറവാണ്. ഈ സാഹചര്യത്തിൽ 60 ദിവസത്തോളം പദ്ധതി നിർത്തിവെക്കുന്നത് ദരിദ്ര കുടുംബങ്ങളെ പട്ടിണിയിലേക്ക് നയിക്കും. കേരളത്തിന് പുറത്താകട്ടെ, ഏറ്റവും അനിവാര്യമായ സമയത്തുള്ള ഈ തൊഴിൽ നിഷേധം തൊഴിലാളികളെ വീണ്ടും ഭൂവുടമകളുടെ ആശ്രിതരാക്കി മാറ്റും.
സംസ്ഥാനത്തിനുള്ള തൊഴിലുറപ്പ് വിഹിതത്തിൽ കടുംവെട്ടാണ് കേന്ദ്രം കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നടത്തിയത്. 2022-23 സാമ്പത്തിക വർഷം 3854.68 കോടിയായിരുന്നു കേന്ദ്രത്തിന്റെ വിഹിതമെങ്കിൽ 2025-26ൽ ഇത് 2928.-34 കോടിയായി കുറഞ്ഞു. സാധന-വിദഗ്ധ കൂലി ഒഴിവാക്കിയുള്ള കണക്കാണിത്. മാത്രമല്ല തൊഴിൽ ദിനങ്ങളിലും വെട്ടിക്കുറവ് വരുത്തി.
2022-23 3854.-68 കോടി 9.-65 കോടി
2023-24 3221.-13 കോടി 9.-94 കോടി
2024-25 3212.-06 കോടി 9.-07 കോടി
2025-26 2928.-34 കോടി 5 കോടി
● ആകെ രജിസ്ട്രേഷൻ: 40.42 ലക്ഷം കുടുംബങ്ങളിലായി 59.4 ലക്ഷം തൊഴിലാളികൾ
● സജീവ തൊഴിലാളികൾ: 19 ലക്ഷം കുടുംബങ്ങളിലായി 22.61 ലക്ഷം പേർ
● 2024-25 വർഷം പങ്കാളികളായവർ: 13.72 ലക്ഷം കുടുംബങ്ങൾ.
● 2024-25 വർഷം നൽകിയത്: 9.07 കോടി തൊഴിൽദിനങ്ങൾ
● 2024-25 വർഷം തൊഴിൽ കൂലി ഇനത്തിൽ ചെലവഴിച്ചത്: 3107.914 കോടി രൂപ.
● സാധന-വിദഗ്ധ കൂലി ഇനത്തിൽ: 713.05 കോടി
● 2025-26 വർഷം ജോലിചെയ്തത്: 11.87 ലക്ഷം കുടുംബങ്ങള്‍
● 2025-26 വർഷം സൃഷ്ടിച്ചത്: 5.52 കോടി തൊഴില്‍ ദിനങ്ങള്‍.
100 ദിവസം തൊഴില്‍ നല്കിയ കുടുംബങ്ങളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. പട്ടികജാതി- പട്ടികവർഗ കുടുംബങ്ങൾക്ക് നൽകുന്ന ശരാശരി തൊഴിൽദിനങ്ങളുടെ കാര്യത്തിലും പട്ടികജാതി-പട്ടികവർഗ കുടുംബങ്ങൾക്ക് 100 തൊഴിൽദിനങ്ങൾ നൽകുന്നതിലും കുടുംബങ്ങൾക്ക് ഏറ്റവും കൂടുതല്‍ ശരാശരി തൊഴില്‍ ദിനം നല്‍കുന്നതിലും സംസ്ഥാനം ആദ്യ സ്ഥാനങ്ങളിലാണ്.
