സുഹാനെവിടെ? സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങിയ ആറ് വയസുകാരനുവേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരനായ സുഹാന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ സഹോദരനോട് പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയ സുഹാനുവേണ്ടി അഗ്നി രക്ഷാ സേനയാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ നടത്തിയ തെരച്ചിലിനിടെക്ക് ഡോഗ് സ്‌ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചാണ് തെരച്ചില്‍.

മൊബൈൽ ടവർ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് അച്ഛൻ അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു. എരുമങ്ങോട് പ്രദേശത്തുള്ള കുളങ്ങളില്‍ പരിശോധന നടത്താനാണ് തീരുമാനം. ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഏഴ് മണിയോടെ അഗ്നിരക്ഷാസേനയുടെ തെരച്ചില്‍ പുനരാരംഭിക്കും. ചിറ്റൂര്‍ മേഖലയില്‍ പൊലീസിന്റെ അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച സുഹാൻ വീട്ടിലെത്തി സഹോദരനൊപ്പം ടി.വി കാണുന്നതിനിടെയാണ് പിണങ്ങിയത്. അതിനുശേഷം സുഹാൻ വീട് വിട്ടിറങ്ങുകയായിരുന്നു. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാന്‍റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി. ഒരു വിവരവും ലഭിക്കാതായതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സുഹാന്‍ പോകാന്‍ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂള്‍ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നലെ പൊലീസും ഡോഗ് സ്‌ക്വാഡും അഗ്നിരക്ഷാസേനയും പരിശോധിച്ചെങ്കിലും വിവരം ലഭിച്ചിട്ടില്ല. മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരോടും വ്യാപാരികളോടുമെല്ലാം പൊലീസ് സുഹാനെ കുറിച്ച് അന്വേഷിച്ചിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. സുഹാന് വേണ്ടി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്.

ചിറ്റൂര്‍ കറുകമണി, എരുംങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനാണ് സുഹാന്‍. സുഹാന്‍റെ മാതാവ് നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ സ്കൂളിലായിരുന്നു.

Tags:    
News Summary - Where is Suhan? Search resumes for six-year-old who ran away from home after falling out with brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.