സാമ്പത്തികമായി സംസ്ഥാനത്തിന് അധികബാധ്യത എന്നത് മാത്രമല്ല തൊഴിൽ ദിനങ്ങൾ മുതൽ ഫണ്ട് വരെ വെട്ടിക്കുറക്കപ്പെടുമെന്നതാണ് പ്രധാന വെല്ലുവിളി. കൂലി കൊടുക്കാതെയും വൻ തോതിൽ കുടിശ്ശിക വരുത്തിയും തൊഴിൽദിനം വെട്ടിക്കുറച്ചുമെല്ലാം പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമങ്ങളായിരുന്നു 10 വർഷമായി തുടർന്നതെങ്കിൽ പദ്ധതിയെ തന്നെ അട്ടിമറിക്കലാണ് കഴിഞ്ഞാഴ്ച പാസാക്കിയ ഭേദഗതി നിയമത്തിന്റെ അന്തസ്സത്ത.
-തൊഴിലുറപ്പ് പദ്ധതി ആശയങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതും തൊഴിൽ നൽകുകയെന്ന ചുമതലയിൽ നിന്ന് കേന്ദ്രം പൂർണമായും പിൻവാങ്ങുന്നതുമാണ് ഭേദഗതി.
-പുതിയ ബില്ലിലെ ഏറ്റവും അപകടകരമായ വ്യവസ്ഥ അതിന്റെ ധനസഹായ രീതിയിലുള്ള മാറ്റമാണ്. നിലവിൽ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം 100 ശതമാനവും കേന്ദ്ര സർക്കാറാണ് നൽകുന്നത്. ഭേദഗതി പ്രകാരം വേതനത്തിന്റെയും മെറ്റീരിയൽ ചെലവിന്റെയും 40 ശതമാനം സംസ്ഥാനം കണ്ടെത്തണം. ഇതു വഴി സംസ്ഥാനത്തിന് പ്രതിവർഷം 1,600 -2,000 കോടി രൂപ വരെ അധിക ബാധ്യതയുണ്ടാകും.
കഴിഞ്ഞ വർഷം തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം നൽകിയത് 4838 കോടി രൂപയാണ്. 40 ശതമാനം വിഹിതം സംസ്ഥാനത്തിനുമേൽ കെട്ടിയേൽപിക്കുമ്പോഴും വ്യവസ്ഥകളും മാനദണ്ഡങ്ങളും തീരുമാനിക്കുന്നതിൽ സംസ്ഥാനത്തിന് ഒരു പരിഗണനയും നൽകുന്നുമില്ല.
കേരളത്തെ സംബന്ധിച്ച്, കുടുംബശ്രീ പ്രസ്ഥാനത്തിന് പിന്നാലെ ഗ്രാമീണ സ്ത്രീസമൂഹത്തിന് സ്വാശ്രയത്വവും ആത്മവിശ്വാസവും ഉറപ്പുനൽകിയ പദ്ധതിയായിരുന്നു തൊഴിലുറപ്പ്. പുരുഷന്മാരും പദ്ധതിയിൽ അംഗങ്ങളാണെങ്കിലും ഫലത്തിൽ ‘തൊഴിലുറപ്പ് പെണ്ണുങ്ങൾ’ എന്ന പ്രയോഗം പോലെ സ്ത്രീ ശാക്തീകരണ പദ്ധതിയായാണ് തൊഴിലുറപ്പ് പ്രാവർത്തികമാക്കപ്പെട്ടത്. പുലരിവെട്ടം വീഴുന്നതിന് മുമ്പേ അടുക്കളപ്പണി തീർത്ത്, മുഴുക്കൈയ്യൻ ഷർട്ടും ധരിച്ച് കൈയിലൊരു പൊതിച്ചോറും തൂക്കി ഇടവഴികളിലൂടെ നടന്നുനീങ്ങുന്ന തൊഴിലുറപ്പുകാർ മലയാളി പ്രഭാതങ്ങളുടെ അടയാളങ്ങളാണ്.
ഇടവഴികളിലെ കല്ലുപാകിയ വശങ്ങളിലും തെളിനീരൊഴുകുന്ന തോടുകളിലും പച്ചപ്പണിഞ്ഞ തരിശുപാടങ്ങളിലുമെല്ലാം അയൽക്കൂട്ടങ്ങളിൽ നിന്നും തൊഴിലിടങ്ങളിലേക്ക് പടർന്ന ഈ പെണ്ണൊരുമയുടെ അടയാളങ്ങളുണ്ടായിരുന്നു. വീട്ടുപടിക്കൽ ഒതുങ്ങിപ്പോകുമായിരുന്ന ആയിരക്കണക്കിന് സ്വപ്നങ്ങൾക്ക് ചിറകുനൽകിയത് തൊഴിലുറപ്പായിരുന്നു.
കേരളത്തിന്റെ സാമൂഹിക ഭൂപടത്തിൽ അധ്വാനത്തിന്റെ അന്തസ്സും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും അടിവരയിട്ട പദ്ധതി ഗ്രാമീണ ജീവിതത്തിന്റെ നട്ടെല്ല് കൂടിയായി. പദ്ധതി കേരളത്തിൽ ആരംഭിച്ചത് 2006 ലാണ്. പാലക്കാട്, വയനാട് ജില്ലകളിൽ തുടക്കമിട്ട പദ്ധതി 2008ൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
സുതാര്യതയുടെ പേരിൽ നടപ്പിലാക്കുന്ന സാങ്കേതിക പരിഷ്കാരങ്ങൾ സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ കടമ്പയാകും. ജോലി സ്ഥലത്തുനിന്ന് സ്മാർട്ട്ഫോൺ വഴി രണ്ടുതവണ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ കേരളത്തിലെ മലയോര മേഖലകളിലും തീരദേശങ്ങളിലും നെറ്റ്വർക്ക് പ്രശ്നങ്ങൾ കാരണം നടപ്പിലാക്കാൻ പ്രയാസമാണ്.
ഫോട്ടോ അപ്ലോഡ് ചെയ്തില്ലെങ്കിൽ പണിയെടുത്താലും ആ ദിവസത്തെ കൂലി നഷ്ടപ്പെടും. ആധാർ കാർഡും തൊഴിൽ കാർഡും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കുന്നതിലെ ചെറിയ തെറ്റുകൾ പോലും തൊഴിലാളികൾക്ക് വേതനം നിഷേധിക്കപ്പെടാൻ കാരണമാകും.
ആധാർ അധിഷ്ഠിത വേതന വിതരണ സംവിധാനം (എ.ബി.പി.എസ്) നിർബന്ധമാക്കിയതോടെ രാജ്യത്താകെ 6.73 കോടി തൊഴിലാളികളാണ് പദ്ധതിക്ക് പുറത്തായത്. മൊത്തം തൊഴിലാളികളുടെ 27.4 ശതമാനം വരുമിത്. 2025 ഒക്ടോബർ മുതൽ നവംബർ വരെ ഒരു മാസത്തിനിടയിൽ മാത്രം രാജ്യത്താകെ 27 ലക്ഷം തൊഴിലാളികളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതിൽ വലിയൊരു പങ്കും അർഹരായ തൊഴിലാളികളായിരുന്നു.
പ്രായമായ തൊഴിലാളികളുടെയും കഠിനമായ ശാരീരിക അധ്വാനം ചെയ്യുന്നവരുടെയും വിരലടയാളം പലപ്പോഴും ബയോമെട്രിക് മെഷീനുകൾ തിരിച്ചറിയാറില്ല. തിമിരം ബാധിച്ചവരുടെ ഐറിസ് സ്കാനിങ്ങും പരാജയപ്പെടാറുണ്ട്. സാങ്കേതിക വിദ്യപോരായ്മകൾ തൊഴിൽ നിഷേധമായി മാറുന്നു.
തൊഴിൽ ദിനങ്ങൾ 100ൽനിന്ന് 125 ആക്കി ഉയർത്തുമെന്ന് ഭേദഗതികളിൽ നിർദേശിക്കുന്നുണ്ടെങ്കിലും ഇതിനും കർശന ഉപാധികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്യുന്ന ഗ്രാമീണ മേഖലകളിൽ 125 ദിവസത്തെ തൊഴിൽ നൽകും എന്നാണ് സെക്ഷൻ 5(1) പറയുന്നത്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നോട്ടിഫൈ ചെയ്യപ്പെടണമെന്നില്ല.
ഏതൊക്ക പഞ്ചായത്തില്‍ പണിവേണം എന്നത് കേന്ദ്രം തീരുമാനിക്കും. കേന്ദ്രത്തിന് പൂർണ അധികാരം നൽകുന്ന ഇക്കാര്യത്തിൽ ദുരുപയോഗ സാധ്യതയും ഏറെയാണ്. ഭേദഗതി നിയമപ്രകാരം ഗ്രാമ പഞ്ചായത്തുകളെ എ,ബി,സി എന്നിങ്ങനെ തരംതിരിക്കുമെന്നതാണ് മറ്റൊരു നിർദേശം. ഇതിന് അനുസൃതമായാകും തൊഴിൽ ദിനങ്ങൾ നിർണയിക്കുക.
കേരളത്തിലെ തൊഴിലാളികളിൽ 28.47 ശതമാനവും 61-80 കാരാണ്. ദേശീയ തലത്തിൽ 12.1 ശതമാനവും. കഠിനമായ ശാരീരിക അധ്വാനം വേണ്ട ജോലികൾക്കാണ് പുതിയ നിയമം പ്രധാനമായും ഊന്നൽ നൽകുന്നത്. ഇതാകട്ടെ പ്രായമായ തൊഴിലാളികളെയും സ്ത്രീകളെയും പദ്ധതിയിൽനിന്ന് പുറത്താക്കാനുള്ള പരോക്ഷമായ നീക്കമായി വിമർശനവുമുണ്ട്.
തൊഴിലുറപ്പ് ഭേദഗതി നിയമത്തിൽ തൊഴിലാളികളുടെ വേതനം തടയുന്നതിനും വ്യവസ്ഥകളിൽ ദുരുപയോഗത്തിനുമുള്ള സാധ്യതകൾ നിരവധിയാണ്. പുതിയ നിയമ ഭേദഗതിയിലെ സെക്ഷന്‍ 29 (2) പ്രകാരം പദ്ധതി നിര്‍വഹണത്തെ സംബന്ധിക്കുന്ന പരാതികളില്‍ പ്രാഥമികമായി വീഴ്ചകള്‍ കണ്ടെത്തിയാൽ പോലും ഫണ്ട് തടയാമെന്നാണ് വ്യവസ്ഥ.
പ്രാഥമിക വീഴ്ച എന്നത് നിർവചിച്ചിട്ടില്ലാത്തതിനാൽ വ്യവസ്ഥ എങ്ങനെ ഉപയോഗിക്കുമെന്നതും ആശങ്കയാണ്. നിലവിലെ നിയമത്തില്‍ തൊഴിലാളികളുടെ വേതന വിതരണത്തിനാണ് ആദ്യ പരിഗണന. പരാതികളുണ്ടെങ്കിൽ നടപടി പിന്നീടാണ്. ഫലത്തിൽ ചെയ്ത ജോലിക്ക് കൂലി മുടങ്ങില്ല. അതേസമയം പുതിയ വ്യവസ്ഥ കേന്ദ്ര സര്‍ക്കാറിന് ദുരുപയോഗം ചെയ്യാൻ കഴിയുന്നതാണ്.
കേന്ദ്ര ഇടപെടലുകൾക്കുള്ള കൃത്യമായ സൂചനയും ഭേദഗതി നിയമത്തിലുണ്ട്. നിലവിൽ സംസ്ഥാന തലത്തില്‍ പദ്ധതി ഏകോപിപ്പിക്കുന്നത് സംസ്ഥാന തൊഴിലുറപ്പ് കൗൺസിലാണ്. എന്നാല്‍, പുതിയ നിയമത്തില്‍ ഈ കൗൺസിലിന് മുകളിൽ സ്റ്റേറ്റ് ലെവല്‍ സ്റ്റിയറിങ് കമ്മിറ്റി വരും. മാത്രമല്ല, ഈ കമ്മിറ്റിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി കൂടി ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.